'കമ്മട്ടിപ്പാടം' സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി അന്തരിച്ചു

നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാള സിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്ക് സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 

music director John P Varkey passes away

തൃശൂര്‍: ഗിത്താറിസ്റ്റും ഗാനരചിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് തൃശൂരിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾക്കായി ജോണ്‍ പി വര്‍ക്കി സംഗീതം ഒരുക്കിയിട്ടുണ്ട്.

ഏങ്ങണ്ടിയൂർ പൊറത്തൂർ കിട്ടൻ വീട്ടിൽ പരേതരായ വർക്കിയുടേയും വെറോനിക്കയുടേയും മകനാണ് ജോൺ പി വർക്കി. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീതത്തില്‍ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു. തുടര്‍ന്നാണ് ഗിത്താറിസ്റ്റായി സംഗീത രംഗത്ത് ജീവിതം ആരംഭിച്ചത്. ബി എം ജി ക്രെസന്‍ഡോയുടെ ലേബലില്‍ ജിഗ്പസില്‍  ഉപയോഗിച്ച് മൂന്ന് ആല്‍ബങ്ങള്‍ ആദ്യം പുറത്തിറക്കിയിരുന്നു. രണ്ടായിരത്തില്‍ ഏവിയല്‍ റോക്ക് ബാന്റിലൂടെ പുതുതലമുറയുടെ താരമായി മാറിയിരുന്നു. നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാള സിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കും നിരവധി തെലുങ്ക് സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. കമ്മട്ടിപ്പാടത്തിലെ "പറ...പറ", "ചിങ്ങമാസത്തിലെ' എന്നീ പാട്ടുകളാണ്‌ ജോൺ പി വര്‍ക്കി സംഗീതം ചെയ്‌തത്‌.

നൂറുകണക്കിന് വേദികളില്‍ ഗിത്താര്‍ ആലപിച്ച് യുവജനങ്ങളുടെ കൈയ്യടി നേടിയ വൃക്തിയാണ് ജോണ്‍ പി വര്‍ക്കി. 2007 ല്‍ ഫ്രോസന്‍ എന്ന ഹിന്ദി സിനിമയിലെ സംഗീത സംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരം നേടിയിരുന്നു. നിരവധി പഴയ നാടന്‍ പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേക്ക് പരിവര്‍ത്തനം നടത്തി ജോണ്‍ പി വര്‍ക്കി ഈണം നല്‍കിയിരുന്നു. സംസ്‌ക്കാരം മുല്ലക്കര ഇൻഫന്റ് ജീസസ് പള്ളി സെമിത്തേരിയിൽ നടക്കും.

Latest Videos
Follow Us:
Download App:
  • android
  • ios