'അവതാറി'നും 'കാപ്പ'യ്‍ക്കുമൊപ്പം തിയറ്ററുകളിലെ പുതുവര്‍ഷാഘോഷത്തിന് അഞ്ച് ചിത്രങ്ങള്‍; പുതിയ റിലീസുകള്‍
ക്രിസ്‍മസ് വാരാന്ത്യത്തില്‍ ബോക്സ് ഓഫീസ് മികച്ച നേട്ടമുണ്ടാക്കിയിരുന്നു
എതിരാളികള്‍ അധികം ഇല്ലാതിരുന്നത് ക്രിസ്മസ് വാരാന്ത്യത്തില്‍ നേട്ടമായത് രണ്ട് ചിത്രങ്ങള്‍ക്കാണ്. ഹോളിവുഡ് ചിത്രം അവതാര്‍ 2 നും ഷാജി കൈലാസിന്‍റെ പൃഥ്വിരാജ് ചിത്രം കാപ്പയ്ക്കും. എന്നാല്‍ പുതുവര്‍ഷ വാരാന്ത്യത്തിലേക്ക് മലയാളത്തില്‍ നിന്ന് നാല് ചിത്രങ്ങളടക്കം അഞ്ച് ചിത്രങ്ങളാണ് എത്തുന്നത്.
ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന മാളികപ്പുറം, സൌബിന്‍ ഷാഹിറിനെ നായകനാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കിയ ജിന്ന്, ഇര്‍ഷാദ് അലിക്കൊപ്പം നാല് പുതുമുഖ നായികമാരും എത്തുന്ന ഒമര്‍ ലുലുവിന്‍റെ നല്ല സമയം, നിരഞ്ജ് മണിയൻ പിള്ള രാജുവിനെ നായകനാക്കി ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന കാക്കിപ്പട എന്നിവയാണ് മലയാളത്തില്‍ നിന്ന് ഈ വാരം തിയറ്ററുകളിലെത്തുന്ന പുതിയ ചിത്രങ്ങള്‍. ഒപ്പം തൃഷ നായികയാവുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം രാങ്കിയും ഉണ്ട്. എം ശരവണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന രാങ്കി അനശ്വര രാജന്‍റെ തമിഴ് അരങ്ങേറ്റം കൂടിയാണ്.
രാജ്യമെങ്ങും വിവിധ ഭാഷകളിലെ ചിത്രങ്ങള്‍ ക്രിസ്മസ് വാരാന്ത്യത്തില്‍ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. അവതാര്‍ മാത്രം അന്നേ ദിവസം 32 കോടിക്ക് മുകളിലാണ് നേടിയത്. മലയാളത്തില്‍ നിന്ന് കാപ്പയും ആ ദിനങ്ങളില്‍ നേട്ടമുണ്ടാക്കിയിരുന്നു. നിരവധി സെന്‍ററുകളിലാണ് ചിത്രത്തിന് ആ ദിനങ്ങളില്‍ തിരക്ക് മൂലം അഡീഷണല്‍ ഷോസ് സംഘടിപ്പിച്ചത്. നാലാം മുറ, ആനന്ദം പരമാനന്ദം, കണക്ട്, സൌദി വെള്ളക്ക, ഓ മേരി ലൈല, സര്‍ക്കസ്, ലാത്തു, മുകുന്ദനുണ്ണി അസോസിയേറ്റ്സ്, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളും നഗരങ്ങളിലെ മള്‍ട്ടിപ്ലെക്സുകളില്‍ തുടരുന്നുണ്ട്. പുതുവര്‍ഷ വാരാന്ത്യത്തില്‍ കൂടുതല്‍ റിലീസുകള്‍ എത്തുന്നതിനെ തിയറ്റര്‍ ഉടമകള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.