'എത്ര എളിമയുള്ളയാള്‍'; മോഹന്‍ലാലിനെ കണ്ടതിനെക്കുറിച്ച് മൈക്കള്‍ സൂസൈരാജ്

ഇന്ത്യന്‍ ടീം അംഗവും ഐഎസ്എല്ലില്‍ ഒഡിഷ എഫ്‍സി താരവുമാണ് മൈക്കള്‍ സൂസൈരാജ്

Michael Soosairaj about meeting with mohanlal

സംവിധായകന്‍ എന്ന നിലയില്‍ താന്‍ അരങ്ങേറ്റം കുറിക്കുന്ന ബറോസ് പാക്കപ്പ് ആയതിന്‍റെ ആശ്വാസത്തിലാണ് മോഹന്‍ലാല്‍. ജീത്തു ജോസഫ് ചിത്രം റാമിന്‍റെ വിദേശ ഷെഡ്യൂളിനു മുന്‍പ് ഒരു യാത്രയും അദ്ദേഹം നടത്തി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കായിരുന്നു അത്. അസമിലെ കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ചതിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള തന്‍റെ ആദ്യ കൂടിക്കാഴ്ചയുടെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഒരു ഇന്ത്യന്‍ ഫുട്ബോള്‍ താരം. ഇന്ത്യന്‍ ടീം അംഗവും ഐഎസ്എല്ലിലെ ഒഡിഷ എഫ്‍സി താരവുമായ മൈക്കള്‍ സൂസൈരാജ് ആണ് മോഹന്‍ലാലുമായുള്ള തന്‍റെ കൂടിക്കാഴ്ചയെക്കുറിച്ച് ആരാധകരോട് പറഞ്ഞിരിക്കുന്നത്.

താങ്കളെ കണ്ടതില്‍ ഒരുപാട് സന്തോഷം സര്‍. എന്തൊരു എളിമയാണ് താങ്കള്‍ക്ക്, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മൈക്കള്‍ ട്വിറ്ററില്‍ കുറിച്ചു. മൈക്കള്‍ സൂസൈരാജിന്‍റെ നിരവധി ആരാധകരാണ് ചിത്രത്തിന് പ്രതികരണങ്ങളുമായി എത്തുന്നത്.

അതേസമയം ചിങ്ങം 1 ആയ ഇന്നലെ മോഹന്‍ലാലിന്‍റേതായി ഒരു പ്രഖ്യാപനം എത്തിയിരുന്നു. മുരളി ഗോപിയുടെ രചനയില്‍ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്‍റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു അത്. മൂന്ന് ഭാഗങ്ങളുടെ ഒരു ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമെന്നാണ് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ചിത്രത്തെക്കുറിച്ചുള്ള തന്‍റെ പ്രതീക്ഷകള്‍ മോഹന്‍ലാലും പങ്കുവച്ചിരുന്നു- ലൂസിഫര്‍ ഒരു അത്ഭുത വിജയമായി മാറി. അതിന് ഒരുപാട് പരിശ്രമങ്ങളുണ്ട്. പ്രേക്ഷകര്‍ സ്വീകരിച്ച ഒരു രീതിയുണ്ട്. അപ്പോള്‍ അടുത്ത സിനിമ എന്ന് പറയുമ്പോള്‍ ഒരു ഉത്തരവാദിത്തം ഉണ്ട്. അപ്പോള്‍ എമ്പുരാൻ അതിനു മുകളില്‍ നില്‍ക്കണം. അങ്ങനെ സംഭവിക്കട്ടെ എന്ന പ്രാര്‍ഥനയോടെ ഞങ്ങള്‍ തുടങ്ങുകയാണ്. തീര്‍ച്ചയായും അങ്ങനെ തന്നെ സംഭവിക്കാനുള്ള എല്ലാവിധ സാധ്യതകളുമുണ്ട്. എമ്പുരാൻ കഴിഞ്ഞാല്‍ അടുത്ത സിനിമ എന്താണ് എന്നാണ് നിങ്ങള്‍ ചോദിക്കാൻ പോകുന്നത്. നിങ്ങളുടെ പ്രതീക്ഷകളെ ഒരിക്കലും മങ്ങലേല്‍പ്പിക്കാതിരിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്, മോഹന്‍ലാല്‍ പറഞ്ഞു.

ALSO READ : തോക്കേന്തി മമ്മൂട്ടി; ബി ഉണ്ണികൃഷ്ണന്‍ ചിത്രം 'ക്രിസ്റ്റഫര്‍'

Latest Videos
Follow Us:
Download App:
  • android
  • ios