വെള്ളം വിറ്റും ഹോട്ടല്‍പ്പണിയെടുത്തും സിനിമാക്കാരനായ കഥ, ഇന്ന് രാജ്യത്തിന്റെ മികച്ച നടൻ
മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡിലേക്ക് നടന്ന് തീര്‍ത്ത ആ വഴികള്‍.
ഇരുപത് മിനുട്ട് മാത്രം. മറുഭാഷയിലെ ഒരു നടനും സംവിധായകനും മലയാളികളുടെയടക്കം ഉള്ളില്‍ കുടിയേറാനെടുത്ത സമയത്തിന്റെ ദൈര്‍ഘ്യമാണത്. കന്നഡയുടെ കാന്താരയില്‍ നിന്നുള്ള രംഗത്തെ കുറിച്ചാണ് പരാമര്‍ശിച്ചത്. ദൈവികമായ പകര്‍ന്നാട്ടമെന്നോ വേഷപ്പകര്‍ച്ചയിലെ ഭ്രമാത്മകതയോയെന്നൊക്കെ സിനിമാ പ്രവര്‍ത്തകരും ആസ്വാദകരും വിശേഷിപ്പിച്ച സമയമാണത്. വാഴ്‍ത്തു വാക്കുകള്‍ക്കപ്പുറം ആ രംഗം തിയറ്ററുകളിലും സ്വീകരിക്കപ്പെട്ടപ്പോള്‍ കന്നഡയുടെ വാണിജ്യ വിജയങ്ങളിലെ സിനിമകളുടെ മറുവാക്കായി കാന്താര. ഒടുവില്‍ ദേശീയ ചലച്ചിത്ര അവാര്‍ഡിലും കാന്താര ജ്വലിക്കുകയാണ്. അങ്ങനെ മുൻനിരയില്‍ കസേര വലിച്ചിട്ടിരിക്കാൻ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി നടന്ന ദൂരം ഒരുപാടുണ്ട്.
ഇപ്പോള്‍ 41 വയസ്സാണ് പ്രായം. വളര്‍ന്നത് പ്രശാന്ത് ഷെട്ടിയെന്ന പേരില്‍. കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കദ്രിയില്‍ തുളു കുടുംബത്തിലായിരുന്നു ജനനം. ബംഗ്ലൂരുവില്‍ വിജയ കോളേജില്‍ നിന്ന് തന്റെ ബിരുദ പഠന കാലത്താണ് കലാലോകത്തേക്കുമെത്തുന്നത്. കുന്ദപുരയില്‍ യക്ഷഗാനത്തിലൂടെ പ്രശാന്ത് തിയറ്ററില്‍ സജീവമായി. തുടക്കത്തിലേ പേരെടുക്കാനും പ്രശാന്തിനായി. കരിയര്‍ കലയാണ് എന്ന് തിരിച്ചറിയാനും താരം അധികം സമയമെടുത്തില്ല.
പക്ഷേ സര്‍വ കലകളുടെയും സംഗമമായ സിനിമയായിരുന്നു പ്രശാന്തിന്റെയും ലക്ഷ്യം. വഴികള്‍ ഒട്ടും എളുപ്പവുമായിരുന്നില്ല. സിനിമാ ബന്ധം തീരെയുണ്ടായിരുന്നുമില്ല പ്രശാന്തിന്. അതിനാല്‍ ജോലികള്‍ പലതും നോക്കി. എന്ത് ജോലിയായാലും ചെയ്യുകയെന്നതായിരുന്നു രീതി. കുടിവെള്ള വിതരണം, ഹോട്ടല്‍ ജോലി തുടങ്ങി റിയല്‍ എസ്റ്റേറ്റടക്കം പ്രവര്‍ത്തന മേഖലയായി, ആ കാലത്ത് സര്‍ക്കാരിന്റെ ഫിലിം ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് പ്രശാന്ത് ഷെട്ടി സംവിധാനത്തില്‍ ഡിപ്ലോമയും നേടി.
സിനിമാ മേഖലയില്‍ പ്രശാന്ത് ഷെട്ടിയും ആദ്യം ക്ലാപ് ബോയിയായും സ്‍പോട്ട് ബോയിയായും സംവിധാന സഹായിയായുമൊക്കെ ജോലി നോക്കി. അതിനിടയില്‍ രക്ഷിത് ഷെട്ടി പരിചയപ്പെട്ടു. മോശമല്ലാത്ത ഒരു വേഷം 2012ലെ സിനിമ തുഗ്ലക്ക് ആയിരുന്നു. രക്ഷിത് ഷെട്ടിയുടെ ഉളിദവരെ കണ്ടന്റെ സിനിമയില്‍ മികച്ചൊരു വേഷം പ്രശാന്തിന് ലഭിച്ചു. സുഹൃത്തായ രക്ഷിത് ഷെട്ടിയെ നായകനാക്കി സംവിധായകനായി റിക്കിയിലൂടെ 2016ല്‍ അരങ്ങേറിയെങ്കിലും വിജയമായില്ല. എന്നാല്‍ 2016ല്‍ കിര്‍ക്ക് പാര്‍ട്ടിയുടെ സംവിധായകനായി ഇൻഡസ്‍ട്രി ഹിറ്റ് നേടുകയും ചെയ്‍തു. ഋഷഭ് ഷെട്ടിയെന്ന് പേര് മാറ്റിയ താരം സര്‍ക്കാരി ഹിരിയ പ്രാഥമിക ശാലൈ, കാസര്‍ഗോഡ് കൊടുഗേ രാമണ്ണ റായ് സംവിധാനം ചെയ്‍ത് കുട്ടികളുടെ സിനിമയ്‍ക്കുള്ള ദേശീയ അവാര്‍ഡ് നേടി.
ഋഷഭ് ഷെട്ടി നായകനായി അരങ്ങേറിയ സിനിമ ബെല്‍ബോട്ടമാണ്. 2019ലാണ് ബെല്‍ബോട്ടം പ്രദര്‍ശനത്തിനെത്തിയത്. ഒരു ക്രൈം കോമഡി ചിത്രമായിരുന്നിത്. വൻ വിജയമായിരുന്നു ബെല്‍ബോട്ടം.
എന്നാല്‍ പ്രകടനത്തില്‍ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച ചിത്രം ഗരുഢ ഗമന വൃഷഭയാണ്. സംവിധായകൻ രാജ് ബി ഷെട്ടിയുടെ ചിത്രത്തില്‍ നിറഞ്ഞാടുകയായിരുന്നു നടനായി ഋഷഭ് ഷെട്ടി. നിരൂപകരുടെയും പ്രശംസ നേടി ചിത്രം. മിഷൻ ഇംപോസിബിളിനു പുറമേ കന്നഡ താരം ഹരികാതെ അല്ല ഗിരികാതെയിലും വേഷമിട്ടു.
രാജ്യത്തിന്റെയാകെ നോട്ടം ഋഷഭ് ഷെട്ടിയിലെത്തിച്ച ചിത്രം കാന്താരയുടെ നിര്‍മാണ നിര്‍വഹണം ഹൊംമ്പാളെ ഫിലിംസ് ആണ്. ഭാഷ അതിരിടാതെയായിരുന്നു കാന്താരയുടെ സ്വീകാര്യത. ജനപ്രിയവും കലാമേൻമയോടൊപ്പം ചേര്‍ത്ത് അളക്കുന്ന അവാര്‍ഡ് നിര്‍ണയത്തില്‍ ദേശീയതലത്തില്‍ ഒന്നാമതെത്തിയതും അങ്ങനെയാണ്. കാന്താര ആഗോളതലത്തില്‍ ആകെ 450 കോടിയോളം നേടിയപ്പോള്‍ ബജറ്റ് വെറും 16 കോടി മാത്രമായിരുന്നുവെന്ന് ഓര്‍ക്കുക. കാന്താരയുടെ വിജയത്തിന്റെ പ്രാധ്യന്യം അതുമാണ്. പ്രദേശികതയുടെ വേരുകളിലുറപ്പിച്ച് ആഗോളമാനം കൈവരിക്കുന്ന തിരക്കഥാ എഴുത്താണ് ഋഷഭ് ഷെട്ടിയുടേതെന്നതും ലോകമെങ്ങുമുള്ള സിനിമാ പ്രേക്ഷകരില്‍ കൗതുകമുളവാക്കുന്ന ഘടകമാണ്. ഇപ്പോള്‍ ഋഷഭ് കാന്താരയുടെ പിൻനടത്തത്തിലാണ്. കാന്താരയിലെ കാഴ്‍ചകള്‍ക്കിപ്പുറം മുമ്പ് എന്തായിരുന്നു കഥ എന്ന വെളിപ്പെടുത്തിനൊരുങ്ങിയിരിക്കുകയാണ് ഋഷഭ്. കാന്താര പ്രീക്വലിനായി രാജ്യം കാത്തിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക