Nayanthara wedding photo : വിഘ്‍നേശ് ശിവന്റെയും നയൻതാരയുടെയും വിവാഹ ഫോട്ടോ പുറത്ത്

വിവാഹിതനായ വിവരം അറിയിച്ച് ഫോട്ടോ പുറത്തുവിട്ട് വിഘ്‍നേശ് ശിവൻ (Nayanthara wedding).

Nayanthara Vignesh Shivan wedding photo out

ഏറെക്കാലത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. ഇപ്പോഴിതാ വിവാഹ ഫോട്ടോയും പങ്കുവെച്ചിരിക്കുകയാണ് വിഘ്‍നേശ് ശിവൻ (Nayanthara wedding).

ദൈവത്തിന്റെയും മാതാപിതാക്കളുടെയും അനുഗ്രഹത്താല്‍ എന്ന് എഴുതിയാണ് വിവാഹം കഴിഞ്ഞ കാര്യം ഫോട്ടോ പുറത്തുവിട്ട് വിഘ്‍നേശ് ശിവൻ അറിയിച്ചത്.  വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന. വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്.

വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

'നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വച്ച് തുടങ്ങിയ പ്രണയം, ഇരുവരും തമ്മിലുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നതോടെയാണ് ആരാധകരും ഏറ്റെടുത്തത്. തങ്ങളുടെ വിവാഹനിശ്ചയം കഴിഞ്ഞ വിവരം നയന്‍താര 2021 സെപ്റ്റംബറില്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു അത്.

Read More : നയൻതാര- വിഘ്‍നേശ് ശിവൻ വിവാഹത്തിന് എത്തിയ രജനികാന്തും വിജയ്‍യും- വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios