അന്ന് 'ജയിലറി'ലെ മാത്യു, ഇന്ന്...; വീണ്ടും ചെന്നൈയില്‍ ഷൂട്ട് ചെയ്യാന്‍ മോഹന്‍ലാല്‍
മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവായിരുന്നു മാത്യു എന്ന കഥാപാത്രം
മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ സമീപകാലത്ത് ഏറ്റവുമധികം കൈയടി നേടിയ ഒരു ചിത്രം അദ്ദേഹം നായകനായി എത്തിയതായിരുന്നില്ല. മറിച്ച് അതിഥിതാരമായി എത്തിയ ഒന്നായിരുന്നു. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്ത് 2023 ല്‍ പുറത്തെത്തിയ ജയിലര്‍ ആയിരുന്നു അത്. അതിഥിവേഷം ആയിരുന്നുവെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന കഥാപാത്രത്തിന് തിയറ്ററുകളില്‍ വലിയ വരവേല്‍പ്പാണ് ലഭിച്ചത്. മുംബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അധോലോക നേതാവായിരുന്നു ആ കഥാപാത്രം. പ്രധാന ലൊക്കേഷന്‍ ആയിരുന്നില്ലെങ്കിലും ചെന്നൈയിലും ജയിലറിന് ചിത്രീകരണം ഉണ്ടായിരുന്നു. ഇപ്പോഴിതാ ജയിലറിന് പിന്നാലെ മറ്റൊരു സിനിമയുടെ ചിത്രീകരണത്തിനും മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തുകയാണ്.
മറ്റൊന്നുമല്ല, ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് അത്. യുഎസില്‍ ചിത്രീകരണം പുരോഗമിച്ചിരുന്ന ചിത്രത്തിന്‍റെ അവിടുത്തെ ഷെഡ്യൂള്‍ പൂര്‍ത്തീകരിച്ചതായി പൃഥ്വിരാജ് അറിയിച്ചിട്ടുണ്ട്. മൂന്നാമത്തെ ഷെഡ്യൂള്‍ ആയിരുന്നു ഇത്. ചിത്രത്തിന്‍റെ അടുത്ത ഷെഡ്യൂള്‍ ചെന്നൈയില്‍ ആയിരിക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള അറിയിച്ചിട്ടുണ്ട്. അടുത്തതായി നടക്കാനിരിക്കുന്ന മറ്റൊരു ഷെഡ്യൂള്‍ കേരളത്തിലാണ്. ഇത് തിരുവനന്തപുരത്ത് ആയിരിക്കുമെന്നും അറിയുന്നു. കേരളത്തിലേതാണോ ചെന്നൈയിലേതാണോ ആദ്യം നടക്കുക എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം എത്തിയിട്ടില്ല.
മലയാളത്തില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന എമ്പുരാന്‍ ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് ചിത്രീകരിക്കുക. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്‍റെ ഒരു പ്രധാന ലൊക്കേഷനാണ്. വലിയ മുതല്‍മുടക്കില്‍ എത്തുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ ഓരോ അഡപ്ഡേഷനും വലിയ ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്.
ALSO READ : ഖത്തറിലെ താരനിശ അവസാന നിമിഷം റദ്ദാക്കി; കാരണം വിശദീകരിച്ച് സംഘാടകര്‍