'വാലിബന്‍' വൈബിനിടെ 'നേര്' ബിഗ് അപ്ഡേറ്റ്; ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക
ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന്‍റേതായി തിയറ്ററുകളില്‍ കൈയടി നേടിയ ചിത്രമായിരുന്നു നേര്. ജീത്തു ജോസഫിന്‍റെ സംവിധാനത്തിലെത്തിയ കോര്‍ട്ട് റൂം ഡ്രാമയില്‍ വിജയമോഹന്‍ എന്ന അഭിഭാഷകനായാണ് മോഹന്‍ലാല്‍ എത്തിയത്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം 100 കോടി നേടിയതായി നിര്‍മ്മാതാക്കളായ ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ജനുവരി 23 ന് ആണ് സ്ട്രീമിംഗ് ആരംഭിക്കുക. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്. ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ അഭിഭാഷക കഥാപാത്രമായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ചിത്രത്തിന്‍റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.
അതേസമയം ജനുവരി 25 ന് ആണ് സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം മലൈക്കോട്ടൈ വാലിബന്‍റെ റിലീസ്. ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന ചിത്രം എന്നതാണ് ഹൈലൈറ്റ്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം