'താൻ തികഞ്ഞ ദൈവ വിശ്വാസി'; അന്നപൂരണി വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര
താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്. ജയ് ശ്രീ രാം എന്ന തലക്കെട്ടോടെയായിരുന്നു നയൻതാരയുടെ സോഷ്യൽ മീഡിയ പോസ്റ്റ്.
ചെന്നൈ: അന്നപൂരണി സിനിമയെ സംബന്ധിച്ച വിവാദത്തിൽ ക്ഷമ ചോദിച്ച് നയൻതാര. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്. സിനിമയിലൂടെ പോസറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. സെൻസർ ബോർഡ് അനുമതിയുള്ള ചിത്രം ഒടിടിയിൽ എത്തുമ്പോൾ വിവാദമാകുമെന്ന് കരുതിയില്ലെന്നും നയൻതാര പറയുന്നു. ജയ് ശ്രീ രാം എന്ന തലക്കെട്ടോടെയായിരുന്നു നയൻതാരയുടെ സോഷ്യൽ മീഡിയ പോസ്റ്റ്. തമിഴ്, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍ ക്ഷമാപണ കുറിപ്പുണ്ട്.
മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ നടി നയൻതാരക്കെതിരെയും നെറ്റ്ഫ്ലിക്സ് അധികൃതർക്കെതിരെയും നേരത്തെ കേസെടുത്തിരുന്നു. നെറ്റ്ഫ്ലിക്സിലെ അന്നപൂരണി എന്ന സിനിമയുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലാണ് കേസ്. മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ഹിന്ദു സംഘടനകളാണ് പരാതി നൽകിയത്. സിനിമയ്‍ക്കെതിരെ വിവാദം ഉയർന്ന പശ്ചാത്തലത്തിൽ നയൻതാര ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച തമിഴ് സിനിമ 'അന്നപൂരണി' നെറ്റ്ഫ്ലിക്സിൽ നിന്നും നീക്കം ചെയ്തിരുന്നു. ചിത്രത്തിനെതിരെ ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയായിരുന്നു നടപടി.
നിലേഷ് കൃഷ്ണ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം സീ സ്റ്റുഡിയോസും നാഡ് സ്റ്റുഡിയോസും ട്രിഡെന്‍റ് ആര്‍ട്സും ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഒരു ക്ഷേത്ര പൂജാരിയുടെ മകളായ അന്നപൂരണി രംഗരാജനെയാണ് നയന്‍താര ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പാചകവിദഗ്ധയാവാന്‍ ആഗ്രഹിക്കുന്നയാളാണ് അന്നപൂരണി. എന്നാല്‍ സസ്യേതര ഭക്ഷണം പാകം ചെയ്യാന്‍ അവള്‍ പല പ്രതിസന്ധികളും നേരിടുന്നുണ്ട്. ജയ് അവതരിപ്പിക്കുന്ന ഫര്‍ഹാന്‍ എന്ന കഥാപാത്രമാണ് ചിത്രത്തിലെ നായകന്‍. ശ്രീരാമന്‍ മാംസഭുക്ക് ആയിരുന്നുവെന്ന് ജയ് നയന്‍താരയുടെ കഥാപാത്രത്തോട് പറയുന്നുണ്ട്. ബിരിയാണി പാകം ചെയ്യുന്നതിന് മുന്‍പ് അന്നപൂരണി നിസ്കരിക്കുന്നുണ്ട്. ഇക്കാര്യങ്ങളും ഒപ്പം ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരുന്നത്.