നിര്‍മ്മാണം ടൊവിനോ, ബേസില്‍ നായകന്‍; 'മരണമാസ്' ആരംഭിച്ചു
മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി വകുപ്പിൻ്റെ ഓഫീസിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്
നടൻ ടൊവിനോ തോമസ് നിർമ്മിക്കുന്ന മരണമാസ് സിനിമയുടെ ചിത്രീകരണം ശനിയാഴ്ച്ച മട്ടാഞ്ചേരിയിൽ
ആരംഭിച്ചു. നവാഗതനായ ശിവപ്രസാദാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മട്ടാഞ്ചേരി ബസാർ റോഡിലെ നികുതി വകുപ്പിൻ്റെ ഓഫീസിലായിരുന്നു ചിത്രീകരണത്തിനു തുടക്കമിട്ടത്. ഒരു സർക്കാർ ഓഫീസ് ആയിട്ടു തന്നെയായിരുന്നു ചിത്രീകരണം. രാജേഷ് മാധവനും ഏതാനും ജൂനിയർ കലാകാരന്മാരും പങ്കെടുക്കുന്ന ഒരു രംഗമാണ് ആദ്യം ചിത്രീകരിച്ചത്.
ബേസിൽ ജോസഫ്, അരുൺ കുമാർ അരവിന്ദ്, ജിസ് ജോയ് എന്നിവർക്കൊപ്പം പ്രവർത്തിക്കുകയും, പിന്നീട് .ആഡ് ഫിലിമുകൾ ഒരുക്കുകയും ചെയ്തു കൊണ്ടാണ് ശിവപ്രസാദിൻ്റെ മെയിൻ സ്ട്രീം സിനിമയിലേക്കുള്ള രംഗപ്രവേശം.
ടൊവിനോ തോമസ് പ്രൊഡക്ഷൻസ് ഇൻ അസ്സോസിയേഷൻ വിത്ത് വേൾഡ് വൈഡ് ഫിലിംസിൻ്റെ ബാനറിൽ ടിങ്സ്റ്റൺ തോമസ്, ടൊവിനോ തോമസ്, തൻസീർ സലാം, റാഫേൽ പൊഴാലിപ്പറമ്പിൽ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ഗോകുൽനാഥ് ജി. പൂർണ്ണമായും,ഡാർക്ക് ഹ്യൂമർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം. ബേസിൽ ജോസഫാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം ഏഴ് മുതൽ ബേസിൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. പുതുമുഖം അനിഷ്മ അനിൽകുമാറാണ് നായിക. ബാബു ആൻ്റണി, സുരേഷ് കൃഷ്ണ, സിജു സണ്ണി, പുലിയാനം പൗലോസ് എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സിജു സണ്ണിയുടെ കഥയ്ക്ക് സിജു സണ്ണിയും ശിവപ്രസാദും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു. വരികൾ മുഹ്‍സിന്‍ പരാരി, സംഗീതം ജയ് ഉണ്ണിത്താൻ, ഛായാഗ്രഹണം നീരജ് രവി, എഡിറ്റിംഗ് ചമന്‍ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, മേക്കപ്പ് ആർ ജി വയനാടൻ, കോസ്റ്റ്യൂം ഡിസൈൻ മഷർ ഹംസ, നിശ്ചല ഛായാഗ്രഹണം ഹരികൃഷ്ണൻ, ചീഫ് അസ്സോസ്സിസിയേറ്റ് ഡയറക്ടേർസ് ഉമേഷ് രാധാകൃഷ്ണൻ, ബിനു നാരായൺ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ മാനേജർ രാഹുൽ രാജാജി, പ്രൊഡക്ഷൻ കൺട്രോളർ എൽദോ സെൽവരാജ്. കൊച്ചിയിലും പരിസരങ്ങളിലുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ഒ വാഴൂർ ജോസ്.