ഒടിടിയില്‍ അല്ല, 'നന്‍പകല്‍' തിയറ്ററില്‍ത്തന്നെ; ഔദ്യോഗിക പ്രഖ്യാപനം

ലിജോയുടെ കഥയ്ക്ക് എസ് ഹരീഷിന്‍റെ തിരക്കഥ

nanpakal nerathu mayakkam will have theatre release official confirmation mammootty

സിനിമാപ്രേമികള്‍ ഏറെനാളായി ആവേശപൂര്‍വ്വം കാത്തിരുന്ന ചിത്രമായിരുന്നു മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത നന്‍പകല്‍ നേരത്ത് മയക്കം. നാളെ അവസാനിക്കുന്ന കേരള രാജ്യാന്തര ചലച്ചിത്ര മേളയിലായിരുന്നു ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയര്‍. ഡെലിഗേറ്റുകളുടെ വന്‍ തിരക്കായിരുന്നു ചിത്രത്തിന്‍റെ ആകെയുണ്ടായിരുന്ന മൂന്ന് പ്രദര്‍ശനങ്ങള്‍ക്കും ഉണ്ടായത്. റിസര്‍വ് ചെയ്ത് മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും തിരക്ക് കാരണം ചിത്രം കാണാനാവാതിരുന്ന ഡെലിഗേറ്റുകളും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവുമോ എന്നത് ഡെലിഗേറ്റുകള്‍ക്കിടയില്‍ മുഴങ്ങിക്കേട്ട ഒരു ചോദ്യമായിരുന്നു. ഡെലിഗേറ്റുകളിലൊരാള്‍ ഇക്കാര്യം പ്രീമിയറിന് ശേഷമുള്ള ചോദ്യത്തരവേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയോട് ചോദിക്കുകയും ചെയ്തിരുന്നു. അത് മമ്മൂക്ക തീരുമാനിക്കണം എന്നായിരുന്നു ലിജോയുടെ മറുപടി.

ഇപ്പോഴിതാ അക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം എത്തിയിരിക്കുകയാണ്. നന്‍പകല്‍ നേരത്ത് മയക്കത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവും. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്‍റെ നിര്‍മ്മാണവും. ഈ കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ചിത്രത്തിന് തിയറ്റര്‍ റിലീസ് ഉണ്ടാവുമെന്ന അറിയിപ്പ് എത്തിയിരിക്കുന്നത്. ഉടന്‍ എത്തും എന്നല്ലാതെ റിലീസ് തീയതി സംബന്ധിച്ച അറിയിപ്പ് എത്തിയിട്ടില്ല.

ALSO READ : ഈ വര്‍ഷം ഗൂഗിളില്‍ ഏറ്റവുമധികം സെര്‍ച്ച് ചെയ്യപ്പെട്ട 10 സിനിമകള്‍

ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയായി മമ്മൂട്ടി എത്തുന്ന ചിത്രത്തിന്‍റെ കഥ ലിജോയുടേത് തന്നെയാണ്. എസ് ഹരീഷ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തേനി ഈശ്വറിന്‍റേതാണ് ഛായാഗ്രഹണം. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. അശോകന്‍, രാജേഷ് ശര്‍മ്മ, വിപിന്‍ ആറ്റ്ലി, അന്തരിച്ച പൂ രാമു തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ വേഷവുമാണ് നന്‍പകലിലെ ജയിംസ്.

Latest Videos
Follow Us:
Download App:
  • android
  • ios