'മാര്‍ക്കോ'യുടെ മ്യൂസിക് റൈറ്റ്സ് വില്‍പ്പനയായി; സ്വന്തമാക്കിയത് സോണി മ്യൂസിക്

ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം

marco movie music rights bagged by sony music

മലയാളത്തിലെ ഏറ്റവും വയലന്‍റ് ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന 'മാർക്കോ'യുടെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്കിന്. രക്തം പടര്‍ന്ന തലയോട്ടിയുടെയും ഹെഡ്ഫോണിന്‍റെയും ചിത്രമുള്ള പോസ്റ്ററുമായാണ് പുതിയ അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. എല്ലാ അർത്ഥത്തിലും വയലൻസിന്‍റെ അങ്ങേയറ്റമാണെന്ന് അടിവരയിട്ടുകൊണ്ട് പുറത്തിറങ്ങിയ 'മാർക്കോ' ടീസറിന് പിന്നാലെ എത്തിയിരിക്കുന്ന ഈ അപ്ഡേറ്റ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ‘കെ.ജി.എഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷത കൊണ്ടുതന്നെ മാർക്കോയിലെ മ്യൂസിക്കും ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നുണ്ട്.  

മോളിവുഡിൽ യുവ താരങ്ങളിൽ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനെ നായകനാക്കി ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന 'മാർക്കോ'യുടെ ടീസർ സോഷ്യൽമീഡിയയിൽ വലിയ ശ്രദ്ധ നേടിയിരുന്നു. മലയാളം, ഹിന്ദി ടീസറുകള്‍ ഏവരും ഏറ്റെടുത്തതിന് പിന്നാലെ കഴിഞ്ഞ ദിവസം തെലുങ്ക് ടീസറും പുറത്തുവിട്ടിരുന്നു. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. 

ഇതുവരെ കാണാത്ത വേഷപ്പകർച്ചയിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ടീസറിലുള്ളത്. നടൻ ജഗദീഷിന്‍റേയും അസാധ്യമായ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ടാകുമെന്നും സൂചന ടീസറിൽ നിന്ന് മനസ്സിലാക്കാനാകുന്നുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും ടീസറിൽ ഉൾച്ചേർത്തിട്ടുണ്ട്. ചിത്രം ക്രിസ്മസ് റിലീസായാണ് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്നത്. 

ചിത്രം വിതരണത്തിനെത്തിക്കുന്നതും ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് തന്നെയാണ്. നിർമ്മിക്കുന്ന ആദ്യ സിനിമ തന്നെ വിതരണത്തിനെത്തിക്കുന്ന മലയാളത്തിലെ ആദ്യത്തെ നി‍ർമ്മാണ കമ്പനി കൂടിയായി മാറിയിരിക്കുകയാണ് ഇതോടെ ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ്. സിനിമയുടേതായി പുറത്തിറങ്ങിയിരിക്കുന്ന പോസ്റ്ററുകളും മേക്കിങ് വീഡിയോകളുമൊക്കെ സിനിമയ്ക്കായുള്ള ആകാംക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. 

മലയാളം ഇതുവരെ കാണാത്ത വയലൻസ് രംഗങ്ങളും ഹെവി മാസ് ആക്ഷനുമായി 'മാർക്കോ' 5  ഭാഷകളിലാണ് റിലീസിനായി ഒരുങ്ങുന്നത്. ആക്ഷന് വലിയ പ്രാധാന്യം നല്‍കി സംവിധായകൻ ഹനീഫ് അദേനി ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ്‌ ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്. 

ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായികാ കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലൻസ് ചിത്രം എന്ന ലേബലോടെ എത്തുന്ന ചിത്രം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ്. 'മിഖായേൽ' സിനിമയുടെ സ്പിൻ ഓഫായെത്തുന്ന 'മാർക്കോ'യുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ്-പ്രൊഡക്ഷൻ സ്റ്റേജിലാണ്. 

ഛായാഗ്രഹണം: ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം: ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ: സപ്ത റെക്കോർഡ്സ്, ഓഡിയോഗ്രഫി: രാജകൃഷ്ണൻ എം ആർ, കലാസംവിധാനം: സുനിൽ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യും&ഡിസൈൻ: ധന്യാ ബാലകൃഷ്ണൻ, പ്രൊഡക്ഷൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: സ്യമന്തക് പ്രദീപ്, സഹ നിർമ്മാതാവ്: അബ്ദുൾ ഗദാഫ്, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്സ്ക്യൂറ എന്‍റർടെയ്ൻമെന്‍റ്, പിആർഒ: ആതിര ദിൽജിത്ത്.

ALSO READ : രഞ്ജിന്‍ രാജിന്‍റെ സംഗീതം; 'ആനന്ദ് ശ്രീബാല'യിലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios