കഴിഞ്ഞ വര്‍ഷം ജനപ്രീതിയില്‍ മുന്നിലെത്തിയ 10 മലയാള സിനിമകള്‍
പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ മലയാളം മൊഴിമാറ്റ പതിപ്പുകളും ഉള്‍പ്പെടുന്നതാണ് ലിസ്റ്റ്
കൊവിഡ് കാലത്തിനു ശേഷം സിനിമാ വ്യവസായം ശക്തമായ തിരിച്ചുവരവ് നടത്തിയ വര്‍ഷമായിരുന്നു 2022. ബോളിവുഡ് ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ നേടാതിരുന്ന സമയത്ത് ബോക്സ് ഓഫീസില്‍ കുതിപ്പ് നടത്തിയത് തെന്നിന്ത്യന്‍ ചിത്രങ്ങളായിരുന്നു. പാന്‍ ഇന്ത്യന്‍ റിലീസുകളായി തെന്നിന്ത്യന്‍ ചിത്രങ്ങളുടെ മൊഴിമാറ്റ പതിപ്പുകള്‍ തിയറ്ററുകളിലെത്തുന്ന ട്രെന്‍ഡിന് വലിയ തുടര്‍ച്ചയുണ്ടായതും കഴിഞ്ഞ വര്‍ഷമാണ്. മലയാള സിനിമകളെ സംബന്ധിച്ചും മികച്ച വര്‍ഷമായിരുന്നു 2022. മൊഴിമാറിയെത്തിയ ഇതരഭാഷാ ചിത്രങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ഇവിടെ ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ജനപ്രീതി നേടിയ 10 മലയാളം സിനിമകളുടെ ലിസ്റ്റ് ആണിത്. പ്രമുഖ മീഡിയ കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ പുറത്തുവിട്ട ലിസ്റ്റ് ആണിത്. പാന്‍ ഇന്ത്യന്‍ ചിത്രങ്ങളുടെ മലയാളം മൊഴിമാറ്റ പതിപ്പുകളും അവര്‍ പരിഗണനയ്ക്ക് എടുത്തിട്ടുണ്ട്. ആദ്യ സ്ഥാനത്ത് അക്കൂട്ടത്തില്‍ പെട്ട ഒരു ചിത്രമാണ് എന്നതും കൌതുകം. ആറ് ഒറിജിനല്‍ മലയാളം ചിത്രങ്ങള്‍ക്കൊപ്പം നാല് ഇതരഭാഷാ ചിത്രങ്ങളുടെ മലയാളം പതിപ്പുകളും ലിസ്റ്റില്‍ ഉണ്ട്. തിയറ്ററുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങള്‍ മാത്രമാണ് പരിഗണിച്ചിരിക്കുന്നത്.
2022 ലെ 10 മലയാളം ജനപ്രിയ ചിത്രങ്ങള്‍
1. കെ ജി എഫ് ചാപ്റ്റര്‍ 2
2. ഹൃദയം
3. സീതാ രാമം (മലയാളം)
4. ജയ ജയ ജയ ജയ ഹേ
5. ഭീഷ്‍മ പര്‍വ്വം
6. ജന ഗണ മന
7. പൊന്നിയിന്‍ സെല്‍വന്‍ 1 (മലയാളം)
8. ന്നാ താന്‍ കേസ് കൊട്
9. ആര്‍ആര്‍ആര്‍ (മലയാളം)
10. റോഷാക്ക്
കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലും ജെകിഎഫ് 2 ഉണ്ട്. റിലീസ് ദിനത്തില്‍ തന്നെ ഇവിടെ 7.48 കോടി നേടിയ ചിത്രം 20 ദിനങ്ങളില്‍ നേടിയത് 59.75 കോടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ALSO READ : അതിവേഗ 200 കോടി! 'കെജിഎഫി'നെയും 'ബാഹുബലി'യെയും മറികടന്ന് 'പഠാന്‍'