വേറിട്ട ചിത്രമാവാന്‍ 'മാര്‍ക്കോ'; ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തില്‍ സെക്കന്‍ഡ് ലുക്ക്

കലൈ കിംഗ്‍സണ്‍ ആണ് ആക്ഷൻ ഡയറക്ടര്‍

marco malayalam movie second look poster unni mukundan haneef adeni

കൊച്ചി: ക്യൂബ്സ് എന്റർടെയ്ന്‍‍മെന്‍റ്സ് നിര്‍മ്മാണത്തില്‍ ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർക്കോ എന്ന ചിത്രത്തിന്‍റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തി. ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തിലാണ് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വയലന്‍റ് ആയ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്ററിലും ആ വയലന്‍സ് കാണാനാവും. ക്യൂബ്സ് എന്റർടെയ്ന്‍‍മെന്‍റ്സ്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ ഷെരീഫ് മുഹമ്മദ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ക്യൂബ്സ് എന്റർടെയ്ന്‍‍മെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ ചിത്രം. 

പ്രമുഖ ആക്ഷൻ കൊറിയോഗ്രാഫർ കലൈ കിംഗ്സൺ ആക്ഷൻ ഡയറക്ടറായ ചിത്രം 30 കോടി ബജറ്റില്‍ ഫുൾ പാക്കഡ്‌ ആക്ഷൻ ത്രില്ലറായാണ് ഒരുങ്ങുന്നത്. ഇതിനെല്ലാം പുറമെ കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമ എന്ന സവിശേഷതയും ചിത്രത്തിനുണ്ട്. മാർക്കോയുടെ നിർമ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസർ എന്ന പദവിയാണ് ഷെരീഫ് ഇതിനോടകം സ്വന്തമാക്കിരിക്കുന്നത്. നൂറ് ദിവസത്തോളമുള്ള ചിത്രീകരണം പൂർത്തിയായ ചിത്രമിപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. 

"മലയാളത്തിൽ ഇത്തരത്തിലൊരു ആക്ഷൻ ചിത്രം ഇതാദ്യമായിട്ട് ആയിരിക്കും. നിങ്ങളിൽ വിറയൽ ഉണ്ടാക്കാവുന്ന തരത്തിൽ വയലൻസ് ഉള്ള രംഗങ്ങളാണ് ചിത്രത്തിലുള്ളത്. റിലീസിന് മുൻപ് സിനിമകളെക്കുറിച്ച് സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ഈ വാക്കുകൾ ​ഗൗരവത്തിൽ എടുക്കണം. ഒരു രക്തച്ചൊരിച്ചിൽ തന്നെയാവും നിങ്ങൾ സ്ക്രീനിൽ കാണാൻ പോവുന്നത്," എന്നാണ് ചിത്രത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. 

 

സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിംഗ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, മാത്യു വർഗീസ്, അർജുൻ നന്ദകുമാർ, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകർ, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീർ, ജിയാ ഇറാനി, സനീഷ് നമ്പ്യാർ, ഷാജി ഷാഹിദ്, ഇഷാൻ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുർവാ താക്കർ, സജിത ശ്രീജിത്ത്, പ്രവദ മേനോൻ, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായർ, ബിന്ദു സജീവ്, ചിത്ര പ്രസാദ്  തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഛായാഗ്രഹണം ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം ഷമീർ മുഹമ്മദ്, കലാസംവിധാനം സുനിൽ ദാസ്, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം ഡിസൈൻ ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സ്യമന്തക് പ്രദീപ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ബിനു മണമ്പൂർ, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ കുമാർ, മ്യൂസിക് ടീം വിനായക് ശശികുമാർ, ഡാബ്സീ, ജിതിൻ രാജ്, സ്പോട്ട് എഡിറ്റർ ഷിജിത് പി നായർ, വിഎഫ്എക്സ് 3 ഡോർസ്, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ.

ALSO READ : റൊമാന്‍റിക് ഗാനവുമായി 'കൂണ്‍'; ആലാപനം ഗൗരി ലക്ഷ്‍മി, യാസിന്‍ നിസാര്‍: വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios