ആദ്യ പത്തില്‍ ആരൊക്കെ? ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രിയരായ 10 നായക നടന്മാര്‍
ജനുവരി മാസത്തെ റിസര്‍ച്ച് പ്രകാരമുള്ള പട്ടികയാണ് ഇത്
ഇന്ത്യന്‍ സിനിമയില്‍ ഭാഷാതീതമായി ജനപ്രീതി നേടിയ താരങ്ങള്‍ എക്കാലത്തും ഉണ്ടായിരുന്നു. എന്നാല്‍ പാന്‍ ഇന്ത്യന്‍ റിലീസുകളുടെയും ഒടിടിയുടെയും കാലത്ത് ഇതരഭാഷാ സിനിമകള്‍ മുന്‍പത്തേക്കാള്‍ ലഭ്യമാണ് പ്രേക്ഷകര്‍ക്ക്. അതിനാല്‍ തന്നെ വ്യവസായം എന്ന നിലയില്‍ തെന്നിന്ത്യന്‍ സിനിമ കുതിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും ജനപ്രീതി നേടിയ പുരുഷ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ് പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ. വിജയ് ആണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് അല്ലു അര്‍ജുനും മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനും. പ്രേക്ഷകര്‍ക്കിടയില്‍ ജനുവരിയില്‍ നടത്തിയ അന്വേഷണം അനുസരിച്ചുള്ളതാണ് പട്ടിക.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയരായ താരങ്ങള്‍
1. വിജയ്
2. അല്ലു അര്‍ജുന്‍
3. ഷാരൂഖ് ഖാന്‍
4. പ്രഭാസ്
5. അക്ഷയ് കുമാര്‍
6. സൂര്യ
7. ജൂനിയര്‍ എന്‍ടിആര്‍
8. അജിത്ത് കുമാര്‍
9. രാം ചരണ്‍
10. യഷ്
പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ വാരിസ് ആണ് വിജയ് നായകനായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ആക്ഷന്‍ ഡ്രാമ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തനിക്ക് പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്ത പുഷ്പയാണ് അല്ലു അര്‍ജുന്‍റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം. അതിന്‍റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. അതേസമയം ബോളിവുഡിന്‍റെ കൂടി തിരിച്ചുവരവ് ആയിമാറിയ പഠാന്‍റെ വിജയത്തിളക്കത്തിലാണ് ഷാരൂഖ് ഖാന്‍. ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1000 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായി നിര്‍മ്മാതാക്കള്‍ ഇന്ന് അറിയിച്ചിരുന്നു.