ദ കേരള സ്റ്റോറി റൈറ്റ്സ് വാങ്ങാന്‍ ആളില്ല; പിന്നില്‍ സംഘടിത നീക്കമെന്ന് സംവിധായകന്‍
"മികച്ച ഒരു ഓഫറും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങളെ സിനിമ ലോകം ഒത്തുചേര്‍ന്ന് ശിക്ഷിക്കുകയാണോ എന്നും സംശയമുണ്ട്"
മുംബൈ: വന്‍ വിവാദങ്ങള്‍ അഴിച്ചുവിട്ട ചിത്രമായിരുന്നു ദ കേരള സ്റ്റോറി. എന്നാല്‍ ചിത്രം ബോക്സോഫീസില്‍ മികച്ച കളക്ഷന്‍ നേടിയാണ് അതിന്‍റെ തീയറ്റര്‍ റണ്ണിംഗ് അവസാനിപ്പിച്ചത്. ചിത്രം ഒടിടി റിലീസിന് തയ്യാറാകുന്നു എന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു. എന്നാല്‍ ബോളിവുഡ് ഹംഗാമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം വാങ്ങാന്‍ ഇതുവരെ ഒരു ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമും തയ്യാറായില്ലെന്നാണ് പറയുന്നത്.
എന്നാല്‍ ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതാണ് ദ കേരള സ്റ്റോറി ഒടിടി റിലീസ് വൈകാന്‍ കാരണമെന്നാണ് ചിത്രത്തിന്‍റെ സംവിധായകന്‍ സുദീപ്തോ സെന്‍ പറയുന്നത്. "കേരള സ്റ്റോറിക്ക് ഒരു ഒടിടി പ്ലാറ്റ്‌ഫോമിൽ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫർ ലഭിച്ചിട്ടില്ല" എന്നാണ് സംവിധായകന്‍ ബോളിവുഡ് ഹംഗാമയോട് പ്രതികരിച്ചത്.
എന്നാല്‍ നേരത്തെ സീ5 ചിത്രത്തിന്‍റെ അവകാശം വാങ്ങിയെന്നും ചിത്രം ഉടന്‍ സ്ട്രീം ചെയ്യും എന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ സംവിധായകന്‍ സുദീപ്തോ സെന്‍ അതിനോടും പ്രതികരിച്ചു. "ഇല്ല. അത് വ്യാജ വാർത്തയാണ്. ഏതെങ്കിലും പ്രധാന ഒടിടി പ്ലാറ്റ്‌ഫോമുകളിൽ മികച്ചൊരു ഡീലിനായി ഞങ്ങൾ ഇപ്പോഴും കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ, മികച്ച ഒരു ഓഫറും ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഞങ്ങളെ സിനിമ ലോകം ഒത്തുചേര്‍ന്ന് ശിക്ഷിക്കുകയാണോ എന്നും സംശയമുണ്ട്" -സുദീപ്തോ സെന്‍ പറഞ്ഞു.
“ഞങ്ങളുടെ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയിട്ടുണ്ട്. ഞങ്ങളുടെ വിജയത്തിന് ഞങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി ഞങ്ങൾക്ക് സംശയമുണ്ട്" -സുദീപ്തോ സെന്‍ കൂട്ടിച്ചേര്‍ത്തു. വലിയൊരു ഒടിടി പ്ലാറ്റ്ഫോമിനെ സമീപിച്ച് എന്തുകൊണ്ടാണ് ഈ ചിത്രം ഒടിടി റിലീസിന് എടുക്കാത്തത് എന്ന് ചോദിച്ചെന്നും. രാഷ്ട്രീയമായി ഒരു വിവാദത്തിന് താല്‍പ്പര്യമില്ലെന്നാണ് അവര്‍ പറഞ്ഞതെന്നും സുദീപ്തോ സെന്‍ പറയുന്നു.
അതേ സമയം ഇത് സംബന്ധിച്ച് സിനിമ വൃത്തങ്ങളുടെ പ്രതികരണവും ബോളിവുഡ് ഹംഗാമ തേടിയിരുന്നു. അവരുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം. കേരള സ്റ്റോറി ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാല്‍ ഈ സിനിമയുടെ വിഷയം വലിയ വിവാദമുണ്ടാക്കിയതാണ്. ഈ വസ്തുത കണക്കിലെടുത്ത് പ്രധാന ഒടിടിക്കാര്‍ സിനിമ ഏറ്റെടുക്കാൻ മടിക്കുന്നത്. കേരള സ്റ്റോറി ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന വാദമാണ് ഒടിടി ഭീമന്മാരെ ചിത്രം ഏറ്റെടുക്കുന്നതില്‍ പിന്നോട്ട് വലിക്കുന്നത് എന്നാണ് സിനിമ വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നത്.