റിലീസിന് ഏഴ് മാസം മുന്‍പേ ഒടിടി റിലീസ് പ്രഖ്യാപനം! ആ പാന്‍ ഇന്ത്യന്‍ ചിത്രവുമായി നെറ്റ്ഫ്ലിക്സ്
സുകുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം
ബാഹുബലിയും കെജിഎഫുമൊക്കെ തെളിച്ച തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുള്ള പാന്‍ ഇന്ത്യന്‍ പാതയില്‍ തൊട്ടുപിന്നാലെ എത്തിയ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്‍പ. തെലുങ്കിലെ പ്രമുഖ സംവിധായകനായ സുകുമാര്‍ ഒരുക്കിയ ആക്ഷന്‍ ഡ്രാമ ഇതുവരെ കാണാത്ത തരത്തിലാണ് അല്ലു അര്‍ജുനെ അവതരിപ്പിച്ചത്. ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ച ട്രെന്‍ഡ് ആയിരുന്നു അത്ഭുതകരം. പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൗതുകകരമായ ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്.
ചിത്രീകരണം തുടങ്ങിയിട്ട് ഏറെ നാളായ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. 2024 ല്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. 2024 ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ തിയട്രിക്കല്‍ റിലീസ്. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്‍പുതന്നെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്.
തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം വൈകാതെ എത്തുമെന്നും തിയറ്റര്‍ റിലീസിന് പിന്നാലെയുള്ള ഒടിടി റിലീസ് ആയിരിക്കും ഇതെന്നുമാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി എത്തുന്ന ചിത്രങ്ങളുടെ ഒടിടി പ്രഖ്യാപനം പ്ലാറ്റ്ഫോമുകള്‍ പൊതുവെ ചെയ്യാറില്ല. അതും തിയറ്റര്‍ റിലീസിന് ഏഴ് മാസം മുന്‍പാണ് തങ്ങള്‍ക്കാണ് പുഷ്പ 2 ന്‍റെ ഒടിടി റൈറ്റ്സ് എന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപൂര്‍വ്വമാണ് ഇത്.
അതേസമയം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. പുഷ്പയുടെ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് ആയിരുന്നു. സീക്വലിന്‍റെ റൈറ്റ്സിനായും പ്രൈം വീഡിയോ സമീപിച്ചിരുന്നെന്നും എന്നാല്‍ വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ ചോദിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രൈം വീഡിയോ ഓഫര്‍ ചെയ്തതിന്‍റെ മൂന്നിരട്ടി നല്‍കിയാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 റൈറ്റ്സ് നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം