'സിനിമ കാണാത്തവരും വിമര്‍ശിക്കുന്നു'; 'ബറോസ്' പ്രതികരണങ്ങളില്‍ മോഹന്‍ലാലിന് പറയാനുള്ളത്
ക്രിസ്‍മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ ചിത്രം
മോഹന്‍ലാലിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രം എന്ന നിലയില്‍ പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ബറോസ്. 3 ഡിയില്‍ ചിത്രീകരിക്കുന്ന സിനിമയെന്നതും കുട്ടികളുടെ ചിത്രം എന്നതും ഒപ്പം സന്തോഷ് ശിവനും ലിഡിയന്‍ നാദസ്വരവും അടക്കമുള്ള അണിയറക്കാരുടെ നീരയുമൊക്കെ ചേര്‍ന്നാണ് ചിത്രത്തിന് പ്രീ റിലീസ് ഹൈപ്പ് സൃഷ്ടിച്ചത്. എന്നാല്‍ ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ബറോസിന് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിന്‍റെ പ്രതികരണം.
ബറോസിന് ലഭിച്ച പ്രതികരണങ്ങളില്‍ സന്തുഷ്ടനാണോ എന്ന ചോദ്യത്തിന് മോഹന്‍ലാലിന്‍റെ മറുപടി ഇങ്ങനെ- "അതിനെ (ബറോസ്) മുന്നോട്ട് കൊണ്ടുപോവേണ്ടത് പ്രേക്ഷകരുടെ ഉത്തരവാദിത്തമാണ്. നാല് പതിറ്റാണ്ടിന് ശേഷം സമൂഹത്തിന് ഞാന്‍ മടക്കി നല്‍കുന്ന ഒന്നായാണ് ബറോസിനെ ഞാന്‍ കണ്ടത്. ചിത്രം കണ്ട എല്ലാവരും അത് ആസ്വദിച്ചു. പക്ഷേ സിനിമ കണ്ടിട്ടില്ലാത്ത വലിയൊരു വിഭാഗം ആളുകള്‍ അതിനെ വിമര്‍ശിക്കുന്നുണ്ട്. പ്രതികരണങ്ങളെ എപ്പോഴും സ്വീകരിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഒരു കാര്യത്തെ വിമര്‍ശിക്കണമെങ്കില്‍ അതില്‍ക്കൂടി നിങ്ങള്‍ ഒന്ന് കടന്നുപോകണം. ഹോളിവുഡ് ചിത്രങ്ങളുമായോ അതില്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയുമായോ താരതമ്യപ്പെടുത്താനാവുന്ന ഒന്നാണ് ബറോസ് എന്ന് ഞാന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. ഇത് ഞാനും അങ്ങേയറ്റം പ്രതിഭാധനരായ എന്‍റെ ടീമും ചേര്‍ന്ന് നടത്തിയ വിനീതമായ ഒരു ശ്രമം മാത്രം ആയിരുന്നു", മോഹന്‍ലാല്‍ പറയുന്നു.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. പലകുറി റിലീസ് മാറ്റിവെക്കപ്പെട്ട്, ആരാധകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ആശിർവാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് 'ബറോസ്' നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കിയത്.
ALSO READ : തെലങ്കാന ട്രാന്‍സ്‍പോര്‍ട്ട് കോര്‍പറേഷന്‍റെ പരസ്യത്തില്‍ ഇടംപിടിച്ച് 'മാര്‍ക്കോ'