'അക്കാര്യം ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്'; 'എമ്പുരാനെ'ക്കുറിച്ച് മോഹന്‍ലാല്‍
2019 ല്‍ എത്തിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗം
മലയാളി സിനിമാപ്രേമികള്‍ ഈ വര്‍ഷം ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന റിലീസുകളില്‍ ഒന്നാണ് എമ്പുരാന്‍. പൃഥ്വിരാജിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ മാര്‍ച്ച് 27 നാണ് തിയറ്ററുകളില്‍ എത്തുക. ചിത്രത്തിലെ അഭിനേതാക്കളിലും സാങ്കേതിക പ്രവര്‍ത്തകരിലും ചിലര്‍ ചിത്രത്തിന്‍റെ വലിപ്പത്തെക്കുറിച്ച് ചില സൂചനകള്‍ നല്‍കിയിട്ടുണ്ടെന്നല്ലാതെ ചിത്രത്തിന്‍റെ പ്ലോട്ടും മറ്റ് കാര്യങ്ങളുമൊക്കെ സസ്പെന്‍സ് ആയി നില്‍ക്കുകയാണ്. ഇപ്പോഴിതാ എമ്പുരാനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത് ശ്രദ്ധ നേടുകയാണ്.
ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ എമ്പുരാനെക്കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ പ്രതികരിച്ചിരിക്കുന്നത്. "ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് എമ്പുരാന്‍. പക്ഷേ പ്രധാന കാര്യം ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ല എന്നതാണ്. ആദ്യ ഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാം ഭാഗം. അത് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്", മോഹന്‍ലാലിന്‍റെ വാക്കുകള്‍.
പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് മോഹന്‍ലാല്‍ ഇങ്ങനെ പറയുന്നു- "പൃഥ്വിരാജ് ഒരു ഗംഭീര സംവിധായകനാണ്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാള്‍. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാടും അര്‍പ്പണവുമാണ് അതിന് കാരണം. ലെന്‍സിംഗിന്‍റെ കാര്യത്തിലായാലും അഭിനേതാക്കളെ കൈകാര്യം ചെയ്ത് തനിക്ക് വേണ്ടത് ലഭ്യമാക്കുന്ന കാര്യത്തിലായാലും വലിയ കഴിവുണ്ട് അദ്ദേഹത്തിന്. ഒപ്പം പ്രവര്‍ത്തിച്ച മൂന്ന് ചിത്രങ്ങള്‍ വച്ച് നോക്കുമ്പോള്‍ ഒരു ചലച്ചിത്രകാരന്‍ എന്ന നിലയില്‍ അദ്ദേഹം കൂടുതല്‍ മെച്ചപ്പെട്ടു", മോഹന്‍ലാല്‍ പറയുന്നു.
അതേസമയം ലൂസിഫറില്‍ അഭിനയിച്ചവര്‍ക്കൊപ്പം പുതിയ താരനിരയും എമ്പുരാനില്‍ ഉണ്ടാവും. നിരവധി വിദേശ ലൊക്കേഷനുകളില്‍ ചിത്രീകരിക്കപ്പെട്ട സിനിമ മലയാളത്തിലെ എക്കാലത്തെയും വലിയ കാന്‍വാസില്‍ ഒരുങ്ങിയിരിക്കുന്ന ചിത്രം കൂടിയാണ്.
ALSO READ : വേറിട്ട വേഷപ്പകർച്ചയുമായി അനശ്വര രാജൻ; 'രേഖാചിത്രം' ഉടന്‍ തിയറ്ററുകളിലേക്ക്