'ഇന്ത്യന്‍ 2'ല്‍ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുക നന്ദു പൊതുവാള്‍?
1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരില്‍ വലിയ കാത്തിരിപ്പ് ഉയര്‍ത്തിയിട്ടുള്ള ചിത്രമാണ് ഇന്ത്യന്‍ 2. 2018ല്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഷൂട്ടിംഗ് 2019ല്‍ ആരംഭിച്ചിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ ഇടയ്ക്ക് മുടങ്ങിപ്പോയി. 2020 ഫെബ്രുവരിയില്‍ ചിത്രീകരണ സ്ഥലത്ത് സംഭവിച്ച ക്രെയിന്‍ അപകടത്തില്‍ മൂന്നു പേര്‍ മരണപ്പെടുകയും ചെയ്‍തിരുന്നു. സിനിമയുടെ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കുമെന്ന് വിക്രം റിലീസിനു മുന്‍പായി കമല്‍ ഹാസന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൌതുകകരമായ ഒരു അപ്ഡേറ്റ് പുറത്തുവരുകയാണ്.
ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രത്തെ സംബന്ധിച്ചാണ് അത്. 1996ല്‍ പുറത്തെത്തിയ ഇന്ത്യനില്‍ നെടുമുടി വേണു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. കൃഷ്ണസ്വാമി എന്നായിരുന്നു ഈ കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2ലും അദ്ദേഹത്തിന് കഥാപാത്രം ഉണ്ടായിരുന്നു. എന്നു മാത്രമല്ല മരണത്തിനു മുന്‍പ് അദ്ദേഹം ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്‍തിരുന്നു. നെടുമുടിയുടെ അസാന്നിധ്യത്തില്‍ ചിത്രത്തിലെ അദ്ദേഹത്തിന്‍റെ രംഗങ്ങള്‍ മറ്റൊരാള്‍ പൂര്‍ത്തിയാക്കുമെന്നാണ് പുറത്തെത്തുന്ന വിവരങ്ങള്‍. നെടുമുടിയുമായി രൂപസാദൃശ്യമുള്ള നടന്‍ നന്ദു പൊതുവാള്‍ ആവും അവശേഷിക്കുന്ന ചില രംഗങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തു.
1996ല്‍ പുറത്തെത്തിയ ഇന്ത്യന്‍ മികച്ച പ്രേക്ഷകാഭിപ്രായം നേടിയതിനൊപ്പം ബോക്‌സ്ഓഫീസിലും വന്‍ വിജയം നേടിയ ചിത്രമാണ്. കമല്‍ഹാസനൊപ്പം ഊര്‍മിള മണ്ഡോദ്കറും മനീഷ കൊയ്‌രാളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കമലിനെ ദേശീയ അവാര്‍ഡും തേടിയെത്തി.
അതേസമയം വിക്രത്തിന്‍റെ വന്‍ വിജയം നല്‍കിയ ആത്മവിശ്വാസത്തിലുമാണ് കമല്‍ ഹാസന്‍. കൊവിഡിനു ശേഷം ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു ചിത്രം. കമല്‍ ഹാസന്‍റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ വിജയവും. തിയറ്റര്‍ റിലീസിനു പിന്നാലെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ആയും എത്തിയിരുന്നു. കമല്‍ ഹാസനൊപ്പം വിജയ് സേതുപതി, ഫഹദ് ഫാസില്‍, ചെമ്പന്‍ വിനോദ് ജോസ്, കാളിദാസ് ജയറാം, നരെയ്ന്‍ എന്നിവരൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം സാങ്കേതിക മികവ് കൊണ്ടും ശ്രദ്ധേയമായിരുന്നു. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷ് കനകരാജ് ആയിരുന്നു സംവിധാനം.