'ആശുപത്രി സീനിലും ഹെവി മേക്കപ്പ്'; മാളവികയുടെ വിമര്‍ശനത്തിന് മറുപടിയുമായി നയന്‍താര
ആറ്റ്ലിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ രാജാ റാണി എന്ന ചിത്രത്തിലെ ഒരു രംഗത്തെ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശിച്ചിരുന്നു
ഒരു ചിത്രത്തിലെ ആശുപത്രി സീനില്‍ താന്‍ മുഴുവന്‍ മേക്കപ്പോടെയും അഭിനയിച്ചതായ നടി മാളവിക മോഹനന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി നയന്‍താര. ആറ്റ്ലിയുടെ സംവിധാനത്തില്‍ 2013 ല്‍ പുറത്തിറങ്ങിയ രാജാ റാണി എന്ന ചിത്രത്തിലെ ഒരു രംഗത്തെ മുന്‍പ് നല്‍കിയ ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശിച്ചിരുന്നു. ചിത്രത്തിലെ ഒരു ആശുപത്രി രംഗത്തില്‍ അഭിനയിക്കുമ്പോഴും നയന്‍താര വലിയ തോതില്‍ മേക്കപ്പ് ഇട്ടിരുന്നതിനെ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതിന്‍റെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. താന്‍ നായികയാവുന്ന പുതിയ ചിത്രം കണക്റ്റിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തെക്കുറിച്ച് നയന്‍താര പ്രതികരിച്ചത്.
നയന്‍താരയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു മാളവികയുടെ വിമര്‍ശനം. ഒരു ആശുപത്രി രംഗത്തില്‍ ഈ സൂപ്പര്‍താര നായികയെ ഞാന്‍ കണ്ടു. മേക്കപ്പും തലമുടിയുമൊക്കെ ഒരു കുഴപ്പവും പറ്റാതെ ഉണ്ടായിരുന്നു. അവര്‍ മരിക്കുകയാണ്, അതേസമയം മുഴുവന്‍ മേക്കപ്പിലുമാണ്. ഐലൈനര്‍ ഒക്കെ ഇട്ടിരുന്നു. ഒരു മുടിയിഴ പോലും സ്ഥാനം മാറി കിടന്നിരുന്നില്ല. ലിപ്സ്റ്റിക് ഒക്കെ ഇത്ര കൃത്യമായി ഇട്ട് ഒരാള്‍ക്ക് എങ്ങനെ മരിക്കാനാവുമെന്ന് ഞാന്‍ ചിന്തിച്ചു. ഒരു വാണിജ്യ സിനിമയില്‍ നിങ്ങള്‍ കാണാന്‍ ഭംഗിയോടെ ഇരിക്കണം. പക്ഷേ യാഥാര്‍ഥ്യത്തോട് കുറച്ചെങ്കിലും അടുത്ത് നില്‍ക്കണ്ടേ അത്, മാളവിക ചോദിച്ചിരുന്നു.
ALSO READ : ഉദ്വേഗവഴിയിലെ 'കാപ്പ', നിറഞ്ഞാടുന്ന പൃഥ്വിരാജ്; റിവ്യൂ
ഇതിന് മാളവികയുടെ പേര് പരാമര്‍ശിക്കാതെയാണ് നയന്‍താരയുടെയും മറുപടി. മറ്റൊരു നായികാതാരത്തിന്‍റെ അഭിമുഖം ഞാന്‍ കണ്ടു. അതില്‍ എന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല, പക്ഷേ ഉദ്ദേശിച്ചിരിക്കുന്നത് എന്നെയാണ്. അഭിനയിച്ച ഒരു ആശുപത്രി രംഗത്തില്‍ ഞാന്‍ ധരിച്ച മേക്കപ്പിനെക്കുറിച്ചായിരുന്നു വിമര്‍ശനം. അത്തരമൊരു രംഗത്തില്‍ ഒരാള്‍ ഇത്രയും ഭംഗിയായി പ്രത്യക്ഷപ്പെടണമോ എന്നാണ് അവര്‍ ചോദിച്ചത്. ആശുപത്രി രംഗത്തില്‍ വലിയ സൌന്ദര്യത്തോടെ പ്രത്യക്ഷപ്പെടണമെന്ന് ഞാന്‍ പറയില്ല. അതേസമയം അതിന്‍റെയര്‍ഥം നിങ്ങള്‍ മോശമായി വരണമെന്ന് അല്ലല്ലോ. ഒരു റിയലിസ്റ്റിക് സിനിമയും വാണിജ്യ സിനിമയും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഒരു റിയലിസ്റ്റിക് ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ അത്തരം ഗെറ്റപ്പ് ആണ് നിങ്ങള്‍ക്ക് ഉണ്ടാവുക. നടി പറഞ്ഞ ഉദാഹരണം ഒരു വാണിജ്യ സിനിമയിലേത് ആണ്. അതിന്‍റെ സംവിധായകന് എന്നെ അങ്ങനെ അവതരിപ്പിക്കാനായിരുന്നു താല്‍പര്യം, നയന്‍താര പറയുന്നു.