'സച്ചിയില്ലല്ലോ എന്നത് സങ്കടമാണ്'; പുരസ്കാര നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ഭാര്യ സിജി

സന്തോഷത്തിനിടയിലും സച്ചിയില്ലല്ലോ എന്നത് സങ്കടമാണ്. ദേശീയ അവാർഡ് വാങ്ങാൻ പോകണമെന്ന ആഗ്രഹം സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി പ്രതികരിച്ചു.

national film awards 2022 wife shared happiness on sachy won award of best director

കൊച്ചി: സച്ചിയ്ക്ക് ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചതിൽ സന്തോഷമെന്ന് ഭാര്യ സിജി. സന്തോഷത്തിനിടയിലും സച്ചിയില്ലല്ലോ എന്നത് സങ്കടമാണ്. ദേശീയ അവാർഡ് വാങ്ങാൻ പോകണമെന്ന ആഗ്രഹം സച്ചി എപ്പോഴും പറയുമായിരുന്നുവെന്നും സിജി പ്രതികരിച്ചു. സച്ചിയുടെ കഥകൾക്കും സിനിമകൾക്കും തുടർച്ചയുണ്ടാകാനുള്ള ശ്രമമുണ്ടാകുമെന്നും സിജി കൂട്ടിച്ചേര്‍ത്തു.

മലയാളത്തിന്‍റെ അഭിമാനമായി അയ്യപ്പനും കോശിയും

68-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തില്‍ മലയാളത്തിന്‍റെ അഭിമാനത്തിളക്കത്തിലും നൊമ്പരമായി സച്ചി. ഇത്തവണ മലയാളത്തിന് കീര്‍ത്തിയേകിയത് സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' എന്ന സിനിമയാണ്. നാല് അവാര്‍ഡുകളാണ് സിനിമയ്ക്ക് ലഭിച്ചത്. മികച്ച സംവിധായകനായി സച്ചി തെരഞ്ഞെടുക്കപ്പെട്ടത് അര്‍ഹതയ്ക്കുള്ള അംഗീകാരമായി. മികച്ച പിന്നണി ഗായികയായി നഞ്ചിയമ്മയും മികച്ച സഹനടനായി ബിജു മേനോനും മികച്ച സംഘട്ടന സംവിധായകനായി മാഫിയ ശശിയും 'അയ്യപ്പനും കോശി'യിലൂടെയും തെരഞ്ഞെടുക്കപ്പെട്ടു.

കച്ചവടവും കലയും ഒരുമിച്ച സിനിമ അനുഭവങ്ങൾ മലയാളികൾക്ക് നൽകിയ സംവിധായകൻ സച്ചിയുടെ ഓര്‍മകളാണ് ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപന വേളയില്‍ മലയാളികളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പതിമൂന്ന് വര്‍ഷം മാത്രം നീണ്ടുനിന്ന സിനിമ ജീവിതത്തിൽ, തിരക്കഥാകൃത്ത് പങ്കാളിയിൽ നിന്നും സ്വതന്ത്ര തിരക്കഥാകൃത്തായും, സംവിധായകനായും മലയാളസിനിമയിൽ ഇടം കണ്ടെത്തിയ ആളാണ് സച്ചി. വക്കീല്‍ ജോലിയില്‍ നിന്ന് സിനിമാ ലോകത്തേയ്‍ക്ക് എത്തി സ്വന്തം ഇരിപ്പിടം സ്വന്തമാക്കിയ ചലച്ചിത്രകാരൻ. 'അയ്യപ്പനും കോശിയും' എന്ന സിനിമയുടെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം.

Also Read: 'സച്ചി.. എനിക്ക് എന്ത് പറയണമെന്ന് അറിയില്ല മനുഷ്യാ': വികാരാധീനനായി പൃഥ്വിരാജ്

സച്ചി- സേതു എന്നായിരുന്നു വെള്ളിത്തിരയില്‍ ആദ്യം തെളിഞ്ഞത്. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് സച്ചിയെയും സേതുവിനെയും വക്കീൽ ജോലിയിൽ നിന്ന് സിനിമാ മേഖലയിലെത്തിച്ചത്. 2007ൽ പുറത്തിറങ്ങിയ 'ചോക്ലേറ്റി'ലൂടെയാണ് സച്ചി സേതു തിരക്കഥാ കൂട്ടുകെട്ട് പിറന്നത്. ചിത്രം തിയറ്ററിൽ നിറഞ്ഞ് ഓടി. തുടർന്ന് സച്ചി സേതു എന്നീ പേരുകളും നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഫോർമുലയിൽ ഇടംപിടിച്ചു. 'റോബിൻ ഹുഡ്', 'മേക്കപ് മാൻ', 'സീനിയേഴ്‍സ്', തുടങ്ങി ഒരുപിടി ചിത്രങ്ങൾ സച്ചി സേതു കൂട്ടുകെട്ടിലെത്തി.

Also Read: 'സച്ചി സാറിന് നന്ദി'; പുരസ്‌കാര നേട്ടത്തിൽ സന്തോഷം എന്ന് നഞ്ചിയമ്മ

സിനിമ സങ്കല്‍പ്പങ്ങൾ വ്യത്യസ്‍തമാണെന്ന് തിരിച്ചറിഞ്ഞതോടെ ആ കൂട്ടുകെട്ട് പിരിഞ്ഞു. 2012ൽ 'റണ്‍ ബേബി റണ്‍' എന്ന മോഹൻലാൽ ചിത്രമാണ് സച്ചിയുടെ ആദ്യത്തെ സ്വതന്ത്ര തിരക്കഥ. ബിജു മേനോൻ ചിത്രമായ 'ചേട്ടായീസി'ൽ നിർമ്മാതാക്കളിൽ ഒരാളായും സച്ചിയെ കണ്ടു. 2015ൽ 'അനാർക്കലി' എന്ന ചിത്രത്തിലൂടെയാണ് താൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ച സംവിധാന രംഗത്തേക്ക് സച്ചി എത്തുന്നത്. പിന്നീട് ഒരു ഇടവേളക്ക് ശേഷം 'അയ്യപ്പനും കോശി'യും എന്ന ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമയിൽ സ്ഥാനം ഊട്ടി ഉറപ്പിച്ചതിന് തൊട്ട് പിന്നാലെയായിരുന്നു അകാലവിയോഗം. 

Also Read: ഓർക്കാനും നന്ദി പറയാനുമുള്ളത് സച്ചിയോട്; ദേശീയ അവാർഡിനോട് പ്രതികരിച്ച് ബിജു മേനോൻ

എല്ലാ അര്‍ഥത്തിലും സച്ചിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയാണ് 'അയ്യപ്പനും കോശിയും'. ചിത്രത്തിന്‍റെ സാങ്കേതിക മികവില്‍ തുടങ്ങി വിനോദമൂല്യത്തിലും അതുപറഞ്ഞ രാഷ്‍ട്രീയത്തിലുമൊക്കെ സച്ചി മലയാളസിനിമയിലെ സ്വന്തം കസേര കുറച്ചുകൂടി ഉയര്‍ന്ന പ്രതലത്തിലേക്ക് നീക്കിയിട്ടു. 'റിട്ടയേര്‍ഡ് ഹവില്‍ദാര്‍ കോശി കുര്യനും' പൊലീസുകാരന്‍ 'അയ്യപ്പന്‍ നായര്‍'ക്കുമിടയില്‍ ഉടലെടുക്കുന്ന സംഘര്‍ഷത്തെ മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമാരൂപത്തിലേക്ക് എത്തിച്ചിട്ടും പടത്തിന് റിപ്പീറ്റ് ഓഡിയന്‍സ് ഉണ്ടായി എന്നതാണ് സച്ചി നേടിയ വിജയം. പറയാന്‍ എന്തെങ്കിലുമുള്ള ഒരു സിനിമയിലെ കഥാപാത്രങ്ങളുടെ മാനറിസങ്ങളും ഡയലോഗുകളുമൊക്കെ 'മാസ്' എന്ന വിശേഷണത്തോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത കാഴ്‍ച കൂടിയായിരുന്നു 'അയ്യപ്പനും കോശിയും'.

Latest Videos
Follow Us:
Download App:
  • android
  • ios