പ്രകടനത്തില്‍ വിസ്‍മയിപ്പിക്കാന്‍ മമ്മൂട്ടി; 'നന്‍പകല്‍' ഉടന്‍ തിയറ്ററുകളിലേക്ക്
മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറിന് സിനിമാപ്രേമികളുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു ചിത്രം. ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍.
വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക.
ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്. ഡിജിറ്റൽ മാർക്കറ്റിംഗ് വിഷ്ണു സുഗതൻ, അനൂപ് സുന്ദരൻ. പി ആർ ഒ പ്രതീഷ് ശേഖർ.