'എല്ലാവരും ലോക്ക് ആയപ്പോൾ ഞാനും ലോക്ക് ആയി', ശിൽപ ബാലയുമായി വിശേഷങ്ങൾ പങ്കുവെച്ച് മിയ
ശില്‍പ ബാലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞ് മിയ.
സീ കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ഡാന്‍സ് കേരള ഡാന്‍സ്' എന്ന ഷോയിലൂടെയാണ് മിയയുടെ തിരിച്ചുവരവ്. പഴയതിലും അധികം സുന്ദരിയായി മിയ ഓരോ എപ്പിസോഡിലും എത്തുന്നു. ഇപ്പോഴിതാ തന്റെ ഡെലിവറി സ്‌റ്റോറി പങ്കുവച്ചിരിയ്ക്കുകയാണ് മിയ. ഷോയുടെ അവതാരകയും നടിയുമായ ശില്‍പ ബാലയുടെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മിയ.
കല്യാണത്തെ കുറിച്ചും മകൻ ലുക്കയെ കുറിച്ചുമുള്ള ചോദ്യത്തിന് തന്റെ കല്യാണവും പ്രസവവും എല്ലാം പറ്റിയ സമയമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ടെന്നായിരുന്നു മറുപടി. 'അപ്പു എന്നെ പെണ്ണുകാണാന്‍ വന്ന് രണ്ടാമത്തെ ദിവസം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. അതുകൊണ്ട് ഞങ്ങള്‍ക്ക് നന്നായി ഫോണിലൂടെ പരിചയപ്പെടാനും പ്രണയിക്കാനും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് വേഗം തന്നെ ഗര്‍ഭിണിയും ആയി. ലോക് ഡൗണ്‍ സമയത്ത് തന്നെ പ്രസവവും കഴിഞ്ഞു. എല്ലാവരും ലോക്ക് ആയിരിക്കുന്ന സമയത്ത് ഞാനും ലോക്ക് ആയി, എല്ലാം പഴയ രീതിയില്‍ ആവുമ്പോഴേക്കും എന്റെ കല്യാണവും പ്രസവവും എല്ലാം കഴിഞ്ഞു. അതുകൊണ്ട് എനിക്ക് ഇൻഡസ്ട്രിയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നില്ല' എന്നാണ് മിയ പറഞ്ഞത്.
ചേച്ചിയുടെ കുഞ്ഞുങ്ങളെ നോക്കി ശീലമുണ്ടായിരുന്നതിനാൽ ലുക്കയെ നോക്കാൻ യാതൊരു ബുദ്ധിമുട്ടും തോന്നിയിട്ടില്ലെന്നാണ് മിയയുടെ പക്ഷം. പ്രസവ വേദനയും താൻ കാര്യമായി അനുഭവിച്ചില്ലെന്ന് മിയ പറയുന്നുണ്ട്. ഏഴാം മാസത്തിൽ പ്രസവ വേദന വന്ന് അത് പ്രസവ വേദനയാണോ എന്ന് അറിയാൻ ഗൂഗിൾ ചെയ്‍ത് നോക്കിയ രസകരമായ സംഭവവും മിയ പങ്കുവെക്കുന്നുണ്ട്. ടെലിവിഷന്‍ സീരിയലുകളില്‍ സജീവമായ മിയ ആദ്യമായി അഭിനയിച്ച ചിത്രം 2010ല്‍ പുറത്തിറങ്ങിയ 'ഒരു സ്‌മോള്‍ ഫാമിലി' ആണ്.
Read More : ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‍യുടെ നായികയാകാൻ തൃഷ