തിയറ്ററുകളില്‍ നാളെ പൃഥ്വിരാജ് Vs വിജയ് ദേവരകൊണ്ട; ഈ വാരം തിയറ്ററുകളിലെത്തുന്ന ചിത്രങ്ങള്‍

ഓണം റിലീസുകള്‍ക്ക് മുന്നോടിയായെത്തുന്ന ചിത്രങ്ങള്‍

new movie releases this week theerppu liger peace kudukku 2025 prithviraj sukumaran vijay devarakonda

തിയറ്ററുകളിലേക്ക് വീണ്ടും പ്രധാന ചിത്രങ്ങള്‍. ഓണം സീസണ്‍ അടുത്തിരിക്കെ അതിനു മുന്‍പ് തിയറ്ററുകളിലെത്തുന്ന മലയാള ചിത്രങ്ങളുടെ കൂട്ടത്തില്‍ പൃഥ്വിരാജിന്‍റെയും ജോജു ജോര്‍ജിന്‍റെയും ചിത്രങ്ങള്‍ ഉണ്ട്. പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പ്, ജോജു ജോര്‍ജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന പീസ് എന്നിവയ്ക്കൊപ്പം ബിലഹരി സംവിധാനം ചെയ്‍ത കുടുക്ക് 2025, വിജയ് ദേവരകൊണ്ടയുടെ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍ എന്നിവയും ഈ വാരം തിയറ്ററുകളില്‍ എത്തും.

തീര്‍പ്പ്, ലൈഗര്‍, കുടുക്ക് എന്നിവ 25 വ്യാഴാഴ്ചയാണ് റിലീസ് ചെയ്യപ്പെടുക. പീസ് 26 വെള്ളിയാഴ്ചയിലും എത്തും. കമ്മാര സംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പിന്‍റെ തിരക്കഥ മുരളി ഗോപിയുടേതാണ്. ചിത്രത്തില്‍ അദ്ദേഹം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നതും മുരളി ഗോപിയാണ്. ഇന്ദ്രജിത്ത് സുകുമാരന്‍, ഇഷ തല്‍വാര്‍, സൈജു കുറുപ്പ്, ലുക്മാന്‍ അവറാന്‍, മാമുക്കോയ, ഹന്ന റെജി കോശി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

ALSO READ : 'ഒരു പടത്തിന് പോയാലോ'? ചോദ്യവുമായി മോഹന്‍ലാല്‍, പൃഥ്വി, മഞ്ജു

വിജയ് ദേവരക്കൊണ്ട, അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന പുരി ജഗന്നാഥ് ചിത്രമാണ് ലൈഗര്‍. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും  ഈ ചിത്രത്തിനുണ്ട്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന മെഗാ ബജറ്റ് ചിത്രം തെലുങ്കിലും ഹിന്ദിയിലുമായാണ് ചിത്രീകരിച്ചത്. മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. ശ്രീ ഗോകുലം മൂവീസ് ആണ് കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

ദുര്‍ഗ കൃഷ്ണ, കൃഷ്ണശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കുടുക്ക് 2025. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ കഥാ കാലം 2025 ആണ്. ടെക്നോളജി ജീവിതത്തിനുമേല്‍ അത്രമേല്‍ സ്വാധീനം ചെലുത്തുന്ന കാലത്തെ മനുഷ്യന്‍റെ സ്വകാര്യതയാണ് ചിത്രത്തിന്‍റെ വിഷയം. അജു വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, സ്വാസിക വിജയ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

അതേസമയം ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണ് പീസ്. കാർലോസ് എന്ന ഡെലിവറി പാർട്ണറുടെ ജീവിതവും അദ്ദേഹത്തെ ചുറ്റിപ്പറ്റി വികസിക്കുന്ന ചില സംഭവങ്ങളുമാണ്‌ ഈ ചിത്രം. കാര്‍ലോസ് ആയി എത്തുന്നത് ജോജു ജോര്‍ജ് ആണ്. സിദ്ദിഖ് വേറിട്ട ഗെറ്റപ്പിലും പ്രകടനത്തിലും എത്തുന്ന ചിത്രത്തില്‍ ആശ ശരത്ത്, രമ്യ നമ്പീശന്‍, അദിതി രവി, മാമുക്കോയ, അനില്‍ നെടുമങ്ങാട്, വിജിലേഷ് കരിയാട്, ഷാലു റഹിം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിനു പുറമെ തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട ഭാഷകളിലുമായാണ് റിലീസ്.

Latest Videos
Follow Us:
Download App:
  • android
  • ios