തുറമുഖം റിലീസ് എന്തുകൊണ്ട് വൈകി?; പിന്നിലെ നിര്‍മ്മാതാവിന്‍റെ ചതി തുറന്ന് പറഞ്ഞ് നിവിന്‍ പോളി
മൂന്ന് തവണ റിലീസ് മാറ്റിവച്ച ചിത്രമാണ് തുറമുഖം. അതിന് പിന്നില്‍ നിര്‍മ്മാതാവിന്‍റെ പ്രശ്നങ്ങളാണെന്ന് തുറന്നു പറയുകയാണ് നായകനായ നിവിന്‍ പോളി.
കൊച്ചി: നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖം പ്രേക്ഷകരുടെ കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് മാർച്ച് പത്തിന് പ്രദർശനത്തിന് എത്തുന്നു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിൻ സ്റ്റീഫന്‍റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. മട്ടാഞ്ചേരി മൊയ്‌തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
മൂന്ന് തവണ റിലീസ് മാറ്റിവച്ച ചിത്രമാണ് തുറമുഖം. അതിന് പിന്നില്‍ നിര്‍മ്മാതാവിന്‍റെ പ്രശ്നങ്ങളാണെന്ന് തുറന്നു പറയുകയാണ് നായകനായ നിവിന്‍ പോളി. കൊച്ചിയില്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടിയിലാണ് ചിത്രം നേരിട്ട പ്രതിസന്ധികളെക്കുറിച്ച് നിവിന്‍ തുറന്നു പറഞ്ഞത്. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കോടികളുടെ ബാധ്യത എന്‍റെ തലയില്‍ ഇടാന്‍ ശ്രമിച്ചു എന്ന കാര്യം അടക്കമാണ് നിവിന്‍ വിവരിക്കുന്നത്. ചിത്രം ഇപ്പോള്‍ ഏറ്റെടുത്ത ലിസ്റ്റിന്‍ സ്റ്റീഫനും നിവിന്‍റെ അടുത്ത് ഉണ്ടായിരുന്നു.
തുറമുഖം ഇത്ര പ്രശ്നത്തിലേക്ക് പോകേണ്ട സിനിമയല്ല. ഇത് ഒരു നാല്‍പ്പത് കോടി പടമോ, അമ്പത് കോടി പടമോ, നൂറുരകോടി പടമോ അല്ല. മലയാളത്തിന് താങ്ങാവുന്ന ബജറ്റില്‍ ഒരുക്കിയ ചിത്രം. ഇത്രയും സാമ്പത്തിക പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കേണ്ട ആവശ്യം ഇല്ലായിരുന്നു. അതിലേക്ക് വലിച്ചിഴച്ചവര്‍ അതിന് ഉത്തരം പറയേണ്ടതാണ്. ഈ ചിത്രവുമായി നടന്‍ എന്ന നിലയില്‍ പരിപൂര്‍ണ്ണമായി സഹകരിച്ചിട്ടുണ്ടായിരുന്നു.
രാജീവേട്ടനാണെങ്കിലും സ്വപ്ന പദ്ധതിയായി ചെയ്ത ചിത്രമായിരുന്നു. ഇത്തരം ഒരു വലിയ സിനിമ ഏറ്റെടുക്കുമ്പോള്‍ അതിനോട് മാന്യത കാണിക്കേണ്ടതായിരുന്നു. മൂന്ന് പ്രവാശം പടം റിലീസ് ചെയ്യാന്‍ ഡേറ്റ് പ്രഖ്യാപിച്ചു. ഞങ്ങള്‍ അണിയറക്കാര്‍ പടം റിലീസ് ആകുമോ എന്ന് നിര്‍മ്മാതാവിനോട് ചോദിക്കും ആകുമെന്ന് അദ്ദേഹം പറയും. ഞങ്ങളെ പ്രമോഷനും മറ്റും അഭിമുഖം നല്‍കാന്‍ വിടും, അതു വഴി മാധ്യമങ്ങളെയും ഉപയോഗിച്ചു. എന്നാല്‍ പ്രൊഡ്യൂസര്‍ക്ക് അറിയാമായിരുന്നു പടം ഇറങ്ങില്ലെന്ന്. അത് നല്ല കാര്യമായി തോന്നിയില്ല.
ഇറങ്ങാതിരുന്ന സിനിമ അവസാന നിമിഷത്തില്‍ ലിസ്റ്റിനാണ് ഈ സിനിമ ഏറ്റെടുത്തത്. ലിസ്റ്റിന്‍ ഈ പടം കണ്ട് ഇഷ്ടപ്പെട്ടിരുന്നു. ഒരുഘട്ടത്തില്‍ ഞാന്‍ ഈ പടം റിലീസ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതിന്‍റെ സാമ്പത്തിക ബാധ്യത മുഴുവന്‍ ഏറ്റെടുത്താല്‍ സമ്മതിക്കാം എന്നാണ് നിര്‍മ്മാതാവ് പറഞ്ഞത്. അന്ന് കോടികളുടെ ബാധ്യത തലയില്‍ വയ്ക്കാന്‍ അന്ന് എനിക്ക് കഴിയില്ലായിരുന്നു. അതാണ് അന്ന് റിലീസ് ആകാതിരുന്നത്. തുടര്‍ന്ന് തുറമുഖത്തിന്‍റെ സാമ്പത്തിക പ്രശ്നത്തിന്‍റെ ഒരോ കുരുക്കും അഴിച്ച് അത് ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കിയ ലിസ്റ്റന് വേദിയില്‍ വച്ച് തന്നെ നന്ദിയും നിവിന്‍ പോളി പറഞ്ഞു.
ഇന്ന് ലിസ്റ്റിന്‍ വളരെ കഷ്ടപ്പെട്ടാണ് ഇത് ഇപ്പോള്‍ റിലീസാകുന്ന രീതിയില്‍ നടത്തിയെടുത്തത്. പത്ത് ഇരുപത്തിയഞ്ച് പടം പ്രൊഡക്ഷനില്‍ നില്‍ക്കുന്ന ലിസ്റ്റന് ഈ പടം എടുക്കേണ്ട ഒരു ആവശ്യവും ഇല്ല. അദ്ദേഹം ഈ പടത്തിന്‍റെ കൂടെ നിന്നതില്‍ സന്തോഷം അല്ല, ഒരു കടപ്പാടാണ് ഉള്ളത്.