Nayanthara Wedding : പൊലീസ് കുടുംബത്തിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ലേഡി സൂപ്പർസ്റ്റാറിന്‍റെ മനം കവർന്ന വിക്കി
2017ൽ ആണ് പ്രണയം ഇരുവരും ഔദ്യോഗികമാക്കുന്നത്. വിദേശത്ത് ഒരു അവാർഡ് നിശയിൽ കൈകോർത്തെത്തിയ താരജോഡി വാർത്തകളിൽ ഇടം നേടി
''ഞാൻ എന്‍റെ ജീവിതത്തിലെ പ്രണയത്തെ സ്വന്തമാക്കാൻ പോകുന്നു'', നയൻതാരയുമായുള്ള (Nayanthara) വിവാഹത്തെ വിഘ്നേഷ് ശിവൻ (Vignesh Shivan) വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ചെന്നൈയിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച, സിനിമ സ്വപ്നം കണ്ട് വളർന്ന യുവാവ്, തെന്നിന്ത്യൻ താരറാണിയുടെ കൈപിടിക്കുന്നത് ഒരു പ്രണയസിനിമപോലെ മനോഹരമാണ്. കഥ പറയാൻ മിടുക്കനെന്നാണ് സുഹൃത്തുക്കൾ വിഘ്നേഷിനെ കുറിച്ച് പറയാറുള്ളത്.
സാങ്കൽപിക കഥകളുണ്ടാക്കി സിനിമാസ്റ്റൈലിൽ വിവരിച്ച് കൂട്ടുകാരെ രസിപ്പിക്കുമായിരുന്നു വിഘ്നേഷ്. കഥയെഴുത്തും പാട്ടെഴുത്തുമായി സ്കൂളിലും കോളേജിലും പണ്ടേ താരം. പൊലീസുകാരായിരുന്നു വിഘ്നേഷിന്റെ മാതാപിതാക്കൾ. അച്ഛൻ സർവ്വീസിലിരിക്കെ മരിച്ചു. അമ്മ മീനയും സഹോദരിയും അടങ്ങുന്നതാണ് കുടുംബം. കാക്കികുടുംബമാണെങ്കിലും, സർക്കാർ ജോലിയൊന്നും മനസ്സിലേ ഉണ്ടായിരുന്നില്ല. ഹിന്ദുസ്ഥാൻ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടിയശേഷം പതിയെ സംവിധായകനെന്ന സ്വപ്നത്തിലേക്ക് നടന്നടുത്തു. അമ്മയായിരുന്നു ഉറച്ച പിന്തുണ. പിൽക്കാലത്ത് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിലെ രാധിക ശരത് കുമാറിന്റെ പൊലീസ് വേഷത്തിന് പ്രചോദനമായത് അമ്മയാണെന്ന് പറഞ്ഞിട്ടുണ്ട് വിഘ്നേഷ്.
ഹ്രസ്വചിത്രങ്ങൾ ഒരുക്കി ആയിരുന്നു തുടക്കം. അന്നൊക്കെ നെഗറ്റീവ് കമന്റുകൾ പേടിച്ച് വിഘ്നേഷ് ഒരു സിനിമ പോലും യൂട്യൂബിൽ ഇടാറില്ലായിരുന്നത്രെ. സിനിമാസംവിധായകനെന്ന സ്വപ്നം മനസ്സിൽ സൂക്ഷിക്കുമ്പോള്‍ തന്നെ, അഭിനയിക്കാനുള്ള ചെറിയ അവസരങ്ങളും വേണ്ടെന്നു വച്ചില്ല. 2007ൽ ശിവി എന്ന ചിത്രത്തിൽ നായകന്റെ സുഹൃത്തായി വേഷമിട്ട് ആദ്യമായി ക്യാമറക്ക് മുന്നിലെത്തി. 2012ൽ സംവിധായകനായി അരങ്ങേറ്റം. നിമിത്തമായത് ബാല്യകാല സുഹൃത്തും നടനുമായ ചിമ്പു. ഒരു ചെറുസിനിമയായി പ്ലാൻ ചെയ്ത പോടാ പോടിയെ ബിഗ് സ്ക്രീനിലെത്തിക്കാൻ ചിമ്പു നിർദ്ദേശിച്ചു. ചിമ്പുവും വരലക്ഷ്മിയും നായകനും നായികയുമായി. സമ്മിശ്രപ്രതികരണമുണ്ടാക്കിയ ചിത്രം വിഘ്നേഷിനെ യുവസംവിധായകരിൽ ശ്രദ്ധേയനാക്കി. പിന്നെയും 3 വർഷം കാത്തിരുന്നാണ് നാനും റൗഡി താൻ സംഭവിക്കുന്നത്. വിഘ്നേഷ് നയൻതാര ആദ്യസമാഗമത്തിന് വഴിയൊരുക്കിയ ചിത്രമായി ഇത്.
അന്ന് നയൻതാര പ്രണയത്തകര്‍ച്ചയക്കു ശേഷം സിനിമയിലേക്ക് തിരിച്ചുവന്ന സമയം കൂടിയായിരുന്നു. ചിമ്പുവുമായുള്ള പ്രണയത്തകര്‍ച്ചയ്ക്ക് ശേഷം മൂന്നരവർഷത്തോളം പ്രഭുദേവയുടെ പങ്കാളിയായി കഴിഞ്ഞ നയൻതാര ആ ബന്ധത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്നു. മറ്റൊരു കുടുംബമുള്ള പ്രഭുദേവയുമായുള്ള പ്രണയം തമിഴ്നാട്ടിൽ വിവാദങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തു. പിന്നീട് പ്രഭുദേവയുമായും വേർപിരിഞ്ഞ ശേഷം ശക്തമായ കഥാപാത്രങ്ങളിലൂടെ തിരിച്ചുവരാൻ ഉള്ള ശ്രമത്തിലായിരുന്നു നയൻതാര. അപ്പോഴാണ് നാനും റൗഡി താൻ കഥയുമായി വിഘ്നേഷ് താരസുന്ദരിക്ക് മുന്നിൽ എത്തുന്നത്. ഗുണ്ടാകഥ കോമഡി പശ്ചാത്തലത്തിൽ പുതുമകളോടെ അവതരിപ്പിച്ച ചിത്രം വിഘ്നേഷിന് മാത്രമല്ല വിജയ് സേതുപതിക്കും നയൻതാരക്കും പുതിയ മേൽവിലാസം ഉണ്ടാക്കി കൊടുത്തു. ലേഡി സൂപ്പർസ്റ്റാർ എന്ന പദവിയിലേക്കുള്ള ചവിട്ടുപടി കൂടിയായി നയന്‍താരയെ സംബന്ധിച്ച് ഈ ചിത്രം. സിനിമാസെറ്റിൽ വിഘ്നേഷും നയൻതാരയും മണിക്കൂറുകളോളം സമയം ചെലവഴിച്ചെന്ന് നടൻ മൻസൂർ അലി ഖാൻ പ്രചാരണപരിപാടിക്കിടെ പറഞ്ഞതോടെ താരപ്രണയത്തെ കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നുതുടങ്ങി.
എന്നാൽ ഒരു വർഷത്തോളം സൗഹൃദത്തെ കുറിച്ച് ഇരുവരും മൗനം പാലിച്ചു. 2017ൽ ആണ് പ്രണയം ഇരുവരും ഔദ്യോഗികമാക്കുന്നത്. വിദേശത്ത് ഒരു അവാർഡ് നിശയിൽ കൈകോർത്തെത്തിയ താരജോഡി വാർത്തകളിൽ ഇടം നേടി. മികച്ച സംവിധായകനുള്ള പുരസ്കാരം പ്രണയിനിക്ക് സമർപ്പിച്ച് വിഘ്നേഷ് പ്രണയം വേദിയിൽ പറയാതെ പറഞ്ഞു. സോഷ്യൽമീഡിയ അക്കൗണ്ടില്ലാത്ത നയൻതാരയുടെ വ്യക്തിജീവിതത്തിലെ പല മുഹൂർത്തങ്ങളും വിഘ്നേഷിന്റെ പോസ്റ്റുകളിലൂടെ ആരാധകർ കണ്ടു. നയൻസിനൊപ്പമുള്ള അവധിക്കാലയാത്രകളും, പിറന്നാൾ ആഘോഷവും ഓണവും തീർത്ഥാടനവുമെല്ലാം വിഘ്നേഷ് പങ്കുവച്ചു. സിനിമാനിർമ്മാണത്തിലും ഇരുവരും പങ്കാളികളായി.
2021 മാർച്ച് 25ന് മോതിരമണിഞ്ഞ നയൻതാരയുടെ ചിത്രം വിഘ്നേഷ് പോസ്റ്റ് ചെയ്തതോടെ വിവാഹനിശ്ചയം നടന്നെന്ന അഭ്യൂഹം പരന്നു. പിന്നീട് ഓഗസ്റ്റിൽ പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന ടെലിവിഷൻ അഭിമുഖത്തിൽ വിവാഹനിശ്ചയം കഴിഞ്ഞെന്ന് നയൻതാര വെളിപ്പെടുത്തി. വിവാഹം എല്ലാവരെയും അറിയിക്കുമെന്നായിരുന്നു നടിയുടെ വാക്കുകൾ. കുടുംബത്തോടുള്ള കരുതലും, പോസിറ്റീവ് ഊർജവും, പ്രോത്സാഹനവുമെല്ലാം വിഘ്നേഷിലേക്ക് തന്നെ ആകർഷിച്ചതായും നയൻതാര അന്ന് പറഞ്ഞു. ചെന്നൈയിലെ കാളികംബാൾ ക്ഷേത്രത്തിൽ സിന്ദൂരമണിഞ്ഞ് നിൽക്കുന്ന നയൻതാരയുടെ ചിത്രം 2022 മാർച്ചിൽ പുറത്തുവന്നതോടെ വിവാഹം നടന്നെന്ന വാർത്തകൾ പ്രചരിച്ചു. അഭ്യൂഹങ്ങൾക്കൊടുവിൽ കഴിഞ്ഞ മാസമാണ് വിവാഹം ഔദ്യോഗികമായി തീരുമാനിച്ചെന്ന വിവരം പുറത്തുവരുന്നത്. 6 വർഷം നീണ്ട ഒന്നിച്ചുള്ള യാത്രക്കൊടുവിൽ 38കാരിയായ നയൻസിനും 37 കാരനായ വിക്കിക്കും ഇത് പ്രണയസാക്ഷാത്കാരം. തിരുപ്പതിയിൽ സിനിമയെ വെല്ലുന്ന സെറ്റിൽ ആണ് താരവിവാഹം. ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുക്കുന്ന കല്യാണം ക്യാമറയിൽ പകർത്താൻ വൻതുകക്ക് ഒരു ഒടിടി കമ്പനിക്കാണ് അവകാശം നൽകിയിരിക്കുന്നത്. പൊന്നുംവിലയുള്ള കല്യാണത്തിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.