ബോളിവുഡില്‍ പുതിയ സൂപ്പര്‍സ്റ്റാര്‍? ജനപ്രീതിയില്‍ രണ്‍ബീറിന് മുന്നില്‍ ഒരൊറ്റ താരം മാത്രം
കൊവിഡ് കാലത്ത് ആരംഭിച്ച പ്രതിസന്ധിയില്‍ നിന്ന് ബോളിവുഡ് പൂര്‍ണ്ണമായും കരകയറിയ വര്‍ഷമായിരുന്നു 2023
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ ഭാഷാ ചലച്ചിത്ര വ്യവസായം ബോളിവുഡ് ആണ്. എന്നാല്‍ ബാഹുബലി അനന്തര, ഒടിടി കാലത്ത് ബോളിവുഡിന്‍റെ ആ സ്ഥാനത്തിന് ഭീഷണി നേരിട്ടിരുന്നു. തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങള്‍ തുടര്‍ച്ചയായി വലിയ സാമ്പത്തിക വിജയങ്ങള്‍ നേടാന്‍ തുടങ്ങിയതോടെയാണ് ഇത്. എന്നാല്‍ കൊവിഡ് കാലത്ത് ആരംഭിച്ച പ്രതിസന്ധിയില്‍ നിന്ന് ബോളിവുഡ് പൂര്‍ണ്ണമായും കരകയറിയ വര്‍ഷമായിരുന്നു 2023. അതിന്‍റെ പതാകാവാഹകനായത് ഷാരൂഖ് ഖാനും. ബോളിവുഡിനൊപ്പം ഷാരൂഖ് ഖാന്‍റെയും തിരിച്ചുവരവ് കണ്ടു 2023 ല്‍.
കരിയറിലെ തുടര്‍പരാജയങ്ങള്‍ക്കിപ്പുറം എടുത്ത ഇടവേളയ്ക്ക് ശേഷം കിംഗ് ഖാന്‍റേതായി മൂന്ന് ചിത്രങ്ങളാണ് കഴിഞ്ഞ വര്‍ഷമെത്തിയത്. അവ അദ്ദേഹത്തിന്‍റെ കരിയറിലെ ഏറ്റവും മികച്ച മൂന്ന് സാമ്പത്തിക വിജയങ്ങളായി മാറി. ഇപ്പോഴിതാ ബോളിവുഡിലെ 10 ജനപ്രിയ താരങ്ങളുടെ ഏറ്റവും പുതിയ ലിസ്റ്റില്‍ സംശയമേതുമില്ലാതെ ഷാരൂഖ് ഖാന്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. 2023 ഡിസംബര്‍ മാസത്തെ വിലയിരുത്തല്‍ പ്രകാരം പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ തയ്യാറാക്കിയ പട്ടികയാണ് ഇത്.
രണ്ടാം സ്ഥാനം ആരെന്നതാണ് കൗതുകകരം. സല്‍മാന്‍ ഖാനെയും ആമിര്‍ ഖാനെയുമൊക്കെ പിന്നിലാക്കി രണ്‍ബീര്‍ കപൂര്‍ ആണ് രണ്ടാം സ്ഥാനത്ത്. വന്‍ വിജയം നേടിയ അനിമലിന്‍റെ സ്വാധീനം തന്നെയാണ് ഇത്. ബോളിവുഡിലെ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആവാന്‍ ഏറ്റവും സാധ്യതയുള്ള താരമായാണ് അനിമല്‍ റിലീസ് സമയത്ത് രണ്‍ബീര്‍ വിലയിരുത്തപ്പെട്ടത്. മൂന്നാം സ്ഥാനത്ത് സല്‍മാന്‍ ഖാനും നാലാമത് അക്ഷയ് കുമാറുമാണ് ലിസ്റ്റില്‍. അഞ്ചാമത് ഹൃത്വിക് റോഷനും ആറാമത് വിക്കി കൗശലും ഏഴാമത് രണ്‍വീര്‍ സിംഗും. എട്ടാം സ്ഥാനം മാത്രമാണ് ആമിര്‍ ഖാന്. ഒന്‍പതാം സ്ഥാനത്ത് കാര്‍ത്തിക് ആര്യനും പത്താമത് സിദ്ധാര്‍ഥ് മല്‍ഹോത്രയും. ഓര്‍മാക്സിന്‍റെതന്നെ നവംബര്‍ ലിസ്റ്റില്‍ നിന്നുള്ള വ്യത്യാസം അജയ് ദേവ്‍ഗണ്‍ പുറത്തുപോയി, പകരം വിക്കി കൗശല്‍ ലിസ്റ്റില്‍ എത്തി എന്നതാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം