'രണ്ട് സെക്കന്‍ഡ് പോലും എടുത്തില്ല ആ മറുപടിക്ക്'; മമ്മൂട്ടിയെ സമീപിച്ചതിനെക്കുറിച്ച് മണി രത്നം
രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് എത്തുക
സംവിധായകന്‍ എന്ന നിലയില്‍ തന്‍റെ വ്യക്തിമുദ്ര പതിപ്പിച്ച നിരവധി ചിത്രങ്ങളാല്‍ ഇന്ത്യയൊട്ടാകെ ആരാധകരുള്ള സംവിധായകനാണ് മണി രത്നം. മണി രത്നം തന്‍റെ സ്വപ്നചിത്രമെന്ന് വിശേഷിപ്പിച്ചു എന്നതാണ് പൊന്നിയിന്‍ സെല്‍വന്‍റെ പ്രധാന യുഎസ്പി. വന്‍ കാന്‍വാസില്‍ ഒരുങ്ങിയ പിരീഡ് ആക്ഷന്‍ ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ് സെപ്റ്റംബര്‍ 30 ന് ആണ്. രാജ്യത്തെ വിവിധ നഗരങ്ങളില്‍ നടത്തുന്ന ലോഞ്ച് ഇവന്‍റുകളുടെ ഭാഗമായി പൊന്നിയിന്‍ സെല്‍വന്‍ ടീം ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ താരങ്ങളും മണി രത്നം ഉള്‍പ്പെടെയുള്ള അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു. രണ്ട് മലയാളി താരങ്ങള്‍ക്കാണ് മണി രത്നം വേദിയില്‍ നന്ദി പറഞ്ഞത്. മമ്മൂട്ടിക്കും പൃഥ്വിരാജിനുമായിരുന്നു അത്.
രണ്ടുപേരും ചിത്രത്തിനുവേണ്ടി ശബ്ദം പകര്‍ന്നിട്ടുണ്ട്. പൃഥ്വിരാജ് ട്രെയ്‍ലറിനു വേണ്ടിയും മമ്മൂട്ടി സിനിമയ്ക്കു വേണ്ടിത്തന്നെയുമാണ് ശബ്ദം പകര്‍ന്നിരിക്കുന്നത്. "പൃഥ്വിരാജിനോടും മമ്മൂട്ടിയോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. പൃഥ്വിരാജ് വളരെ നല്ല സുഹൃത്താണ്. ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്‍തിട്ടുമുണ്ട്. ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ ട്രെയ്‍ലറിനുവേണ്ടി അദ്ദേഹം ശബ്ദം പകര്‍ന്നു. മമ്മൂട്ടി സാറിനോടും എനിക്ക് നന്ദി പറയേണ്ടതുണ്ട്. അദ്ദേഹത്തിന് ഒരുപാട് നന്ദി. ഒരു ദിവസം അദ്ദേഹത്തെ ഫോണില്‍ വിളിച്ചിട്ട് ഞാന്‍ പറഞ്ഞു, എന്‍റെ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ അവതരിപ്പിക്കാന്‍, വോയിസ് ഓവര്‍ നല്‍കാന്‍ എനിക്കൊരു ശബ്ദം വേണമെന്ന്. നിങ്ങള്‍ ചെയ്യുമോ എന്ന് ചോദിച്ചു. രണ്ട് സെക്കന്‍ഡ് പോലും ആവും മുന്‍പേ അദ്ദേഹത്തിന്‍റെ പ്രതികരണം വന്നു. അത് എനിക്ക് അയച്ചുതരൂ, ഞാന്‍ ചെയ്യാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അതിനാല്‍ ഈ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറില്‍ നിന്നാണ്", ആരാധകരുടെ കൈയടികള്‍ക്കിടെ മണി രത്നം പറഞ്ഞു.
ALSO READ : 'ദുല്‍ഖര്‍ ഞെട്ടിച്ചു'; പ്രിവ്യൂ ഷോകളില്‍ വന്‍ അഭിപ്രായം നേടി ബോളിവുഡ് ചിത്രം 'ഛുപ്'
രണ്ട് ഭാഗങ്ങളിലായി പ്രദര്‍ശനത്തിനെത്തുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗമാണ് സെപ്റ്റംബര്‍ 30 ന് എത്തുക. പ്രശസ്ത തമിഴ് സാഹിത്യകാരൻ കൽക്കിയുടെ ഇതേ പേരിലുള്ള വിഖ്യാത നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചോള രാജവംശത്തിലെ പ്രധാന ഭരണാധികാരിയായിരുന്ന അരുൺമൊഴിവരം എന്ന രാജരാജ ചോഴന്റെ കഥ പറയുന്ന ചിത്രത്തില്‍ ജയം രവിയാണ് ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്കരനാണ് പൊന്നിയിന്‍ സെല്‍വന്‍റെ നിര്‍മ്മാണം. 500 കോടിയോളം രൂപയാണ് ചിത്രത്തിന്‍റെ ബജറ്റ്. മണിരത്നത്തിന്റെ പ്രൊഡക്ഷൻ ബാനറായ മദ്രാസ് ടാക്കീസിനും ചിത്രത്തിൽ നിർമ്മാണ പങ്കാളിത്തമുണ്ട്. ഐശ്വര്യ റായ്, പ്രഭു, ശരത് കുമാർ, പ്രകാശ് രാജ്, വിക്രം പ്രഭു തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളത്തിൽ നിന്ന് ജയറാം, ഐശ്വര്യ ലക്ഷ്മി, ലാൽ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. കേരളത്തിലെ പ്രമുഖ നിര്‍മ്മാണ, വിതരണ കമ്പനിയായ ശ്രീ ഗോകുലം മൂവീസിനാണ് പിഎസ് 1 ന്‍റെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ്. കേരളത്തിൽ 250 ഓളം തിയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുക.