'മഹാവീര്യര്‍ പുതിയ ഉദാഹരണം'; എന്‍ എസ് മാധവന്‍ പറയുന്നു
സ്വാമി അപൂര്‍ണാനന്ദന്‍ എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിച്ചിരിക്കുന്നത്
വിഷയ സ്വീകരണത്തിലും അവതരണത്തിലും സമീപകാല മലയാള സിനിമയില്‍ ഏറെ വൈവിധ്യം പുലര്‍ത്തി എത്തിയ ചിത്രമാണ് മഹാവീര്യര്‍ (Mahaveeryar). പല കാലങ്ങളെ സംയോജിപ്പിച്ച് കഥ പറഞ്ഞിരിക്കുന്ന ചിത്രം നിരവധി വ്യാഖ്യാന സാധ്യതകളും മുന്നോട്ട് വെക്കുന്നുണ്ട്. നിവിന്‍ പോളിയുടെയും (Nivin Pauly) ആസിഫ് അലിയുടെയുമൊക്കെ കരിയറുകളില്‍ ഇത്രയും വൈവിധ്യമുള്ള കഥാപാത്രങ്ങള്‍ വേറെ ഉണ്ടാവില്ല. ഇപ്പോഴിതാ ചിത്രം കണ്ട അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍ (NS Madhavan).
സാഹിത്യകൃതി സിനിമയാവുന്നത് ഒരുകാലത്ത് മലയാളത്തില്‍ സാധാരണമായിരുന്നെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും മാധവന്‍ പറയുന്നു- സാഹിത്യത്തിനും സിനിമയ്ക്കും ഇടയില്‍ ഉണ്ടാവുന്ന പരപരാഗണം മലയാളത്തില്‍ ഒരുപാട് കാലം നടന്നിരുന്ന കാര്യമാണ്. പക്ഷേ അത് ഏറെക്കാലമായി നടന്നിരുന്നില്ല. എം മുകുന്ദന്‍റെ കഥ സിനിമാരൂപത്തിലാക്കി മഹാവീര്യര്‍ അത് വീണ്ടും സാധ്യമാക്കിയിരിക്കുന്നു. ഈ ചിത്രം കാണുക (ഇപ്പോള്‍ തിയറ്ററുകളില്‍). രസമുള്ളതും വിചിത്ര സ്വഭാവിയുമാണ് ഈ ചിത്രം. ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതും, മാധവന്‍ ട്വീറ്റ് ചെയ്‍തു.
പോളി ജൂനിയർ പിക്ചർസ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മറ്റു വേഷങ്ങളിലെത്തുന്നു.
ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ഈ ചിത്രം നർമ്മ, വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിട്ടുള്ള ഒന്നാണെന്ന് അണിയറക്കാര്‍ അറിയിക്കുന്നു. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. എഡിറ്റിംഗ് മനോജ്, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.