'അങ്ങനെയല്ലെങ്കില്‍ ദൃശ്യം 3 സംഭവിക്കില്ല'; വിശദീകരിച്ച് മോഹന്‍ലാല്‍
മലയാളത്തില്‍ നിന്ന് ഏറ്റവുമധികം റീമേക്കുകള്‍ നടന്ന ഫ്രാഞ്ചൈസി
അടുത്തിടെ കൊടുത്ത ഒരു അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള മോഹന്‍ലാലിന്‍റെ വാക്കുകള്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ബറോസ് റിലീസുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തില്‍ നടി സുഹാസിനിക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 കൊണ്ടുവരാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ചിത്രത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനമെന്ന നിലയില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. അത്തരം പ്രചരണങ്ങളെ തിരുത്തി ജീത്തു ജോസഫും രംഗത്തെത്തിയിരുന്നു. മൂന്നാം ഭാഗത്തിന്‍റെ എഴുത്ത് കഴിഞ്ഞിട്ടില്ലെന്നും ശ്രമങ്ങള്‍ നടക്കുന്നതേ ഉള്ളൂവെന്നും ജീത്തു അന്വേഷണങ്ങളോട് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ദൃശ്യം 3 ന്‍റെ ഭാവിയെക്കുറിച്ച് കൂടുതല്‍ വ്യക്തമാക്കുകയാണ് മോഹന്‍ലാല്‍.
പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ദൃശ്യം 3 നെക്കുറിച്ചുള്ള ചോദ്യത്തിന് മോഹന്‍ലാലിന്‍റെ പ്രതികരണം ഇങ്ങനെ- "ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഒരുക്കുക എളുപ്പമല്ല. പക്ഷേ ഞങ്ങള്‍ ശ്രമിക്കുകയാണ്. അങ്ങനെയൊന്ന് (ദൃശ്യം 3) വന്നാല്‍ അത് ദൃശ്യം 2 നേക്കാള്‍ മികച്ച ചിത്രമായിരിക്കണം. അങ്ങനെയല്ലെങ്കില്‍ മൂന്നാം ഭാഗവുമായി ഞങ്ങള്‍ വരില്ല. കാരണം ഞങ്ങള്‍ ഒരു പേര് ഇതിനകം സൃഷ്ടിച്ചിട്ടുണ്ട്. അത് കളഞ്ഞുകുളിക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല", മോഹന്‍ലാല്‍ പറഞ്ഞു.
അഭിമുഖത്തില്‍ ഹിന്ദിയിലെ ദൃശ്യം റീമേക്കുകളെക്കുറിച്ചുള്ള ചോദ്യത്തിന് പ്രശംസാ വാചകങ്ങളും പറയുന്നുണ്ട് അദ്ദേഹം. "കഥയില്‍ ചെറിയ മാറ്റം വരുത്തിയാണ് അവര്‍ അവതരിപ്പിച്ചത്. അത് ഗംഭീരമായി അവര്‍ ചെയ്തു. നന്നായി ചെയ്താല്‍ മാത്രമേ വിജയം കാണാനാവൂ. മറ്റൊരു ഭാഷയില്‍ നിന്ന് എടുക്കുന്ന ചിത്രം വ്യത്യസ്തമായി അവതരിപ്പിക്കുന്നത് നല്ല കാര്യമാണ്. ഓരോ സംസ്ഥാനത്തിനും അതിന്‍റേതായ സംസ്കാരവും സംഗീതവുമൊക്കെയുണ്ട്. അതൊക്കെ ചേര്‍ത്ത് റീമേക്ക് ചിത്രത്തെ പുതിയ ചിത്രമായി അവതരിപ്പിക്കാനാവും. അതൊരു കലയാണ്. പക്ഷേ ഒറിജിനലിന്‍റെ സത്ത നഷ്ടപ്പെടാതെ നോക്കണം", മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ : ആഘോഷഗാനങ്ങളുമായി 'ബെസ്റ്റി'; പ്രേക്ഷകശ്രദ്ധ നേടി കല്യാണപ്പാട്ട്