'റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാന്‍ ഞെട്ടി, പക്ഷേ മമ്മൂക്കയുടെ തീരുമാനം മറ്റൊന്നായിരുന്നു'

ആദ്യദിനം ചിത്രം നേടിയത് അഞ്ചര കോടിയാണെന്നാണ് കണക്കുകള്‍

netflix offered huge sum for ott release of rorschach says mammootty pro robert kuriakose

മമ്മൂട്ടി നായകനായെത്തിയ സൈക്കോളജിക്കല്‍ റിവെഞ്ച് ത്രില്ലര്‍ റോഷാക്ക് തിയറ്ററുകളില്‍ ആളെക്കൂട്ടുകയാണ്. ടൈറ്റില്‍ പ്രഖ്യാപിച്ചതു മുതല്‍ സിനിമാപ്രേമികളില്‍ കൌതുകം ഉണര്‍ത്തിയിരുന്ന ചിത്രത്തിന് പക്ഷേ വന്‍ പബ്ലിസിറ്റിയൊന്നും നല്‍കാതെയാണ് അണിയറക്കാര്‍ തിയറ്ററുകളില്‍ എത്തിച്ചത്. എന്നാല്‍ അവതരണത്തില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന, തിയറ്ററുകളില്‍ തന്നെ കാണേണ്ട ചിത്രമെന്ന അഭിപ്രായമാണ് റിലീസ് ദിനത്തില്‍ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മമ്മൂട്ടി പുലര്‍ത്തിയിരുന്ന പ്രതീക്ഷയെക്കുറിച്ച് പറയുകയാണ് അദ്ദേഹത്തിന്‍റെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്. 

ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആണെങ്കില്‍ വന്‍ തുക നല്‍കാമെന്ന് പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് വാഗ്‍ദാനം ചെയ്‍തിരുന്നുവെന്ന് റോബര്‍ട്ട് പറയുന്നു- "ഒടിടി റിലീസിന് റോഷാക്കിന് നെറ്റ്ഫ്ലിക്സ് ഇട്ട വില കേട്ട് ഞാൻ ഞെട്ടി. അത് കൊടുക്കാമായിരുന്നു എന്ന് പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു- 'ഈ പടം വേറെ ലെവലിൽ വരും, ബോക്സ് ഓഫീസിൽ വലിയ ചലനം ഉണ്ടാക്കും, താൻ നോക്കിക്കോ' ആ കണക്കുകൂട്ടലുകൾ എത്ര കൃത്യമായിരുന്നു", റോബര്‍ട്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

netflix offered huge sum for ott release of rorschach says mammootty pro robert kuriakose

 

ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് ഇനിഷ്യലിനെക്കുറിച്ച് ഔദ്യോഗിക കണക്കുകളൊന്നും പുറത്തെത്തിയിട്ടില്ലെങ്കിലും ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ ലെറ്റ്സ് സിനിമയുടെ കണക്ക് പ്രകാരം ചിത്രം ആദ്യ ദിനത്തില്‍ നേടിയിരിക്കുന്നത് 5.5 കോടിയാണ്. അതേസമയം പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി ലഭിച്ചതിനെത്തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മുതല്‍ കേരളത്തിലെയും ജിസിസിയിലെയും മിക്ക സെന്‍ററുകളിലും ഹൌസ്ഫുള്‍ പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. നേരത്തേ ചാര്‍ട്ട് ചെയ്തിരുന്ന സെക്കന്‍റ് ഷോകള്‍ക്കു ശേഷം കേരളത്തില്‍ അങ്ങോളമിങ്ങോളം 31 അഡീഷണല്‍ ഷോസ് ഇന്നലെ നടന്നതായി നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു.

ALSO READ : കളക്ഷനില്‍ ലൂസിഫറിനെ മറികടന്നോ ഗോഡ്‍ഫാദര്‍? ആദ്യ രണ്ട് ദിനത്തില്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്

ലൂക്ക് ആന്‍റണി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നടപ്പിലും എടുപ്പിലുമൊക്കെ മമ്മൂട്ടി ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമാണ് അത്. ബിന്ദു പണിക്കര്‍, ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ് തുടങ്ങിയവരൊക്കെ പ്രകടനം കൊണ്ട് ശ്രദ്ധിക്കപ്പെടുന്നുണ്ട് ചിത്രത്തില്‍. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍തിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. നിമിഷ് രവി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്‍തിരിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.

Latest Videos
Follow Us:
Download App:
  • android
  • ios