റോഡിലെ കുഴി വിവാദമൊന്നും ബാധിച്ചില്ല, അവാർഡുകൾ വാരിക്കൂട്ടി 'ന്നാ താൻ കേസ് കൊട്', മൊത്തം 7 പുരസ്‍കാരങ്ങള്‍
മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ചാക്കോ ബോബന് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമശം ചിത്രം നേടിക്കൊടുത്തു
തിരുവനന്തപുരം: 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനം പൂർത്തിയാകുമ്പോൾ പുരസ്കാര നേട്ടത്തിൽ 'ന്നാ താൻ കേസ് കൊട്' സിനിമയാണ് ഏറ്റവും തിളങ്ങി നിൽക്കുന്നത്. അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമശവും ജനപ്രീയ ചിത്രവുമടക്കം 7പുരസ്കാരങ്ങളാണ് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രം വാരിക്കൂട്ടിയത്. ചിത്രം പുറത്തിറങ്ങിയപ്പോൾ 'റോഡിലെ കുഴി' പരസ്യവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളൊന്നും പുരസ്കാര നിർണയത്തിൽ ബാധിച്ചില്ല എന്ന് വ്യക്തം. തീയറ്ററുകളിൽ വലിയ കൈയ്യടി നേടിയ ചിത്രം പുരസ്കാര പ്രഖ്യാപനത്തിലും അതേ കയ്യടിയാണ് നേടിയത്. മികച്ച നടനുള്ള മത്സരത്തിൽ മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ചാക്കോ ബോബന് അഭിനയത്തിനുള്ള പ്രത്യേക ജൂറി പരാമശം ചിത്രം നേടിക്കൊടുത്തു. ഇലവീഴാപൂഞ്ചിറയ്ക്ക് 4 അവാർഡും സൗദി വെള്ളയ്ക്കയ്ക്ക് 3 അവാർഡും ലഭിച്ചു.
ന്നാ താൻ കേസ് കൊട് സിനിമ സ്വന്തമാക്കിയ പുരസ്കാരങ്ങൾ
ജനപ്രീതിയും കലാമേന്മയും-ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)
ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)
കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)
പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)
മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)
അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്),
സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: മികച്ച നടൻ മമ്മൂട്ടി, നടി വിന്‍സി അലോഷ്യസ്, സംവിധായകൻ മഹേഷ് നാരായണൻ
അതേസമയം 53-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപനത്തിൽ മികച്ച നടനുള്ള പുരസ്കാരം നടൻ മമ്മൂട്ടിയാണ് സ്വന്തമാക്കിയത്. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടി പുരസ്കാര അർഹൻ ആയത്. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളും മത്സരത്തില്‍ ഉണ്ടായിരുന്നു. വിൻസി അലോഷ്യസ് ആണ് മികച്ച നടി. രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിൻസി പുരസ്കാരത്തിന് അർഹയായത്. ആകെ 154 ചിത്രങ്ങളാണ് ജൂറി ഇത്തവണ പരിഗണിച്ച ചിത്രങ്ങൾ. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങളാണ്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആയിരുന്നു ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.