മലയാളത്തില്‍ ഈ വാരം റിലീസ് പെരുമഴ; എത്തുന്നത് 7 ചിത്രങ്ങള്‍
വിദേശ ചിത്രങ്ങളും ചേര്‍ത്ത് ഈ വാരം 10 സിനിമകള്‍
മലയാള സിനിമയിലെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നായ ഓണം അടുത്തിരിക്കുകയാണ്. ബിഗ് ബജറ്റ്, സൂപ്പര്‍താര ചിത്രങ്ങള്‍ അടക്കമുള്ളവ ആ സമയത്തേ ഉണ്ടാവൂ. എന്നാല്‍ പുതിയ റിലീസുകള്‍ക്ക് കുറവില്ലതാനും. ഈ വാരാന്ത്യത്തില്‍ മാത്രം തിയറ്ററുകളിലെത്തുന്നത് ഏഴ് മലയാള ചിത്രങ്ങളാണ്. സമീപകാലത്ത് ഏറ്റവുമധികം ചിത്രങ്ങള്‍ ഒരുമിച്ചെത്തുന്ന വാരങ്ങളിലൊന്നാണ് ഇത്.
സൈജു കുറുപ്പ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാപ്പച്ചന്‍ ഒളിവിലാണ്, ലുക്മാന്‍ അവറാന്‍, ശ്രീനാഥ് ഭാസി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൊറോണ ധവാന്‍, അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓളം എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള പ്രധാന റിലീസുകള്‍. സിന്‍റോ സണ്ണിയാണ് പാപ്പച്ചന്‍ ഒളിവിലാണ് എന്ന ചിത്രത്തിന്‍റെ സംവിധാനം. കൊറോണക്കാലത്ത് മദ്യത്തിനായുള്ള ഒരു കൂട്ടം ആളുകളുടെ പരക്കംപാച്ചില്‍ പ്രമേയമാക്കുന്ന കൊറോണ ധവാന്‍റെ സംവിധാനം സി.സി. ആണ്. കൊറോണ ജവാന്‍ എന്നായിരുന്നു ചിത്രത്തിന്‍റെ ആദ്യ പേര്.
അനില്‍ പ്രഭാകര്‍, സുധീര്‍ കരമന, മധുപാല്‍, ബിന്ദു പണിക്കര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷമീര്‍ ഭരതന്നൂര്‍ സംവിധാനം ചെയ്ത അനക്ക് എന്തിന്‍റെ കേടാ, എംബിഎസ് ഷൈന്‍ സംവിധാനം ചെയ്ത പര്‍പ്പിള്‍ പോപ്പിന്‍സ്, ശാന്തി കൃഷ്ണ, മാമുക്കോയ, വിനീത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഇന്ദു ലക്ഷ്മി സംവിധാനം ചെയ്ത നിള, ഭഗത് മാനുവല്‍, നോബി മാര്‍ക്കോസ്, സലിം കുമാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാമോന്‍ ബി പാറേലില്‍ സംവിധാനം ചെയ്ത കെങ്കേമം എന്നിവയാണ് മലയാളത്തില്‍ നിന്നുള്ള പുതിയ റിലീസുകള്‍. ഈ ഏഴ് ചിത്രങ്ങളും വെള്ളിയാഴ്ചയാണ് (4) തിയറ്ററുകളിലെത്തുന്നത്.
വിദേശത്ത് നിന്നുള്ള മൂന്ന് ചിത്രങ്ങളും ഈ വാരം കേരളത്തിലെ തിയറ്ററുകളില്‍ എത്തുന്നുണ്ട്. ഹോളിവുഡില്‍ നിന്നുള്ള സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ചിത്രം മെഗ് 2: ദി ട്രെഞ്ച്, ഓസ്ട്രേലിയന്‍ സൂപ്പര്‍ നാച്ചുറല്‍ ഹൊറര്‍ ചിത്രം ടോക്ക് ടു മീ, ജാപ്പനീസ് ആക്ഷന്‍ അഡ്വഞ്ചര്‍ അനീം ഡിറ്റക്റ്റീവ് കോനന്‍: ദി സ്റ്റോറി ഓഫ് ഐ ഹൈബറ ബ്ലാക്ക് അയണ്‍ മിസ്റ്ററി ട്രെയിന്‍ എന്നിവയാണ് അവ. ഇതില്‍ മെഗ് 2 വ്യാഴാഴ്ച പ്രദര്‍ശനം ആരംഭിച്ചു. മറ്റ് രണ്ട് ചിത്രങ്ങളും വെള്ളിയാഴ്ച. അങ്ങനെ ആകെ പത്ത് ചിത്രങ്ങളാണ് ഈ വാരം കേരളത്തിലെ തിയറ്ററുകളില്‍ പ്രദര്‍ശനം ആരംഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക