റിയല്‍ എസ്‌റ്റേറ്റ് കാലത്ത് മാവേലിയുടെ തിരിച്ചുവരവ്, കീഴാള രാഷ്ട്രീയത്തിന്റെ ചൂരും ചൂടുമായി 'മാവേലിപ്പാട്ട്'

അധികാരവും അതിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് കഴുത്തുനീട്ടാന്‍ വിധിക്കപ്പെട്ട കീഴാളരും നിലനില്‍ക്കുന്നിടത്തോളം, ഓണം എന്നത് സമകാലീനതയെ ആഴത്തില്‍ വ്യഖ്യാനിക്കാന്‍ കെല്‍പ്പുള്ള ഒരു മിത്ത് തന്നെയാണെന്ന് ഈ സംഗീതവീഡിയോ ആണയിടുന്നു. 

Mavelippattu a Music Video on onam with a different perspective

ഓണം എന്നത് ഏതോ കാലത്ത് നടന്ന ഒരു പഴങ്കഥയുടെ അനുഷ്ഠാനപരമായ ഓര്‍മ്മപുതുക്കലാണോ? അല്ല എന്നാണുത്തരം. സംശയമുള്ളവര്‍ക്ക് ഇക്കഴിഞ്ഞ ദിവസം യൂട്യൂബില്‍ റിലീസായ 'മാവേലിപ്പാട്ട്' എന്ന മ്യൂസിക് വീഡിയോ കാണാം. 

അധികാരവും അതിന്റെ അടിച്ചമര്‍ത്തലുകള്‍ക്ക് കഴുത്തുനീട്ടാന്‍ വിധിക്കപ്പെട്ട കീഴാളരും നിലനില്‍ക്കുന്നിടത്തോളം, ഓണം എന്നത് സമകാലീനതയെ ആഴത്തില്‍ വ്യഖ്യാനിക്കാന്‍ കെല്‍പ്പുള്ള ഒരു മിത്ത് തന്നെയാണെന്ന് ഈ സംഗീതവീഡിയോ ആണയിടുന്നു. മാവേലിക്കഥയെ കീഴാള രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ സൂക്ഷ്മമായി പുനര്‍വ്യാഖ്യാനം ചെയ്യുന്നതിലൂടെ, ഈ മ്യൂസിക് വീഡിയോ പുതിയ കേരളത്തിന്റെ വര്‍ഗ, വര്‍ണ, സമവാക്യങ്ങളെ അപനിര്‍മിക്കുന്നു. മണ്ണിന്റെ മണമുള്ള മനുഷ്യര്‍ നിരന്തരം ചവിട്ടിത്താഴ്ത്തപ്പെടുകയും പ്രതിരോധത്തിന്റെ പുതിയ ഭാഷയും രാഷ്ട്രീയവുമായി അവര്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുന്ന കാലത്തെ വായിക്കാനുള്ള ഭാഷ മാവേലിക്കഥയ്ക്കുണ്ടെന്നും ഈ സംഗീത വീഡിയോ സാക്ഷ്യപ്പെടുത്തുന്നു.   

ഒറ്റനോട്ടത്തില്‍ അതൊരു മാവേലിക്കഥയാണ്. മാവേലി നാടുവാണീടുന്ന കാലത്തെ ഭൂമിയെ ആകാശത്തുനിന്നും കണ്ട് കലിപ്പ് പെരുത്ത ദേവന്‍മാര്‍ മഹാവിഷ്ണുവിനെ വാമനവേഷത്തില്‍ ഭൂമിയിലേക്ക് അയക്കുന്നു. അതൊരു ലക്ഷണമൊത്ത ചതിയായിരുന്നു. സ്വന്തം മണ്ണ് സ്വര്‍ഗസമാനമാക്കിയ അസുര രാജാവായ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുന്നു, വാമനന്‍. എന്നാല്‍, അവിടെത്തീരുന്നില്ല കഥ. ചരിത്രത്തിലെ സര്‍വ്വ അധിനിവേശങ്ങള്‍ക്കും സംഭവിച്ചത് തന്നെ ഇവിടെയും സംഭവിക്കുന്നു. സാധാരണ മനുഷ്യരുടെ ഓര്‍മ്മകളുടെ മണ്ണില്‍നിന്നും ആ അസുരരാജാവിനെ ആര്‍ക്കും ചവിട്ടിത്താഴ്ത്താനാവുന്നില്ല. സ്വന്തം മനുഷ്യരുടെ മനസ്സുകളിലേക്ക് വര്‍ഷാവര്‍ഷം മണ്ണിനടിയില്‍നിന്നും മഹാബലി തിരിച്ചുവരുന്നു. 

ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം കൂടുകയും മണ്ണിനുവേണ്ടിയുള്ള കുരുതികള്‍ പതിവാകുകയും ചെയ്ത റിയല്‍ എസ്‌റ്റേറ്റ് കാലത്ത്, ഈ കഥയ്ക്ക് പാഠഭേദങ്ങള്‍ ഏറെ സാധ്യമാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തലുകള്‍ക്ക് ഇരയാവുന്ന അവര്‍ണരെ, മണ്ണിനുവേണ്ടി വീണ്ടും വീണ്ടും ചവിട്ടിത്താഴ്ത്താന്‍ അഭിനവ വാമനന്‍മാര്‍ പുളഞ്ഞുനടക്കുന്ന നവകേരളത്തില്‍ അത്തരമൊരനുഭവം അത്ര സാധാരണം, സുസാധ്യം. ആ സാധാരണത്വത്തില്‍നിന്നാണ്, 'മാംഗോസ്റ്റീന്‍ ക്ലബ്' തയ്യാറാക്കിയ 'മാവേലിപ്പാട്ട്' എന്ന വ്യത്യസ്തമായ സംഗീത വീഡിയോയുടെ പിറവി. 

 

 

ചുരുക്കിപ്പറഞ്ഞാല്‍, ഇതൊരു പെണ്‍കുട്ടിയുടെ കാഴ്ച. ആ കാഴ്ചയില്‍ മാവേലിക്കഥ പറഞ്ഞു കൊടുക്കുന്ന അപ്പൂപ്പന്‍. അവരിരിക്കുന്ന ഇത്തിരി മണ്ണിലെ വീട്. ആ വീടിനും മണ്ണിനും നേര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് കൊതിയുമായെത്തുന്ന തമ്പ്രാക്കന്‍മാര്‍. വ്യാജരേഖകളുണ്ടാക്കി അവരെ കുടിയൊഴിപ്പിക്കാനുള്ള ശ്രമം. കീഴാള രാഷ്ട്രീയത്തിന്റെ നേരും നെറിയുമായി അത് ചോദ്യം ചെയ്യാനെത്തുന്ന വക്കീല്‍ മണിയെന്ന ചെറുപ്പക്കാരന്‍. അയാളെ ഇല്ലാതാക്കുന്നതിലൂടെ മണ്ണിന്റെയും മനുഷ്യരുടെയും മേല്‍ ആധിപത്യം പുലര്‍ത്താമെന്ന എക്കാലത്തെയും അധിനിവേശ തന്ത്രം. അനായാസേന ഒരു അരുംകൊല. എന്നിട്ടും, കീഴാള പ്രതിരോധത്തിന്റെ ചൂടുംചൂരുമായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന രക്തസാക്ഷി. ആദ്യം പറഞ്ഞ ആ കുട്ടിയുടെ കാഴ്ചയിലേക്ക് തിരിച്ചുപോയാല്‍, മാവേലിയായി, ചവിട്ടിത്താഴ്ത്തിയാലും ഉയിര്‍ക്കുന്ന വിമോചന പ്രതീക്ഷയായി അയാളുടെ ഉയിര്‍പ്പ്. മാവേലിക്കഥയെന്ന മിത്തിനെയും സമകാലീന യാഥാര്‍ത്ഥ്യത്തെയും ബന്ധിപ്പിക്കുന്ന സമാന്തരപാതയാവുന്നു, ഇവിടെ ആഖ്യാനം. ഇരുകാലങ്ങളെയും ഇരു യുഗങ്ങളിലെയും മനുഷ്യരെ ഒരേ വരിയില്‍ നിലനിര്‍ത്താനുള്ള പാലമാവുന്നു, ഇവിടെ മാവേലിപ്പാട്ട്. 

'തെക്കു തെക്കെങ്ങാണ്ടൊരു മാവ് പൂക്കണ 
കഥകള്‍ കേട്ടെന്റെ കൊച്ചു പെണ്‍കൊച്ചു 
വെശന്ന് നിലവിളിച്ചൊരിരുണ്ട കാലത്ത്
കരള് നീറി പുകഞ്ഞൊരെന്നെ കാത്തോനാടാ
കരയിലെ തീണ്ടാ മുള്‍ വേലികള്‍ 
തകര്‍ത്തെറിഞ്ഞവനാടാ''

എന്നിങ്ങനെ പുതിയ മാവേലിയെ ഈ പാട്ട് അവതരിപ്പിക്കുന്നു. കസവു മുണ്ടിട്ട്, സവര്‍ണതയുടെ കുലചിഹ്‌നങ്ങള്‍ അബോധത്തില്‍ വഹിച്ച് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന പുതു കാലത്തെ മാവേലിമാര്‍ വാമനാവതാരം പോലെ മറ്റൊന്ന് മാത്രമാണെന്നും ഈ പാട്ട് പാടിവെക്കുന്നു. മണ്ണിന്റെ മണമുള്ള, സവര്‍ണാധികാര രൂപങ്ങള്‍ക്ക് അലോസരമാവുന്ന അസുരപക്ഷത്തെ മാവേലിയിലേക്ക് ഈ പാട്ട് ഫോക്കസ് ചെയ്യുന്നു. 

'വെളു വെളുത്തിട്ടല്ല
വിളങ്ങുമാടകള്‍ ഇല്ലാ
കറു കറെ കരി മുകില് പോലെ കറുത്തിരുന്നവനാടാ,
വെളുത്ത ദൈവങ്ങള്‍ വെറി പിടിച്ചിട്ട് 
ചവിട്ടി താഴ്ത്തിയോന്‍ മാവേലി
ചവിട്ടി താന്നിട്ടും ഉറ്റവര്‍ തന്‍ നെഞ്ചില്‍ 
ഉയിര്‍ത്തു പൊങ്ങുന്നോന്‍ മാവേലി'

എന്നിങ്ങനെ പാട്ട്, അതിന്റെ രാഷ്ട്രീയം വിളംബരം ചെയ്യുന്നു. ഒരേ സമയം രണ്ടു കാലങ്ങളെ സമാന്തരമായി വായിക്കുക മാത്രമല്ല, കീഴാള ദൈവങ്ങളെ ഒറ്റുകൊടുക്കുന്ന സമകാല രാഷ്ട്രീയത്തെ വിചാരണ ചെയ്യുകയും ചെയ്യുന്നു, ഈ പാട്ട്. 

 

Mavelippattu a Music Video on onam with a different perspective

 

പ്രമുഖ നടന്‍ മണികണ്ഠന്‍ ആചാരിയാണ് മാവേലിയായി ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന മണി എന്ന അഭിഭാഷകനെ അവതരിപ്പിക്കുന്നത്. ദൃശ്യമാധ്യമ രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഫേവര്‍ ഫ്രാന്‍സിസ് മുതലാളിയായി എത്തുന്നു. അപ്പൂപ്പപ്പനായി ചൂട്ട് മോഹനനും പെണ്‍കുട്ടിയായി ദേവനന്ദനും സുരേന്ദ്രനറോയ് ടി കോനിക്കരയും ശ്രദ്ധേയമായ അഭിനയം കാഴ്ചവെക്കുന്നു. 

വിഷ്ണു വിലാസിനി വിജയനാണ് ഈ സംഗീത വീഡിയോയുടെ സംവിധായകന്‍. സബര്‍മതി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജയ് ഗോപാലാണ് ഇത് നിര്‍മിച്ചത്. പാട്ടിന്റെ വരികള്‍ എഴുതിയത് അജയ് ജിഷ്ണു സുധേയന്‍, അന്‍സിഫ് അബു എന്നിവര്‍. സംഗീതം ഹരിപ്രസാദ് എസ് ആര്‍. ആലാപനം: അജയ് ജിഷ്ണു സുധേയന്‍, ഹരിപ്രസാദ് എസ് ആര്‍. ഛായാഗ്രഹണം: സച്ചിന്‍ രവി. എഡിറ്റര്‍: പ്രത്യുഷ് ചന്ദ്രന്‍. 


 

Latest Videos
Follow Us:
Download App:
  • android
  • ios