'റാമി'ന്‍റെ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി മോഹന്‍ലാല്‍; ഇനി മൊറോക്കോ, ടുണീഷ്യ, കൊച്ചി
മൂന്ന് ദിവസം കൊച്ചിയില്‍ ചിത്രീകരണം
ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്‍റേതായി പുറത്തെത്താനിരിക്കുന്ന ചിത്രമാണ് റാം. കൊവിഡ് കാലത്ത് ചിത്രീകരണം മുടങ്ങിയിരുന്ന ചിത്രത്തിന്‍റെ വിദേശ ഷെഡ്യൂളുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയായിരിക്കുകയാണ്. മറ്റു രാജ്യങ്ങളില്‍ ചിത്രത്തിന് ഇനിയും ഷെഡ്യൂളുകള്‍ ഉണ്ട്.
യുകെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാല്‍ ഇന്ന് ചെന്നൈയില്‍ എത്തും. റാമിന് കൊച്ചിയില്‍ ഒരു ഷെഡ്യൂള്‍ ഉണ്ട്. 18, 19, 20 ദിവസങ്ങളിലായിരിക്കും ഈ ഷെഡ്യൂള്‍. എന്നാല്‍ ഈ ചെറു ഷെഡ്യൂളില്‍ മോഹന്‍ലാല്‍ പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. വൈശാഖ് ചിത്രം മോണ്‍സ്റ്ററിന്‍റെ ദുബൈയില്‍ നടക്കുന്ന ലോഞ്ചില്‍ അദ്ദേഹത്തിന് പങ്കെടുക്കേണ്ടതുമുണ്ട്. ചെറിയ ഇടവേളയ്ക്കു ശേഷം ജീത്തു ജോസഫും മോഹന്‍ലാലും സംഘവും മൊറോക്കോയിലേക്ക് പോവും. 40 ദിവസത്തെ ഷൂട്ട് ആണ് അവിടെ പ്ലാന്‍ ചെയ്‍തിരിക്കുന്നത്. അവിടംകൊണ്ടും പൂര്‍ത്തിയാവുന്നില്ല റാം. അഞ്ച് ദിവസം ടുണീഷ്യയിലാണ് ചിത്രത്തിന്‍റെ അവസാനഘട്ട ചിത്രീകരണം.
ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന റാമിന്‍റെ രചനയും ജീത്തുവിന്‍റേത് തന്നെയാണ്. തൃഷയാണ് നായിക. ഇന്ദ്രജിത്ത്, സിദ്ദിഖ്, സായ്‍കുമാര്‍, ആദില്‍ ഹുസൈന്‍, വിനയ് ഫോര്‍ട്ട്, ദുര്‍ഗ്ഗ കൃഷ്ണ തുടങ്ങി വലിയ താരനിരയും മോഹന്‍ലാലിനൊപ്പം ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ALSO READ : മിസ് ചെയ്യരുതെന്ന് പൃഥ്വിരാജ് പറഞ്ഞ കന്നഡ ചിത്രം; 'കാന്താരാ' മലയാളം ട്രെയ്‍ലര്‍ എത്തി
അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത റിലീസ് മോണ്‍സ്റ്റര്‍ തിയറ്ററുകളിലെത്തുന്നത് ഒക്ടോബര്‍ 21 ന് ആണ്. ഉദയകൃഷ്ണ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ലക്കി സിംഗ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മാണം. മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായ പുലിമുരുകന്‍റെ രചയിതാവും സംവിധായകനും നായക നടനും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട് മോണ്‍സ്റ്ററിന്. മോഹന്‍ലാലിനൊപ്പം സിദ്ദിഖ്, ലക്ഷ്‍മി മഞ്ചു, ഹണി റോസ്, സുദേവ് നായര്‍, ഗണേഷ് കുമാര്‍, ലെന തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.