'അടുത്ത തവണ ക്യൂ നിന്ന് വലയേണ്ട' : ഐഎഫ്എഫ്കെയില്‍ പുതിയ സംവിധാനം ഒരുക്കുമെന്ന് പ്രേം കുമാര്‍
തീയറ്ററുകൾക്ക് മുന്നിൽ ബാക്കിയുള്ള സീറ്റുകളുടെ എണ്ണം പ്രദർശിപ്പിക്കുന്നത് പരിഹാരമായി ചലച്ചിത്ര അക്കാദമി പരിഗണിക്കുന്നു.
തിരുവനന്തപുരം: ഇരുപത്തിയൊമ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള അതിന്‍റെ അവസാനത്തോട് അടുക്കുകയാണ്. ഇത്തവണ മികച്ച ചലച്ചിത്രങ്ങളാണ് ഐഎഫ്എഫ്കെയില്‍ പ്രേക്ഷകര്‍ക്കായി ഒരുക്കിയത്. എന്നാല്‍ ഡെലിഗേറ്റുകള്‍ അടക്കം ചില പരാതികള്‍ ഉയര്‍ത്തിയിരുന്നു. അതില്‍ പ്രധാന കാര്യം മണിക്കൂറുകളോളം ക്യൂ നില്‍ക്കേണ്ടി വന്നതും ഒടുവില്‍ സിനിമകള്‍ കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നതുമാണ്. ഇക്കാര്യത്തില്‍ ഫലപ്രദമായ സംവിധാനം അടുത്ത വര്‍ഷം മുതല്‍ നടപ്പിലാക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
നിലവില്‍ റിസര്‍വേഷന്‍ സിസ്റ്റത്തിലാണ് ഐഎഫ്എഫ്കെയില്‍ പ്രദര്‍ശനങ്ങള്‍ നടക്കുന്നത്. ഷോയ്ക്ക് ഒരു ദിവസം മുന്‍പ് രാവിലെ എട്ടുമണിക്കാണ് റിസര്‍വേഷന്‍ ആരംഭിക്കുക. 70 ശതമാനം സീറ്റ് റിസര്‍വേഷന് എന്നാണ് ചലച്ചിത്ര അക്കാദമി അറിയിച്ചിരിക്കുന്നത്. തുടര്‍ന്നുള്ള 30 ശതമാനം റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് നല്‍കും. മുതിര്‍ന്ന പൗരൻമാര്‍ക്ക് പ്രത്യേക പരിഗണനയുണ്ടാകും. എന്നാല്‍ പല സിനിമകള്‍ക്കും നീണ്ട ക്യൂവാണ് കാണാൻ കഴിഞ്ഞത്. ക്യൂ നിന്നാല്‍ പോലും സിനിമ കാണാതെ മടങ്ങേണ്ടി വരുന്ന അവസ്ഥയുമുണ്ട്. തിയറ്ററുകളിലെ ഒഴിവുകളുള്ള സീറ്റുകളുടെ എണ്ണം അറിയാൻ സാധിക്കാത്തതിനാലാണ് അനിശ്ചിതമായി ക്യൂ നില്‍ക്കേണ്ടി വരുന്നത്. ഇതിന് പരിഹാരം കാണുമെന്നാണ് കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ അറിയിച്ചിരിക്കുന്നത്.
എത്ര സീറ്റുകളാണ് ബാക്കിയുള്ളത്, റിസര്‍വഷൻ സീറ്റുകള്‍ ഒഴിവുണ്ടോ എന്നതടക്കമുള്ള വിവരങ്ങള്‍ തിയറ്ററിന് മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന ഡിസ്‍പ്ലേ സംവിധാനം ഏര്‍പ്പെടുത്തുന്നത് ആലോചിക്കാമോ എന്നായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈൻ ചെയര്‍മാൻ പ്രേംകുമാറിനോട് ആരാഞ്ഞത്. അവസാന നിമിഷ ക്യൂ അടക്കം ഒഴിവാക്കി ഡെലിഗേറ്റുകള്‍ക്ക് മറ്റ് സിനിമകള്‍ കാണാൻ പോകാൻ അവസരം ലഭിക്കുന്ന ഈ നിര്‍ദ്ദേശത്തോട് ചലച്ചിത്ര അക്കാദമി അനുകൂലമായാണ് പ്രതികരിച്ചത്. ഇത്തരമൊരു സംവിധാനം മേളയില്‍ അടുത്ത വര്‍ഷം ആലോചിക്കാമെന്നാണ് പ്രേംകുമാര്‍ വ്യക്തമാക്കിയത്. ഇതില്‍ സാങ്കേതികമായ സാധ്യതകള്‍ പരിശോധിക്കുമെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാൻ പ്രേംകുമാര്‍ വ്യക്തമാക്കി.
"വളരെ സ്വാഗതാര്‍ഹമായി ഒരു നിര്‍ദേശമാണ് ഇത്. ഇപ്പോഴത്തെ മേള അവസാനിക്കാന്‍ ഇരിക്കെ ഇത് നടപ്പിലാക്കുക പ്രയോഗികമല്ല. എന്നാല്‍ ഭാവിയില്‍ മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി അത് നടപ്പിലാക്കാം. വരും വര്‍ഷങ്ങളില്‍ അത് ചെയ്യാന്‍ സാധിക്കും. ടെക്നോളജി ഉപയോഗപ്പെടുത്തി ഇത് സാധ്യമാക്കാം. തീയറ്ററിന് മുന്നിലെ നീണ്ട ക്യൂവും കാത്തിരിപ്പും ഒരു പരിധിവരെ ഇത് മൂലം കുറയ്ക്കാന്‍ സാധിക്കും. അത് വരും വര്‍ഷത്തില്‍ ചലച്ചിത്ര മേള സംഘാടനത്തില്‍ ഉപയോഗിക്കും" - പ്രേം കുമാര്‍ പ്രതികരിച്ചു.