'രാവണന്റെ തല എന്താ ഇങ്ങനെ ?'; 'ആദിപുരുഷ്' വിഎഫ്എക്സിനെതിരെ വ്യാപക ട്രോൾ
ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷിൽ രാമനായാണ് പ്രഭാസ് എത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ പ്രഭാസ് നായകനായി എത്തിയ പുതിയ ചിത്രം ആദിപുരുഷ് തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇന്ന് പുലർച്ചെ മുതൽ ആരംഭിച്ച ഷോ കാണാൻ വൻ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ ട്രോളുകളും ചിത്രം നേരിടുന്നുണ്ട്. പ്രത്യേകിച്ച് ചിത്രത്തിന്റെ വിഎഫ്എക്സിനെതിരെ.
ആദിപുരുഷിൽ രാവണനായി എത്തിയിരിക്കുന്നത് സെയ്ഫ് അലി ഖാൻ ആണ്. ചിത്രത്തിൽ രാവണന്റെ അഞ്ച് തല മുകളിലും അഞ്ച് തല താഴേയുമായി പടി പോലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ട്രോളുകളിൽ മുന്നിട്ട് നിൽക്കുന്നതും ഈ രാവണന്റെ തലയാണ്. പ്രഭാസിന്റെ ചില രംഗങ്ങളിലെ ലുക്ക് കണ്ടാൽ യേശുവിനെ പോലുണ്ടെന്നാണ് ചിലർ പറയുന്നത്.
ട്രോളുകൾക്കൊപ്പം വിമർശനങ്ങളും ആദിപുരുഷിന് എതിരെ ഉയരുന്നുണ്ട്. "തനി കാർട്ടൂൺ, ബാലരമ വായിക്കുന്നത് ആണ് ഇതിലും നല്ലത്, വളരെ ദയനീയം, ആദിപുരുഷ് നമ്മുടെ ചരിത്രത്തെ മഹത്വവൽക്കരിക്കുന്നതിനേക്കാൾ കൂടുതൽ കേടുപാടുകൾ വരുത്തിയിരിക്കുന്നു",എന്നിങ്ങനെ പോകുന്നു വിമർശങ്ങൾ.
ഏതാനും മാസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിനെതിരെയും സമാനമായ ട്രോളുകൾ ഇറങ്ങിയിരുന്നു. കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമർശനങ്ങൾ ഉയർന്നിരുന്നു.
ഓം റാവത്ത് സംവിധാനം ചെയ്ത ആദിപുരുഷിൽ രാമനായാണ് പ്രഭാസ് എത്തിയത്. കൃതി സനോൺ ആണ് നായിക. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിച്ച സിനിമ തമിഴ്, മലയാളം ഭാഷകളിലേക്കും മറ്റ് വിദേശഭാഷകളിലേക്കും ഡബ് ചെയ്ത് പ്രദർശനത്തിനെത്തിച്ചിട്ടുണ്ട്.
ഇദ്ദേഹത്തെ വിട്ടുള്ള കളിയില്ല; പ്രധാനമന്ത്രിയെ കുറിച്ച് രാമസിംഹൻ
ടി- സീരീസ്, റെട്രോഫൈല്‍സിന്റെ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റാവത്തും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം - ഭുവന്‍ ഗൗഡ, സംഗീത സംവിധാനം - രവി ബസ്രുര്‍, എഡിറ്റിംഗ് - അപൂര്‍വ്വ മോടിവാലെ, ആഷിഷ് എം ഹത്രെ, സംഗീതം - അജയ്- അതുല്‍. പശ്ചാത്തല സംഗീതം - സഞ്ചിത് ബല്‍ഹാറ, അങ്കിത് ബല്‍ഹാറ എന്നിവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..