വിജയ് സേതുപതിക്ക് പകരം ഈ നടൻ; മുത്തയ്യ മുരളീധരന്റെ ജീവിതകഥ പറയുന്ന '800' ട്രെയിലർ
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന ചിത്രം.
ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്‍റെ ജീവിത കഥ പറയുന്ന '800' എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. മുത്തയ്യയുടെ ബാല്യകാലവും എങ്ങനെ ക്രിക്കറ്റിലെ ഇതിഹാസമായി മാറി എന്നതും നേരിട്ട പ്രതിസന്ധികളും വരച്ചു കാട്ടുന്നതാകും ചിത്രമെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
‘സ്ലം ഡോഗ് മില്യനയ’റിലൂടെ പ്രശസ്തനായ മധുർ മിത്തലാണ് ചിത്രത്തിൽ മുത്തയ്യയായി വേഷമിടുന്നത്.'800'ൽ ആദ്യം മുത്തയ്യയാകാൻ ഇരുന്നത് വിജയ് സേതുപതി ആയിരുന്നു. ക്യാരക്ടർ പോസ്റ്റർ അടക്കം പുറത്തിറങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ടതും ആയിരുന്നു. എന്നാൽ വിവാദങ്ങളിൽ അകപ്പെട്ടതോടെ നടൻ പിന്മാറുക ആയിരുന്നു. തമിഴ് വംശജനായ ശ്രീലങ്കന്‍ എന്ന മുത്തയ്യ മുരളീധരന്‍റെ സ്വത്വമാണ് പ്രതിഷേധിക്കുന്നവര്‍ പ്രശ്‍നവത്‍കരിക്കുന്നത്. തമിഴ് വംശജര്‍ക്ക് ശ്രീലങ്കയില്‍ നേരിടേണ്ടിവന്നിട്ടുള്ള സംഘര്‍ഷഭരിതമായ ചരിത്രം ഓർക്കണമെന്നും എല്ലാം പ്രതിഷേധക്കാർ പറഞ്ഞിരുന്നു. പിന്നാലെ ചിത്രത്തിൽ നിന്ന് പിൻമാറാൻ മുത്തയ്യ തന്നെ വിജയ് സേതുപതിയോട് ആവശ്യപ്പെടുകയും ചെയ്തു.
എം എസ് ശ്രീപതി സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും. ശ്രീപതി തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. നരേൻ, നാസർ, വേല രാമമുർത്തി, ഋത്വിക, ഹരി കൃഷ്ണൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.
മൂവി ട്രെയിൻ മോഷൻ പിക്ചറും വിവേക് രംഗചാരിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. സംഗീതസംവിധായകൻ: ജിബ്രാൻ, ഛായാഗ്രാഹകൻ: ആർ ഡി രാജശേഖർ ഐ എസ് സി, എഡിറ്റർ: പ്രവീൺ കെ.എൽ, രചന: എം എസ് ശ്രീപതി & ഷെഹാൻ കരുണാതിലക, പ്രൊഡക്ഷൻ ഡിസൈനർ: വിദേശ്, കോസ്റ്റ്യൂം ഡിസൈനർമാർ: പൂർത്തി പ്രവീൺ & വിപിൻ പി.ആർ, ലൈൻ പ്രൊഡ്യൂസർ: കണ്ഠൻ പിച്ചുമണി,വിഎഫ്എക്സ് സൂപ്പർവൈസർ: ജിതേന്ദ്ര വിജയകുമാർ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവർത്തകർ.