മിഥുൻ മാനുവല്‍ തോമസിന്റെ ജയറാം ചിത്രം 'അബ്രഹാം ഓസ്‍ലർ' ചിത്രീകരണം ആരംഭിച്ചു
ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'അബ്രഹാം ഓസ്‍ലർ' ആരംഭിച്ചു.
പ്രേക്ഷകർക്ക് ഏറെ കൗതുകം നൽകുന്ന സിനിമ 'അബ്രഹാം ഓസ്‍ലര്‍' തൃശൂർ മിഷൻ ക്വാർട്ടേഴ്സിൽ ചിത്രീകരണം ആരംഭിച്ചു. മിഥുൻ മാനുവൽ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയറാമാണ് കേന്ദ്ര കഥാപാത്രമായ 'അബ്രഹാം ഓസ്‍ലറെ' അവതരിപ്പിക്കുന്നത്. കുറച്ചായി മലയാള സിനിമയിൽ നിന്ന് അൽപ്പം അകന്ന് തമിഴിലും തെലുങ്കിലും സജീവ സാന്നിദ്ധ്യമായി നിലകൊളളുന്ന ജയറാം അതിശക്തമായ ഒരു വേഷത്തിലൂടെ തിരിച്ചെത്തുകയാണ് 'അബ്രഹാം ഓസ്‍ലർ' എന്ന കഥാപാതത്തിലൂടെ.
തികച്ചും ലളിതമായ ചടങ്ങിൽ നിർമ്മാതാവ് ഇർഷാദ് എം.ഹസ്സൻ സ്വീച്ചോൺ കർമം നിർവഹിച്ചുകൊണ്ടാണ് ചിത്രീകരണം ആരംഭിച്ചത്. ശ്രീമതി നെസ്‍ല ഇർഷാദ് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ജയറാം , മിഥുൻ മാനുവൽ തോമസ് തിരക്കഥാകൃത്ത്, ഡോക്ടർ രൺധീർ കൃഷ്‍ണൻ., ഛായാ ഗ്രാഹകൻ തേനി ഈശ്വർ, ശ്രീമതി കലാ മോഹൻ, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ജയറാമും സായ്‍കുമാറും പങ്കെടുക്കുന്ന രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ക്രൈം ത്രില്ലർ സിനിമയായിരുന്ന 'അഞ്ചാം പാതിരാ'യ്‍ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന പ്രൊജക്റ്റെന്ന നിലയിൽ 'അബ്രഹാം ഓസ്‍ലറു'ടെ പ്രസക്തി ഏറെ വലുതാണ്.
മെഡിക്കൽ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന ഒരു ക്രൈം ത്രില്ലറാണ് 'അബ്രഹാം ഓസ്‍ലര്‍'. ഒരു മരണത്തിന്റെ അന്വേഷണമാണ് ചിത്രം. ഈ മരണത്തിന്റെ അന്വേഷണമാണ് ജില്ലാ പൊലീസ് കമ്മിഷണർ 'അബ്രഹാം ഓസ്‌ലറി'ലൂടെ നടത്തുന്നത്. ഏറെ ദുരുഹതകളും സസ്പെൻസുമൊക്കെ നിറഞ്ഞ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിട്ടാണ് അവതരണം.
മികച്ച ഒരു താരനിര ചിത്രത്തിലുണ്ട്. അർജുൻ അശോകൻ, ജഗദീഷ്, ദിലീഷ് പോത്തൻ, അനശ്വരരാജൻ, സെന്തിൽ കൃഷ്‍മ, അർജുൻ നന്ദകുമാർ, ആര്യ സലിം, അസീം ജമാൽ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. ഡോ. രൺധീർ കൃഷ്‍ണന്റേതാണ് തിരക്കഥ. തേനി ഈശ്വറാണ് ചിത്രത്തിന്റെ തിരക്കഥ. സംഗീതം മിഥുൻ മുകുന്ദ്, എഡിറ്റിംഗ് സൈജു ശ്രീധർ, കലാസംവിധാനം ഗോകുൽദാസ്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ,
ക്രിയേറ്റീവ് ഡയറക്ടർ പ്രിൻസ് ജോയ്, അസ്റ്റോസ്സിയേറ്റ് ഡയറക്ടേർസ് റോബിൻ വർഗീസ്, രജീഷ് വേലായുധൻ, നിര്‍മാണം ഇര്‍ഷാദ് എം ഹസ്സൻ, മിഥുൻ മാനുവല്‍ തോമസ്, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ജോൺ മന്ത്രിക്കൽ, ലൈൻ പ്രൊഡ്യൂസർ സുനിൽ സിംഗ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ് പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ഫോട്ടോ സുഹൈബ്, പിആര്‍ഒ വാഴൂര്‍ ജോസ് എന്നിവരുമാണ്.
Read More: 'അങ്ങനെ ഒരിക്കലും പറയരുത്', റോബിൻ വിഷയത്തില്‍ രജിത് കുമാര്‍- വീഡിയോ