കോമഡി ത്രില്ലറുമായി നാദിര്‍ഷ; തിരക്കഥയൊരുക്കുന്നത് റാഫി
2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും
ചിങ്ങം ഒന്നിന് പുതിയ സിനിമ പ്രഖ്യാപിച്ച് നാദിര്‍ഷ. ജയസൂര്യ നായകനാവുന്ന ഈശോയ്ക്കു ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് റാഫിയാണ്. സിനിമയില്‍ താന്‍ ഗുരുക്കന്മാരായി കാണുന്നയാളാണ് റാഫിയെന്ന് നാദിര്‍ഷ പലപ്പോഴും പറഞ്ഞിട്ടുണ്ട്. കോമഡി ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം പുതുമുഖങ്ങളും കേന്ദ്ര കഥാപാത്രങ്ങളാവും. കലന്തൂര്‍ എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഇത്.
2023 ജനുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. അതേസമയം ജയസൂര്യ നായകനാവുന്ന ഈശോയാണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ എത്തുന്ന അടുത്ത ചിത്രം. നര്‍മ്മത്തിന് പ്രാധാന്യമുള്ള തന്‍റെ മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ത്രില്ലർ സ്വഭാവത്തിൽ നാദിര്‍ഷ ഒരുക്കിയ ചിത്രമാണ് ഇത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ അരുൺ നാരായണാണ് നിര്‍മ്മാണം. സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജാഫർ ഇടുക്കി, നമിത പ്രമോദ്, ജോണി ആൻ്റണി, സുരേഷ് കൃഷ്ണ എന്നിങ്ങനെയാണ് ചിത്രത്തിലെ താരനിര. മുണ്ടക്കയം, കുട്ടിക്കാനം, പീരുമേട്, തിരുവനന്തപുരം, എറണാകുളം, ദുബൈ എന്നിവിടങ്ങളിലായിയിരുന്നു ചിത്രീകരണം. പ്രദർശനത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് റോബി വർഗീസ് ആണ്. നാദിർഷ തന്നെയാണ് സംഗീത സംവിധാനം.
ദിലീപ് ടൈറ്റില്‍ കഥാപാത്രമായി എത്തിയ കേശു ഈ വീടിന്‍റെ നാഥന്‍ ആണ് നാദിര്‍ഷയുടെ സംവിധാനത്തില്‍ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്‍റെ ഡയറക്ട് റിലീസ് ആയിരുന്നു ഈ ചിത്രം. ഫണ്‍ ഫാമിലി എന്‍റര്‍ടെയ്‍നര്‍ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് 'തൊണ്ടിമുതലും ദൃക്സാക്ഷിയും' ഉള്‍പ്പെടെയുള്ള ചിത്രങ്ങളുടെ രചന നിര്‍വ്വഹിച്ച സജീവ് പാഴൂര്‍ ആയിരുന്നു. ഉര്‍വ്വശിയാണ് നായികയായി എത്തിയത്. ദിലീപിന്‍റെ നായികയായി ഉര്‍വ്വശി ആദ്യമായെത്തുന്ന ചിത്രവുമാണ് ഇത്. പിആര്‍ഒ പ്രതീഷ് ശേഖര്‍.
ALSO READ : 'സ്റ്റാന്‍ലി' ഇതാ എത്തി; റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'സാറ്റര്‍ഡേ നൈറ്റ്സി'ല്‍ നിവിന്‍ പോളി