ഓറിയോ ബിസ്ക്കറ്റ് ഉപയോഗിച്ച് 'മഞ്ഞുമ്മല്‍ ബോയ്സില്‍' തീര്‍ന്ന വിസ്മയം വെളിപ്പെടുത്തി സംവിധായകന്‍
മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് സുഭാഷിന്‍റെ ദേഹത്തുണ്ടാകേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല
കൊച്ചി: മലയാളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. ഒടുവില്‍ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ഹോട്ട് സ്റ്റാറിലാണ് ചിത്രം എത്തിയത്. ചിത്രം ഒടിടിയില്‍ വന്നതിന് പിന്നാലെ ദേശീയ വ്യാപകമായി തന്നെ ചിത്രം ഏറ്റെടുക്കപ്പെട്ടിട്ടുണ്ട്.
ചിത്രത്തിലെ സംവിധാനത്തിനൊപ്പം തന്നെ ചിത്രത്തിലെ പ്രൊഡക്ഷന്‍ ഡിസൈനും, മേയ്ക്കപ്പും മറ്റും ചര്‍ച്ചയായിരുന്നു. ഇതില്‍ പ്രധാനപ്പെട്ട ഒരു സംഗതി. ഗുണ ഗുഹയില്‍ വീണുപോകുന്ന ശ്രീനാഥ് ഭാസി അഭിനയിക്കുന്ന സുഭാഷിന്‍റെ മേയ്ക്കപ്പാണ്. പ്രോസ്തെറ്റിക് മേയ്ക്കപ്പ് എന്ന് വിചാരിച്ചത് അതല്ലെന്നാണ് ഇപ്പോള്‍ സംവിധായകന്‍ വെളിപ്പെടുത്തുന്നത്.
മഴ പെയ്തതിനു ശേഷമുള്ള ചെളിയാണ് സുഭാഷിന്‍റെ ദേഹത്തുണ്ടാകേണ്ടത്. ക്ലൈമാക്സിൽ ഭാസിക്കു ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പ് അല്ല അത് ഓറിയോ ബിസ്ക്കറ്റ് ആണ്. ഇതൊരു മേക്കപ്പ് ടെക്നിക്ക് ആണ്. ചെളിയും അങ്ങനെയുള്ള മുറിവുകളൊക്കെ കാണിക്കുന്നതിനുള്ള ചില പൊടിക്കൈകൾ. റോണെക്സ് സേവ്യർ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. അതിനു നന്ദി പറയേണ്ടത് റോണക്സിനോടാണ്.
റോണക്സ് വളരെ സീനിയർ ആയ മേക്കപ്പ്മാൻ ആണ്. ബിസ്ക്കറ്റ് ദേഹത്ത് തേച്ചതിനാല്‍ ഭാസിയെ ഉറുമ്പ് ഇടയ്ക്ക് കടിക്കുമായിരുന്നു. ഭാസിയുടെ ഗെറ്റപ്പ് കണ്ട് സൗബിൻ പോലും യഥാർഥത്തിൽ ഞെട്ടിപ്പോയിരുന്നു എന്ന് ചിദംബരം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
ഈ വർഷം ഫെബ്രുവരി 22 ന് ബിഗ് സ്‌ക്രീനുകളിൽ എത്തിയ മഞ്ഞുമ്മല്‍ ബോയ്സ് തിയേറ്ററുകളിൽ വൻ വിജയം നേടി. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച് ലോകമെമ്പാടുമായി 240.59 കോടി രൂപ നേടി. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ ചിത്രമാണ് ഇത്. ചിദംബരം സംവിധാനം ചെയ്ത ചിത്രം സൗബിന്‍ ഷാഹിര്‍ പറവ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മിച്ചത്.