'പത്തൊമ്പതാം നൂറ്റാണ്ടി'ല്‍ മമ്മൂട്ടിയും മോഹന്‍ലാലും? സര്‍പ്രൈസ് പങ്കുവച്ച് വിനയന്‍

തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

mohanlal and mammootty lend voice for pathonpatham noottandu vinayan

തന്‍റെ സംവിധാനത്തിലെത്തുന്ന ബിഗ് ബജറ്റ് പിരീഡ് ആക്ഷന്‍ ഡ്രാമ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിനെ സംബന്ധിച്ച് ഒരു സര്‍പ്രൈസ് അപ്ഡേറ്റുമായി സംവിധായകന്‍ വിനയന്‍. ചിത്രവുമായി മോഹന്‍ലാലും മമ്മൂട്ടിയും സഹകരിച്ചിട്ടുണ്ട് എന്നതാണ് അത്. എന്നാല്‍ അഭിനയിക്കുകയല്ല, മറിച്ച് ചിത്രത്തിന് ശബ്ദം പകരുകയാണ് ഇരുവരും ചെയ്‍തിരിക്കുന്നത്. തിരുവോണ ദിനമായ സെപ്റ്റംബര്‍ എട്ടിനാണ് ചിത്രം തിയറ്ററുകളില്‍ എത്തുന്നത്.

സര്‍പ്രൈസ് അപ്ഡേറ്റ് നല്‍കി വിനയന്‍

ഈ സ്നേഹം പത്തൊമ്പതാം നൂറ്റാണ്ട് എന്ന സിനിമയ്ക്ക് കൂടുതൽ കരുത്തേകുന്നു. ഏറെ സന്തോഷത്തോടെയാണ് ഇന്നു ഞാനീ പോസ്റ്റ് ഇടുന്നത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ശ്രീ. മമ്മുട്ടിയും, ശ്രീ. മോഹൻലാലും എൻെറ പുതിയ ചിത്രമായ പത്തൊൻപതാം നൂറ്റാണ്ടിന് ശബ്ദം നൽകിക്കൊണ്ട് ഈ സിനിമയെ ധന്യമാക്കിയിരിക്കുന്നു. ഇതിഹാസ നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരെ പരിചയപ്പെടുത്തിക്കൊണ്ട് ശ്രീ മോഹൻലാൽ സംസാരിക്കുമ്പോൾ സംഘർഷാത്മകമായ ആ കാലഘട്ടത്തിൻെറ ജിജ്ഞാസാഭരിതമായ വിവരണം മമ്മൂക്ക നൽകുന്നു. സിജു വിത്സൺ നായകനാകുന്ന ഈ ചിത്രത്തിന് കൂടുതൽ പ്രസക്തിയേകുന്നതാണ് ഇവരുടെ വാക്കുകൾ. മലയാള സിനിമാ മേഖലയിലെ എൻെറ നിലപാടുകൾക്കോ അഭിപ്രായങ്ങൾക്കോ യാതൊരു മാറ്റവും ഇല്ലെന്നറിഞ്ഞുകൊണ്ടുതന്നെ എന്നോടും എൻെറ സിനിമയോടും അഭിനയകലയുടെ തലതൊട്ടപ്പൻമാരായ ഈ മഹാരഥൻമാർ ഇപ്പോൾ കാണിച്ച സ്നേഹത്തിന് ഹൃദയത്തിൽ തൊട്ട നന്ദി സ്നേഹാദരങ്ങളോടെ ഞാൻ അർപ്പിക്കട്ടെ.

മമ്മൂക്കയും ലാലും ഡബ്ബിംഗ് തീയറ്ററിൽ വന്ന ശേഷമാണ് നിർമ്മാതാവ് ഗോപാലേട്ടനോട് ഞാൻ വിവരം പറഞ്ഞത്. ഒത്തിരി സന്തോഷത്തോടെയും അതിലേറെ ആശ്ചര്യത്തോടെയും ആണ് അദ്ദേഹം പ്രതികരിച്ചത്. ഇന്നും എന്നോടു വിദ്വേഷം വച്ചു പുലർത്തുന്ന വിരലിലെണ്ണാവുന്ന ചില സംവിധായകർ മലയാള സിനിമയിൽ ഉണ്ടെന്നെനിക്കറിയാം. ഞാനവരുടെ പേരു പറഞ്ഞ് വിഷമിപ്പിക്കുന്നില്ല. ഇതു വായിക്കുമ്പോൾ അവർക്കു സ്വയം മനസ്സിലാകുമല്ലോ? എനിക്കവരോട് ഒരു ശത്രുതയുമില്ല, സ്നേഹമേയുള്ളു. പത്തു വർഷത്തോളം നല്ലൊരു സിനിമ ചെയ്യാൻ അനുവദിക്കാതെ നിങ്ങൾ എന്നെയല്ലേ ദ്രോഹിച്ചത്. ഞാൻ തിരിച്ചൊന്നും ചെയ്തിട്ടില്ലല്ലോ? നിയമപരമായി കോടതിയിൽ പോയല്ലേ ഉള്ളു. പിന്നെ നിങ്ങളുടെ വിലക്കു വകവയ്ക്കാതെ പഴയ നിലവാരത്തിലല്ലെങ്കിലും ചില സിനിമകൾ ചെയ്തു തീയറ്ററിൽ എത്തിച്ചു. അതൊരു വാശി ആയിരുന്നു. അത്തരം വാശി ഇല്ലായിരുന്നെങ്കിൽ ഞാൻ എന്ന വ്യക്തി ഇല്ല. മാത്രമല്ല വിനയൻ എന്ന സംവിധായകൻ ഇന്നു സിനിമയിലേ കാണില്ലായിരുന്നു.

ALSO READ : 'തല്ലുമാല'യ്ക്കു ശേഷം വീണ്ടും ആക്ഷന്‍ ചിത്രവുമായി ടൊവിനോ; 'ഐഡന്‍റിറ്റി' പ്രഖ്യാപിച്ചു

 കാലം ഒത്തിരി മാറിയിരിക്കുന്നു സുഹൃത്തുക്കളെ. ഈ പുത്തൻ തലമുറയുടെ കാലത്ത് അത്തരം വിദ്വേഷങ്ങൾ കൊണ്ടു നടന്നിട്ട് ഒരു കാര്യവുമില്ല. അത് നിങ്ങളുടെ മസ്തിഷ്കത്തിൽ വെറുപ്പിൻെറയും അസൂയയുടെയും ഹോർമോണുകൾ കൂട്ടുമെന്നല്ലാതെ ഒരു ഗുണവും കിട്ടില്ല. നല്ല സിനിമകൾ ചെയ്യാൻ നമുക്കു ശ്രമിച്ചു നോക്കാം. അതിൽ എന്നെക്കാൾ കൂടുതൽ വിജയിച്ചിട്ടുള്ളവരാണല്ലോ നിങ്ങളിൽ പലരും. യാതൊരു അവകാശവാദങ്ങളും ഇല്ലാതെയാണ് പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമ പ്രേക്ഷകസമക്ഷം എത്തിക്കുന്നത്. ഒരു മാസ്സ് എൻറർടെയിനർ ആയി ഈ ചരിത്രസിനിമയെ അവതരിപ്പിക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. സെപ്തംബർ എട്ടിനു ശേഷം പ്രേക്ഷകരാണ് അന്തിമ വിധി എഴുതേണ്ടത്. അതിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു..

Latest Videos
Follow Us:
Download App:
  • android
  • ios