കളക്ഷനില്‍ ആരൊക്കെ മുന്നേറും? 'ജയിലര്‍' മാത്രമല്ല; ഇന്ത്യന്‍ സിനിമയില്‍ ഈ വാരം സൂപ്പര്‍സ്റ്റാര്‍ പൂരം!
ബോളിവുഡ് ചിത്രങ്ങള്‍ക്ക് ഭേദപ്പെട്ട അഭിപ്രായം
കൊവിഡ് കാലം ഇന്ത്യന്‍ സിനിമാ മേഖലയിലുണ്ടാക്കിയ പ്രധാന മാറ്റം ഒടിടി പ്ലാറ്റ്ഫോമുകള്‍ നേടിയ ജനപ്രീതിയാണ്. റിലീസ് ദിനം ആദ്യ ഷോകള്‍ക്കിപ്പുറം ലഭിക്കുന്ന അഭിപ്രായം ജയപരാജയങ്ങള്‍ തീരുമാനിക്കുന്ന സ്ഥിതി കൊവിഡിന് മുന്‍പേ ഉള്ളതാണെങ്കില്‍ തിയറ്റര്‍ എക്സ്പീരിയന്‍സ് നല്‍കില്ലെന്ന് തോന്നുന്ന ചിത്രങ്ങള്‍ക്ക് അവരിപ്പോള്‍ പണം മുടക്കി പോകുന്നില്ല. മറിച്ച് ഒരു മാസത്തിനിപ്പുറം ഒടിടിയില്‍ എത്തുന്നതിനുള്ള കാത്തിരിപ്പാണ്. എന്നാല്‍ ഈ ഒടിടി കാലത്തും തിയറ്റര്‍ ജനസമുദ്രമാക്കാമെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് തമിഴ് ചിത്രം ജയിലര്‍. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ അതിഥിവേഷങ്ങളും സിനിമാപ്രേമികളുടെ ആവേശത്തെ ഇരട്ടിപ്പിക്കുകയാണ്. എന്നാല്‍ ജയിലര്‍ മാത്രമല്ല, ഈ വാരം തിയറ്ററുകളില്‍ മറ്റു ചില താരചിത്രങ്ങള്‍ കൂടിയുണ്ട്.
തെന്നിന്ത്യ എടുത്താല്‍ തെലുങ്കില്‍ ചിരഞ്ജീവി നായകനായ ഭോലാ ശങ്കര്‍ ആണ് ഈ വാരത്തിലെ പുതിയ റിലീസ്. ശിവയുടെ സംവിധാനത്തില്‍ 2015 ല്‍ പുറത്തെത്തിയ, അജിത്ത് നായകനായ തമിഴ് ചിത്രം വേതാളത്തിന്‍റെ റീമേക്ക് ആണ് ചിത്രം. ഇന്നാണ് ചിത്രത്തിന്‍റെ റിലീസ്. ഭോലാ ശങ്കറിനൊപ്പം ബോളിവുഡില്‍ നിന്ന് രണ്ട് പ്രധാന ചിത്രങ്ങളും ഇന്ന് തിയറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. അക്ഷയ് കുമാറിനെ നായകനാക്കി അമിത് റായ് സംവിധാനം ചെയ്ത ഒഎംജി 2 (ഓ മൈ ഗോഡ് 2), സണ്ണി ഡിയോളിനെ നായകനാക്കി അനില്‍ ശര്‍മ്മ സംവിധാനം ചെയ്ത ഗദര്‍ 2 എന്നിവയാണ് ആ ചിത്രങ്ങള്‍. ഇരു ചിത്രങ്ങളും ഇന്നാണ് തിയറ്ററുകളില്‍ എത്തിയത്.
2012 ല്‍ പുറത്തെത്തിയ ഒഎംജി- ഓ മൈ ഗോഡിന്‍റെ സീക്വല്‍ ആണ് ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ഒഎംജി 2 എങ്കില്‍ ഗദര്‍ 2 ഉും പേര് സൂചിപ്പിക്കുന്നത് പോലെ സീക്വല്‍ ആണ്. 2001 ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍ ഏക് പ്രേം കഥയുടെ തുടര്‍ച്ചയാണ് ഗദര്‍ 2. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയാണ് ഇത്. അതേസമയം ജയിലര്‍ വന്‍ അഭിപ്രായവും ഹൌസ്‍ഫുള്‍ ഷോകളുമായി തിയറ്റര്‍ നിറയ്ക്കുന്നതിനിടെ രണ്ട് ബോളിവുഡ് ചിത്രങ്ങള്‍ക്കും ശരാശരിക്ക് മുകളിലുള്ള അഭിപ്രായമുണ്ട്. എന്നാല്‍ ചിരഞ്ജീവി ചിത്രത്തിന് ആദ്യ ദിനം ഏറിയകൂറും നെഗറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിക്കുന്നത്.
ഇവയ്ക്കൊപ്പം മലയാളത്തില്‍ നിന്ന് ഈ വാരം മൂന്ന് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തിയിട്ടുണ്ട്. ഉര്‍വ്വശിയെ കേന്ദ്ര കഥാപാത്രമാക്കി ആഷിഷ് ചിന്നപ്പ സംവിധാനം ചെയ്ത ജയധാന പമ്പ് സെറ്റ് സിന്‍സ് 1962, റഹ്‍മാനെ നായകനാക്കി ചാള്‍സ് ജോസഫ് സംവിധാനം ചെയ്ത സമാറ, ഇന്ദ്രജിത്തും നൈല ഉഷയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ എന്നിവയാണ് അവ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം