'അമ്മയില്‍ ആണാധിപത്യമില്ല'; ഡബ്ല്യുസിസിയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലെന്നും അന്‍സിബ ഹസന്‍
റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍
റിയാദ്: താരസംഘടനയായ അമ്മയില്‍ ആണാധിപത്യമില്ലെന്ന് ചലച്ചിത്ര താരം അന്‍സിബ ഹസന്‍. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയില്‍ അംഗമാവാന്‍ തനിക്ക് തോന്നിയിട്ടില്ലെന്നും അന്‍സിബ പറഞ്ഞു. റിയാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. സൗദി കലാസംഘം സംഘടിപ്പിക്കുന്ന എസ് കെ എസ് റിയാദ് ബീറ്റ്‌സ് 2022 കലോത്സവത്തിൽ പങ്കെടുക്കാൻ റിയാദിലെത്തിയതായിരുന്നു അൻസിബ.
അമ്മയിൽ ആൺ- പെൺ വ്യത്യാസമില്ല. ജനാധിപത്യ മാർഗത്തിലാണ് തെരഞ്ഞെടുപ്പ് ഉൾപ്പടെ എല്ലാ കാര്യങ്ങളും സംഘടനയില്‍ നടക്കുന്നത്. ആൺകോയ്മ ഇല്ലാത്തത് കൊണ്ടാണല്ലോ ശ്വേതാ മേനോൻ വൈസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ ലോകത്താകെ അതല്ല സ്ഥിതി. ഒരു ആണാധിപത്യ മനോഭാവം പരക്കെയുണ്ട്. അതിനിയും ഇല്ലാതായിട്ടില്ല. ഹെൻറിക് ഇബ്സന്റെ ‘എ ഡോൾസ് ഹൗസ്’ എന്ന നാടകത്തിലെ പ്രധാന കഥാപാത്രമായ നോറ ആണാധിപത്യത്തിന്റെ ഇരയാണ്. ആ നാടകം എത്രയോ കാലം മുമ്പ് രചിക്കപ്പെട്ടതാണ്, അന്‍സിബ പറഞ്ഞു.
ALSO READ : 'ടെയ്‍ലര്‍ ബഷീര്‍' ആയി ലാല്‍; മകള്‍ 'ആമിറ'യായി അനഘ; 'ഡിയര്‍ വാപ്പി' തുടങ്ങി
ഡബ്യുസിസിയില്‍ ഞാന്‍ അംഗമല്ല. എന്നെ അങ്ങോട്ട് ക്ഷണിച്ചിട്ടില്ല. പോകണമെന്ന് എനിക്ക് തോന്നിയിട്ടുമില്ല, അന്‍സിബ പറഞ്ഞു. അമ്മ വര്‍ക്കിംഗ് കമ്മിറ്റി അംഗം കൂടിയാണ് അന്‍സിബ ഹസന്‍. ആദ്യമായാണ് താന്‍ സൌദി അറേബ്യയിലേക്ക് വരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇന്നത്തെ ചിന്താവിഷയം എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലെ ഒരു ചെറു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് സിനിമാരംഗത്ത് അരങ്ങേറിയ ആളാണ് അന്‍സിബ. സിരിത്താല്‍ രസിപ്പേന്‍ എന്ന ചിത്രത്തിലൂടെ അടുത്ത വര്‍ഷം തമിഴ് സിനിമയിലും അരങ്ങേറി. തുടര്‍ന്ന് ഒരു പിടി തമിഴ് ചിത്രങ്ങള്‍ക്കു ശേഷം 2013 ല്‍ റിലീസ് ചെയ്യപ്പെട്ട ജീത്തു ജോസഫ്- മോഹന്‍ലാല്‍ ചിത്രം ദൃശ്യമാണ് അന്‍സിബയ്ക്ക് കരിയര്‍ ബ്രേക്ക് നല്‍കിയത്. മലയാളത്തിലെ എക്കാലത്തെയും ജനപ്രിയ ചിത്രത്തിലെ ഏറെ പ്രാധാന്യമുള്ള കഥാപാത്രത്തിന്‍റെ പേരില്‍ സിനിമാപ്രേമികള്‍ക്കു മുഴുവന്‍ അന്‍സിബ പ്രിയങ്കരിയായി. മമ്മൂട്ടി നായകനായ സിബിഐ 5 ആണ് അന്‍സിബയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.