റൈറ്റ്സ് വിറ്റത് 3 കോടിക്ക്; 'മാര്‍ക്കോ' തെലുങ്ക് മൊഴിമാറ്റ പതിപ്പ് റിലീസ് പ്രഖ്യാപിച്ചു
ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ്
മലയാള സിനിമയില്‍ സമീപകാലത്തെ വലിയ വിജയങ്ങളിലൊന്നാണ് ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഈ മാസം 20 നാണ് തിയറ്ററുകളില്‍ എത്തിയത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തിയ സിനിമ പ്രേക്ഷകരെ, വിശേഷിച്ചും യുവപ്രേക്ഷകരെ ആദ്യ ദിനങ്ങളില്‍ത്തന്നെ കാര്യമായി തിയറ്ററുകളില്‍ എത്തിച്ചു. മലയാളം പതിപ്പിനൊപ്പം ഉത്തരേന്ത്യയില്‍ 20 ന് ഹിന്ദി പതിപ്പും റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇതിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ മറ്റൊരു ഭാഷയിലും ചിത്രം റിലീസിന് ഒരുങ്ങുകയാണ്.
ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പാണ് റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് മൊഴിമാറ്റ പതിപ്പിന്‍റെ വിതരണാവകാശം 3 കോടി രൂപയ്ക്കാണ് വിറ്റുപോയത്. ഇതിനൊപ്പം ചിത്രം തിയറ്ററുകളിലെത്തുമ്പോള്‍ വരുമാനത്തിന്‍റെ ഷെയറും നിര്‍മ്മാതാവിന് ലഭിക്കും. ജനുവരി 1 നാണ് തെലുങ്ക് പതിപ്പിന്‍റെ റിലീസ്. ഉണ്ണി മുകുന്ദന്‍റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ചിത്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് റിലീസ് ദിനത്തില്‍ 10.8 കോടിയാണ് ചിത്രം നേടിയത്.
ആക്ഷന് വലിയ പ്രാധാന്യമുള്ള സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിംഗ്‍സണ്‍ ആണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിംഗ്‍സണ്‍ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിംഗ്‍സണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിൻറെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്‌സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : ജോജുവിനൊപ്പം സുരാജ്, അലന്‍സിയര്‍; 'നാരായണീന്‍റെ മൂന്നാണ്മക്കള്‍' ടീസര്‍