'ബിഗ് ബോസിനു മുന്‍പേ ഷൂട്ട് തീര്‍ത്ത സിനിമ'; 'നവരസ'യിലെ കഥാപാത്രത്തെക്കുറിച്ച് മണിക്കുട്ടന്‍

മണിക്കുട്ടന്‍റെ കഥാപാത്രം പ്രിയദര്‍ശന്‍റെ 'സമ്മര്‍ ഓഫ് 92'വില്‍

manikuttan about his character in netflix anthology navarasa

ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികള്‍ക്കിടയില്‍ മൊത്തത്തില്‍ കാത്തിരിപ്പുയര്‍ത്തിയ തമിഴ് ആന്തോളജി ചിത്രമാണ് 'നവരസ'. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കി പൂര്‍ത്തിയാക്കിയിരിക്കുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്നാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെ എത്തുന്ന ചിത്രത്തിന്‍റെ ഡേറ്റ് അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഇന്നലെ പുറത്തെത്തിയിരുന്നു. സൂര്യ, വിജയ് സേതുപതി, പ്രകാശ് രാജ്, രമ്യ നമ്പീശന്‍, യോഗി ബാബു, അരവിന്ദ് സ്വാമി, പാര്‍വ്വതി, സിദ്ധാര്‍ഥ് തുടങ്ങി വലിയ താരനിരയും പ്രിയദര്‍ശനും ഗൗതം മേനോനും അടങ്ങിയ സംവിധായക നിരയുമുള്ള ചിത്രത്തിന്‍റെ ടീസറിനു താഴെ മലയാളത്തിലുള്ള കമന്‍റുകള്‍ ഏറെയും എത്തിയത് പക്ഷേ മറ്റൊരു താരത്തെ അന്വേഷിച്ചായിരുന്നു. ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം കൂടിയായ മണിക്കുട്ടനെക്കുറിച്ചായിരുന്നു നിരവധി കമന്‍റുകള്‍. 'നവരസ'യിലെ ഒന്‍പത് ചിത്രങ്ങളിലൊന്നില്‍ മണിയും അഭിനയിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്‍തിരിക്കുന്ന 'സമ്മര്‍ ഓഫ് 92' എന്ന ലഘുചിത്രത്തിലാണ് മണിക്കുട്ടന്‍ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബിഗ് ബോസിലേക്ക് പോകുംമുന്‍പേ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്ന ചിത്രമാണ് ഇതെന്ന് മണിക്കുട്ടന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.

manikuttan about his character in netflix anthology navarasa

 

"ഈ വര്‍ഷം ജനുവരി ഒന്ന് മുതല്‍ 9 വരെയായിരുന്നു ഷൂട്ടിംഗ്. തെങ്കാശി ആയിരുന്നു ലൊക്കേഷന്‍. യോഗി ബാബു സാര്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ആ കഥാപാത്രത്തിന്‍റെ കുട്ടിക്കാലം പറയുന്ന ഒരു ഭാഗമുണ്ട്, എണ്‍പതുകള്‍ പശ്ചാത്തലമാക്കിയുള്ളത്. അതിലാണ് രമ്യ നമ്പീശനും നെടുമുടി വേണു സാറിനുമൊപ്പം ഞാനും അഭിനയിച്ചിരിക്കുന്നത്. 'നവരസ'ങ്ങളിലെ വിവിധ രസങ്ങള്‍ ആവിഷ്‍കരിക്കുന്ന ഒന്‍പത് ചിത്രങ്ങളില്‍ ഹാസ്യരസപ്രദാനമാണ് പ്രിയന്‍ സാറിന്‍റെ സിനിമ", മണിക്കുട്ടന്‍ പറയുന്നു.

ഇത് മണിക്കുട്ടന്‍ അഭിനയിക്കുന്ന നാലാമത്തെ പ്രിയദര്‍ശന്‍ ചിത്രമാണ്. ഒപ്പം, നിമിര്‍ (മഹേഷിന്‍റെ പ്രതികാരം തമിഴ് റീമേക്ക്), മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം എന്നിവയാണ് മറ്റു ചിത്രങ്ങള്‍. "പ്രിയന്‍ സാര്‍ തന്നെയാണ് വിളിച്ച് ഈ പ്രോജക്റ്റിന്‍റെ കാര്യം പറഞ്ഞത്. തമിഴ് സിനിമയിലെ സാങ്കേതികവിഭാഗങ്ങളില്‍ കൊവിഡ് കാലത്ത് സാമ്പത്തികപ്രയാസം അനുഭവിക്കുന്നവരെ സഹായിക്കാനായി മണി രത്നവും നെറ്റ്ഫ്ളിക്സും ചേര്‍ച്ച് ചെയ്യുന്ന സിനിമയാണിത്. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും ഈ പ്രോജക്റ്റുമായി സഹകരിച്ചിരിക്കുന്നത്. സിനിമയില്‍ നിന്നു ലഭിക്കുന്ന വരുമാനം ഇവരിലേക്ക് പോകും", മണിക്കുട്ടന്‍ പറയുന്നു.

ടീസര്‍ വീഡിയോയ്ക്കുതാഴെ തന്നെ അന്വേഷിച്ചുകൊണ്ടുള്ള ആരാധകരുടെ കമന്‍റുകള്‍ ശ്രദ്ധിച്ചിരുന്നെന്നും മണിക്കുട്ടന്‍ പറയുന്നു. "കമന്‍റ്സ് കണ്ടിരുന്നു. വലിയ താരനിരയും വലിയ ക്രൂവും ഒക്കെയുള്ള സിനിമയല്ലേ. ഈ പ്രോജക്റ്റിന്‍റെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ തന്നെ വലിയ സന്തോഷം. ഇതുകൊണ്ട് തീരുന്നില്ലല്ലോ. ഇനിയും സിനിമകളൊക്കെ ചെയ്യേണ്ടതല്ലേ..", മണിക്കുട്ടന്‍ പറയുന്നു. അതേസമയം ബിഗ് ബോസില്‍ നിന്ന് തിരിച്ചെത്തിയതിനു ശേഷം പുതിയ പ്രോജക്റ്റുകളിലേക്കൊന്നും ക്ഷണം വന്നിട്ടില്ലെന്നും മണി പറയുന്നു. "അത്തരം അന്വേഷണങ്ങളൊന്നും വന്നിട്ടില്ല. പുതിയ സിനിമകള്‍ ഒന്നും കമ്മിറ്റ് ചെയ്‍തിട്ടില്ല. കൊവിഡ് പശ്ചാത്തലത്തില്‍ എത്രയോ സിനിമകള്‍ റിലീസ് കാത്തിരിക്കുന്നു. മലയാളത്തെ സംബന്ധിച്ച് ഒടിടി പ്ലാറ്റ്ഫോമുകളും അത്രത്തോളം ലൈവ് ആയിട്ടില്ലല്ലോ", മണിക്കുട്ടന്‍ പറഞ്ഞവസാനിപ്പിക്കുന്നു.

പ്രിയദര്‍ശന്‍റെ 'സമ്മര്‍ ഓഫ് 92' കൂടാതെ ഗൗതം വസുദേവ് മേനോന്‍റെ 'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്' (സൂര്യ, പ്രയാഗ മാര്‍ട്ടിന്‍), സര്‍ജുന്‍റെ 'തുനിന്ത പിന്‍' (അഥര്‍വ്വ, അഞ്ജലി, കിഷോര്‍), അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'രൗദ്രം' (റിത്വിക, രമേഷ് തിലക്), ബിജോയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍), കാര്‍ത്തിക് നരേന്‍റെ 'പ്രൊജക്റ്റ് അഗ്നി' (അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ്ണ), രതീന്ദ്രന്‍ പ്രസാദിന്‍റെ 'ഇന്‍മൈ' (സിദ്ധാര്‍ഥ്, പാര്‍വ്വതി), കാര്‍ത്തിക് സുബ്ബരാജിന്‍റെ 'പീസ്' (ഗൗതം വസുദേവ് മേനോന്‍, ബോബി സിംഹ, സനന്ദ്), വസന്തിന്‍റെ 'പായസം' (ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍) എന്നിവയാണ് 'നവരസ' ആന്തോളജിയിലെ മറ്റു ചിത്രങ്ങള്‍.

manikuttan about his character in netflix anthology navarasa

 

അതേസമയം ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി ആവാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മത്സരാര്‍ഥി കൂടിയാണ് മണിക്കുട്ടന്‍. തമിഴ്നാട്ടിലെ ലോക്ക് ഡൗണ്‍ സാഹചര്യത്തെ തുടര്‍ന്ന് ജനപ്രീതി നേടി തുടര്‍ന്നിരുന്ന ഷോ 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവരികയായിരുന്നു. മണിക്കുട്ടനടക്കം എട്ട് മത്സരാര്‍ഥികളായിണ് ഈ സമയത്ത് ഷോയില്‍ ഉണ്ടായിരുന്നത്. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ നിന്ന് ടൈറ്റില്‍ വിജയിയെ കണ്ടെത്താനായി ഏഷ്യാനെറ്റ് വോട്ടിംഗും നടത്തിയിരുന്നു. കൊവിഡ് സാഹചര്യത്തില്‍ മാറ്റംവന്നതിനു ശേഷം ഗ്രാന്‍ഡ് ഫിനാലെ നടത്തിയാവും വിജയിയെ പ്രഖ്യാപിക്കുക.

Latest Videos
Follow Us:
Download App:
  • android
  • ios