'ഒതളങ്ങ തുരുത്തി'ലെ 'നത്തി'നെ സിനിമേലെടുത്തു! ബിഗ് സ്ക്രീന്‍ അരങ്ങേറ്റം ജൂഡ് ആന്‍റണിക്കൊപ്പം
സിരീസിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു 'നത്ത്'. അബിന്‍ ബിനോ എന്ന യുവനടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ അബിന്‍ അഭിനേതാവ് എന്ന നിലയില്‍ തന്‍റെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
കൊവിഡ് കാലത്ത് മലയാളികള്‍ ഏറെ ആസ്വദിച്ച കോമഡി വെബ് സിരീസ് ആണ് 'ഒതളങ്ങ തുരുത്ത്'. കേരളത്തിന്‍റെ ഉള്‍നാടന്‍ പ്രകൃതിഭംഗിയും നവാഗതരും പ്രതിഭാധനരായ യുവാക്കളുടെ പ്രകടനവും പൊട്ടിച്ചിരിപ്പിക്കുന്ന കഥാതന്തുക്കളുമൊക്കെയാണ് സിരീസിനെ ജനപ്രിയമാക്കിയത്. സിരീസിലെ ഏറ്റവും ജനപ്രീതി നേടിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു 'നത്ത്'. അബിന്‍ ബിനോ എന്ന യുവനടനാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇപ്പോഴിതാ അബിന്‍ അഭിനേതാവ് എന്ന നിലയില്‍ തന്‍റെ സിനിമാ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്.
അന്‍വര്‍ റഷീദിന്‍റെ നിര്‍മ്മാണത്തില്‍ 'ഒതളങ്ങ തുരുത്ത്' സിനിമയാവുന്ന കാര്യം നേരത്തെ പുറത്തെത്തിയിരുന്നു. സിരീസ് ഒരുക്കിയ അംബുജി ബിസിഎം തന്നെയാണ് ആ ചിത്രവും സംവിധാനം ചെയ്യുക. എന്നാല്‍ അബിന്‍ ബിനോ അരങ്ങേറ്റം കുറിക്കുക മറ്റൊരു ചിത്രത്തിലൂടെയാണ്. അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ്' എന്ന ചിത്രത്തിലൂടെയാണ് അബിന്‍റെ സിനിമാ അരങ്ങേറ്റം.
"അതിയായ അഭിമാനത്തോടെ പറയട്ടെ ഒതളങ്ങ തുരുത്തിലൂടെ പ്രിയങ്കരനായ അബിൻ (നത്ത് ) സാറാസിലൂടെ മലയാള സിനിമയിൽ അരങ്ങേറുന്നു. ഒതളങ്ങ തുരുത്ത് സിനിമയാകുമ്പോൾ അരങ്ങേറാൻ വച്ചിരുന്ന ഈ മുത്തിനെ എനിക്ക് വിട്ടുതന്ന ഒതളങ്ങ തുരുത്തിന്‍റെ അണിയറപ്രവർത്തകരോട് നന്ദി അറിയിക്കുന്നു. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ അബിൻ", ജൂഡ് ഫേസ്ബുക്കില്‍ കുറിച്ചു.
സ്വതന്ത്ര സംവിധായികയാവാന്‍ ആഗ്രഹിക്കുന്ന അസോസിയേറ്റ് ഡയറക്ടര്‍ ആണ് 'സാറാസി'ലെ 'സാറ'യെന്ന അന്ന ബെന്‍ കഥാപാത്രം. സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. സിനിമയുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. അന്നബെന്നിനൊപ്പം അച്ഛന്‍ ബെന്നി പി നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദിഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി കൗതുകമുണര്‍ത്തുന്ന താരനിര്‍ണ്ണയവുമാണ് ചിത്രത്തിന്‍റേത്.