'എന്തൊരു മമ്മൂട്ടി'! തിയറ്റര്‍ റിലീസിലും മികച്ച പ്രതികരണവുമായി നന്‍പകല്‍ നേരത്ത് മയക്കം
ഫെസ്റ്റിവല്‍ സ്ക്രീനിംഗില്‍ കൈയടി നേടുന്ന ചിത്രം കാണാന്‍ തിയറ്ററില്‍ ആളുണ്ടാവില്ലെന്ന മുന്‍ധാരണയെ ആദ്യദിനം തന്നെ തകര്‍ത്തിരിക്കുകയാണ് ചിത്രം
പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടിയെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനസമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ചിത്രത്തിന്‍റെ പ്രീമിയര്‍ പ്രദര്‍ശനം ഉണ്ടാവും എന്ന അറിയിപ്പ് വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികള്‍ സ്വീകരിച്ചത്. ഐഎഫ്എഫ്കെയില്‍ ഏറ്റവും വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചതും ഈ ചിത്രത്തിന്‍റെ പ്രദര്‍ശനങ്ങളായിരുന്നു. പ്രീമിയറില്‍ മികച്ച പ്രതികരണം ലഭിച്ച ചിത്രത്തിന്‍റെ മൂന്ന് ഷോകളും ഹൗസ്ഫുള്‍ ആയിരുന്നുവെന്ന് മാത്രമല്ല, തിയറ്ററിലേക്ക് പ്രവേശനം കിട്ടാതെ നിരാശരായി മടങ്ങേണ്ടിവന്ന നിരവധി സിനിമാപ്രേമികളുമുണ്ടായിരുന്നു. ഐഎഫ്എഫ്കെ വേദിയില്‍ നിന്ന് പ്രേക്ഷകര്‍ ആവശ്യപ്പെടാന്‍ തുടങ്ങിയതാണ് ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. അത് മമ്മൂട്ടിയാണ് തീരുമാനിക്കേണ്ടത് എന്നായിരുന്നു വേദിയില്‍ ലിജോയുടെ പ്രതികരണം. എന്നാല്‍ മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി തന്നെ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ഇന്നിതാ തിയറ്റര്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്.
ഫെസ്റ്റിവല്‍ സ്ക്രീനിംഗില്‍ കൈയടി നേടുന്ന ചിത്രം കാണാന്‍ തിയറ്ററില്‍ ആളുണ്ടാവില്ലെന്ന മുന്‍ധാരണയെ ആദ്യദിനം തന്നെ തകര്‍ത്തിരിക്കുകയാണ് ചിത്രം. ലിജോ- മമ്മൂട്ടി ആദ്യമായി ഒന്നിക്കുന്നതിന്‍റെ പേരിലുള്ള പ്രീ- റിലീസ് ഹൈപ്പിലാവാം ആദ്യദിനപ്രേക്ഷകര്‍ വന്നതെന്ന് വിചാരിക്കാമെങ്കിലും ചിത്രത്തിന് വന്‍ പ്രതികരണങ്ങളുമാണ് ലഭിക്കുന്നത്. ആദ്യ ഷോകള്‍ക്കിപ്പുറം പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ചതോടെ ഇന്ന് വൈകുന്നേരത്തെ പ്രദര്‍ശനങ്ങള്‍ക്കും വലിയ രീതിയിലുള്ള അഡ്വാന്‍സ് ബുക്കിംഗ് ലഭിക്കുന്നുണ്ട്.
പരിചരണ രീതിയില്‍ തന്‍റെ മുന്‍ചിത്രങ്ങളില്‍ നിന്നുള്ള വഴിമാറി നടത്തമാണ് നന്‍പകലില്‍ ലിജോ അവലംബിച്ചിരിക്കുന്നത്. സംഘട്ടന രംഗങ്ങള്‍ക്കും വയലന്‍സിനും കടുത്ത ഭാഷാപ്രയോഗങ്ങള്‍ക്കുമൊക്കെ സ്ഥാനമുണ്ടായിരുന്നവയാണ് ലിജോയുടെ മുന്‍ ചിത്രങ്ങളെങ്കില്‍ നന്‍പകല്‍ ധ്യാനാത്മകമായ ഒരു അനുഭവമാണ്. നാടകട്രൂപ്പ് ഉടമ ജെയിംസ്, പഴനി സ്വദേശി സുന്ദരം എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളായുള്ള പരകായപ്രവേശമാണ് ചിത്രത്തില്‍ മമ്മൂട്ടി നടത്തുന്നത്. ചിത്രം കണ്ട പ്രേക്ഷകര്‍ എല്ലാവരും തന്നെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ചും എടുത്ത് പറയുന്നുണ്ട്.
മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. രമ്യ പാണ്ഡ്യന്‍, അശോകൻ, കൈനകരി തങ്കരാജ്, സുരേഷ് ബാബു, ചേതൻ ജയലാൽ, അശ്വന്ത് അശോക് കുമാർ, രാജേഷ് ശർമ്മ, അന്തരിച്ച തമിഴ് താരം പൂ രാമു തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തേനി ഈശ്വർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് ദീപു എസ് ജോസഫ്, ലിജോ ജോസ് പെല്ലിശ്ശേരിയുടെ കഥയ്ക്ക് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.
ALSO READ : സ്വയം പുതുക്കുന്ന ലിജോ, സൂക്ഷ്‍മാഭിനയത്തിന്‍റെ മമ്മൂട്ടി; 'നന്‍പകല്‍' റിവ്യൂ