ദേശീയ അവാര്‍ഡില്‍ അവഗണന; ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ അവഗണനയ്ക്കെതിരെ തമിഴ് പ്രേക്ഷകര്‍
എന്നാല്‍ 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ് തമിഴ് സിനിമ ആരാധകര്‍. 2021 ല്‍ തമിഴില്‍ നിന്നും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടും അവ പരിഗണിക്കാത്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
ചെന്നൈ:കഴിഞ്ഞ ദിവസമാണ് 2021ലെ മികച്ച സിനിമകള്‍ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിക്കപ്പെട്ടത്. അല്ലു അര്‍ജുന്‍ തെലുങ്ക് സിനിമ ലോകത്ത് നിന്ന് ആദ്യമായി മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടി. ഇദ്ദേഹത്തിന് നടനുള്ള പുരസ്കാരം നേടികൊടുത്ത പുഷ്പയ്ക്ക് മികച്ച ഗാനങ്ങള്‍ക്കും അവാര്‍ഡ് ലഭിച്ചു. അതിന് പുറമേ ആര്‍ആര്‍ആര്‍ മികച്ച വിഷ്വല്‍ ഇഫക്ടിനും, പാശ്ചത്തല സംഗീതത്തിനും, ആക്ഷന്‍ കൊറിയോഗ്രാഫിക്കും, കൊറിയോഗ്രാഫിക്കും അവാര്‍ഡ് നേടി. ജനപ്രിയ ചിത്രവും ആര്‍ആര്‍ആര്‍ ആണ്. മലയാളത്തിന് മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് ഷാഹി കബീറിന്‍റെ നായാട്ടിലൂടെ ലഭിച്ചു.
എന്നാല്‍ 69മത് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തില്‍ സോഷ്യല്‍ മീഡിയയില്‍ കടുത്ത രോഷത്തിലാണ് തമിഴ് സിനിമ ആരാധകര്‍. 2021 ല്‍ തമിഴില്‍ നിന്നും പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ മികച്ച ചിത്രങ്ങള്‍ ഉണ്ടായിട്ടും അവ പരിഗണിക്കാത്തതാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. പ്രധാനമായും ജയ് ഭീം, കര്‍ണ്ണന്‍ ചിത്രങ്ങളെ പൂര്‍ണ്ണമായും ജ്യൂറി തള്ളിയെന്നാണ് പ്രധാനമായും ആരോപണം.
തമിഴ് സിനിമയോട് ദേശീയ അവാര്‍ഡില്‍ അവഗണന കാണിച്ചു എന്നതിലുള്ള പ്രതികരണമായിതമിഴ് നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ നടത്തിയ പ്രസ്താവനയും പലരും ഉദാഹരിക്കുന്നുണ്ട്. ദി കശ്മീര്‍ ഫയല്‍സ് എന്ന ചിത്രത്തിന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള അവാര്‍ഡ് നല്‍കിയതിനെ വിമര്‍ശിച്ച് തമിഴ്നാട് മുഖ്യമന്ത്രി നേരത്തെ രംഗത്ത് എത്തിയിരുന്നു.
ദക്ഷിണേന്ത്യയിൽ നിന്നുള്ള സിനിമകൾ 2021 വർഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കൊവിഡ് കാലമായതിനാല്‍
സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഈ ജനപ്രീതിക്ക് ഒരു പ്രധാന പങ്ക് വഹിച്ചു. തമിഴ് ചിത്രമായ കർണനിൽ ധനുഷ് പ്രശംസനീയമായ പ്രകടനം കാഴ്ചവച്ച വർഷമായിരുന്നു ഇത്, മലയാളം ചിത്രങ്ങളായ ജോജി, മാലിക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഫഹദ് ഫാസിൽ പ്രശംസ നേടി. എന്നാല്‍ ജൂറിക്ക് മുന്നില്‍ എത്തിയില്ലെ എന്ന ചോദ്യം ഉയരുന്നുണ്ട്.
നായാട്ട് മികച്ച ഒറിജിനൽ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടിയപ്പോൾ, കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്ജ്, നിമിഷ സജയൻ എന്നീ മൂന്ന് പ്രധാന കഥാപാത്രങ്ങളുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടതായിരുന്നു എന്നാല്‍ ഇതൊന്നും ജൂറിക്ക് മുന്നില്‍ എത്തിയില്ല. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ രാജ്യ വ്യാപകമായി ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും അതും ജൂറിക്ക് മുന്നില്‍ എത്തിയില്ലെന്ന് വേണം കരുതാന്‍. അവാസ വ്യൂഹം എന്ന ശ്രദ്ധിക്കപ്പെട്ട ചിത്രത്തിന് മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. ജൂറി അംഗം കൂടിയായ മലയാള ചലച്ചിത്ര നിർമ്മാതാവ് ജി സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ എട്ട് മലയാള ഭാഷാ ചിത്രങ്ങൾ അന്തിമ പരിഗണനയിൽ എത്തിയതായി വെളിപ്പെടുത്തിയത്.
ജയ് ഭീം, സർപ്പട്ട പരമ്പരൈ , കര്‍ണ്ണന്‍ എന്നിവ ഒഴിവാക്കപ്പെട്ടതാണ് തമിഴ് പ്രേക്ഷകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയാകുന്നത്. ലിജോ മോളുടെ അഭിനയത്തിന് അവര്‍ക്ക് ദേശീയ അവാര്‍ഡിന് അര്‍ഹതയുണ്ടെന്നാണ് പൊതുവില്‍ ഉയരുന്ന വാദം.
മികച്ച നടന്‍ പുഷ്പയിലെ റോളിന് അല്ലു അര്‍ജുന്‍;ദേശീയ അവാര്‍ഡിലെ വലിയ ട്വിസ്റ്റ് സംഭവിച്ചത് ഇങ്ങനെ.!