മാസ്റ്റർപീസ്, മമ്മൂട്ടി സാർ രാക്ഷസനടികർ: സോഷ്യൽ മീഡിയ ഭരിച്ച് 'ഭ്രമയുഗം', പുകഴ്ത്തി ഇതര ഭാഷക്കാരും
ഫെബ്രുവരി 15ന് ആയിരുന്നു ഭ്രമയുഗത്തിന്‍റെ തിയറ്റര്‍ റിലീസ്.
'ഞാൻ മെഗാസ്റ്റാർ ആണെന്ന് പറഞ്ഞു നടക്കുന്ന ഒരാൾ അല്ല. എനിക്ക് ഇപ്പോഴും കഥാപാത്രങ്ങളോടുള്ള ആർത്തി അവസാനിച്ചിട്ടില്ല', ഒരിക്കൽ മമ്മൂട്ടി പറഞ്ഞ വാക്കുകളാണിത്. ഈ വാക്കുകൾ അന്വർത്ഥം ആക്കുന്ന കാഴ്ചയാണ് ഓരോ വർഷവും മലയാളികൾ കണ്ടുകൊണ്ടിരിക്കുന്നതും. കഥാപാത്രത്തോടുള്ള ആർത്തി കാരണം അദ്ദേഹം അഭിനയിക്കുന്ന ഓരോ വേഷവും ദിനംപ്രതി സിനിമാസ്വാദകരെ അമ്പരപ്പിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. വ്യത്യസ്തതയ്ക്ക് പുറകെയുള്ള മമ്മൂട്ടിയുടെ ഓട്ടത്തിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണം ആയിരുന്നു ഭ്രമയുഗം.
നെഗറ്റീവ് ഷെയ്ഡുള്ള കൊടുമൻ പോറ്റി എന്ന കഥാപാത്രത്തെ മറ്റാരാലും പകർന്നാടാൻ സാധിക്കാത്ത വിധം അഭിനയിച്ച് ഫലിപ്പിച്ചിരിക്കുകയാണ് അദ്ദേഹം. തിയറ്ററിൽ വൻ പ്രതികരണം നേടിയ ചിത്രം ഒടിടിയിൽ എത്തിയതിന് പിന്നാലെയും പ്രശംസ പിടിച്ചു പറ്റുകയാണ്. ഇന്ന് അർദ്ധരാത്രി മുതൽ സോണി ലിവ്വിലൂടെ ആയിരുന്നു ഭ്രമയുഗം ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. മമ്മൂട്ടിയുടെ വേഷത്തെ പ്രകീർത്തിച്ച് കൊണ്ട് മലയാളികൾക്ക് പുറമെ ഇതര ഭാഷക്കാരും രംഗത്തെത്തുകയാണ്. ഏറ്റവും കൂടുതൽ പേർ പ്രശംസിക്കുന്ന സീനുകളിൽ ഒന്ന് മമ്മൂട്ടി മാംസം കഴിക്കുന്ന സീനാണ്.
'നഷ്‌ടപ്പെടുത്താൻ പാടില്ലാത്ത ഒരു ഭയാനകമായ അനുഭവമാണ് ഭ്രമയുഗം. ഈ വർഷത്തെ മികച്ച സിനിമകളിൽ ഒന്നാണിത്', എന്നാണ് ട്രേഡ് അനലിസ്റ്റ് ആയ രമേശ് ബാല കുറിച്ചത്. 'മമ്മൂട്ടി എൻട്രാൽ രാക്ഷസനടികർ താ', എന്ന് ഒരു തമിഴ് ആരാധകൻ കുറിക്കുമ്പോൾ, 'മമ്മൂക്കയ്‌ക്കൊപ്പം സിനിമ ചെയ്യുമ്പോൾ ഏത് സംവിധായകനും ആത്മവിശ്വാസത്തോടെ ക്ലോസപ്പ് ഷോട്ട് എടുക്കാം. ഹി ഈസ് ലെജൻഡ് ആക്ടർ', എന്നാണ് മറ്റൊരാൾ എഴുതിയത്.
'ഇന്ന് ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും ഈ കഥാപാത്രം ഇത്ര ഗംഭീരമായി അവതരിപ്പിക്കാൻ കഴിയില്ല. ഇതിഹാസങ്ങളുടെ ഇതിഹാസം, ശരീരഭാഷയും പെരുമാറ്റരീതികളും ഭാവങ്ങളും ഡയലോഗ് ഡെലിവറിയും തീർത്തും കഥാപാത്രത്തെ ആവാഹിച്ച് കൊണ്ടുള്ളതാണ്, പാതി വെന്ത കോഴി കടിച്ച് പറിക്കുന്ന ഒരു മൃഗത്തെ പോലെ തോന്നി', എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകൾ.
'കൂടെയുള്ള ഞാൻ പാടരുതെന്ന് പറഞ്ഞു', വേദനാജനകം; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ ഗായകൻ സജിൻ